സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, പൊന്നാനി

1784

പൊന്നാനി. “മലബാറിന്റെ മക്ക” എന്നറിയപ്പെടുന്ന ദേശം. പൊന്‍ നാണയം ലോപിച്ചാണ് പൊന്നാനിയായത്. മഖ്ദൂമുമാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ പൊന്നാനി ഇസ്ലാമിക വിജ്ഞാനങ്ങളുടെ കലവറയാണ്. ഒട്ടേറെ പണ്ഡിത ശിരോമണികളെ വാര്‍ത്തെടുത്ത ഈ പുണ്യ ദേശത്തിന്റെ സുവര്‍ണ ചരിത്രങ്ങളുടെ നിത്യ സ്മാരകങ്ങളായി പൊന്നാനി വലിയ ജുമുഅത്ത്‌ പള്ളിയും മഖ്ദൂമുമാരുടെ മഖ്ബറയും.

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഹിജ്റ 871 ശഹബാൻ 12 വ്യാഴാഴ്ച്ച (എ.ഡി.1467) പ്രഭാത കൊച്ചിയിലെ കൊച്ചങ്ങാടിയിലെ മഖ്ദൂമിയ ഭവനത്തിൽ ജനിച്ചു. മഹനവർകളുടെ പിതാമഹനായ ശൈഖ് അഹ്മദ് ആണു ആദ്യമായി കൊച്ചിയിലെത്തുന്നത്. മഖ്ദൂമുമാരുടെ പരമ്പര ചെന്നെത്തുന്നത് ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ദീഖ് (റ)ലാണു. ഹിജ്റ ആറാം നൂറ്റാണ്ടിലാണു സൈനുദ്ദീൻ മഖ്ദൂമിന്റെ പിതാമഹർ ദക്ഷിണ യമനിൽ നിന്നും ഇന്ത്യയിലെത്തിയതെന്നാണു വിശ്വസിക്കപ്പെടുന്നത്. മഅബറിൽ നിന്നും കൊച്ചിയിലെത്തിയ ശൈഖ് അഹ്`മദ് അൽ മഅബരിയുടെ പുത്രന്മാരിലൊരാളായ സൈനുദ്ദീൻ ഇബ്രാഹീം അൽ മഅബരിയായിരുന്നു കൊച്ചിയിലെ ഖാസി. പൊന്നനിയിലെ പൗര പ്രമുഖരുടെ ക്ഷണവും നിർബന്ധവും പൊന്നാനിയിലെ ഖാസി സ്ഥാനമേറ്റെടുക്കുകയും പൊന്നാനിയിൽ എത്തുകയും ചെയ്യാൻ ഒരു നിമിത്തമായി. ഈ സംഭവം പൊന്നാനിയുടെ സുവർണ്ണ ചരിത്രത്തിന്റെ തുടക്കം കുറിച്ചു.

പതിനാലാം വയസ്സിലാണു സൈനുദ്ദീൻ മഖ്ദൂം ഉപരി പഠനാർത്ഥം പൊന്നാനിയിൽ എത്തിയത്. പിതാവായ അലിയ്യുൽ മഅബരിയിൽ നിന്നും കൊച്ചിയിൽ വച്ചു തന്നെ പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ചിരുന്നു. പൊന്നാനിയിലും കോഴിക്കോട്ടും മക്കത്തും ഉപരി പഠനം നടത്തിയതിനു ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെത്തി. ഇന്ത്യയില്‍ നിന്നും അസ്ഹറിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും മഹാനവര്‍കളാണ്. അല്‍ അസ്ഹറിന്റെ മാതൃകയില്‍ കേരളത്തില്‍ ഒരു മസ്ജിദ്‌ സ്ഥാപിച്ച് അസ്ഹറിലെ സിലബസ്സും സനദ്‌ ദാനവും അദ്ദേഹം കേരളത്തിനു സമ്മാനിച്ചു. പള്ളി ദര്‍സുകളുടെ ഉപജ്ഞാതാവും മഹാനവര്‍കളാണ്.

ഹിജ്റ 925(എ.ഡി.1519)നാണു വലിയ ജുമുഅത്ത് പള്ളിയുടെ ഉത്ഘാടനം നടന്നത്. 90 അടി നീളവും 60 അടി വീതിയുമുണ്ട് മസ്ജിദിന്റെ ഉൾഭാഗത്തിനു. നിരവധി പ്രഗത്ഭ പണ്ഡിത ശിരോമണികള വാർത്തെടുക്കാൻ ഈ മസ്ജിദിനു സാധിച്ചു. നികുതി നിഷേധ പ്രസ്ത്ഥാനത്തിനു തുടക്കം കുറിച്ച ഉമർ ഖാസി, അനുഗ്രഹീത കവിയും തത്വ ജ്ഞാനിയുമായ കുഞ്ഞായിൻ മുസ്ലിയാർ, 1921 മലബാർ സമര നായകൻ ആലി മുസ്ലിയാർ തുടങ്ങിയവർ അവരിൽ ചിലരാണു.

പോര്‍ച്ചുഗീസുകാരുടെ ക്രൂരതയില്‍ പൊറുതി മുട്ടിയ കേരളീയ ജനതയെ ചെറുത്ത് നില്‍പ്പിന് പ്രാപ്തരാക്കാന്‍ തന്റെ രചനാ പാടവം സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഉപയോഗപ്പെടുത്തി . പോര്‍ച്ചുഗീസുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്നും തുരത്താന്‍ തഹ് രീള് എന്ന പദ്യത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സൈനിക സഹായത്തിനായി ഈജിപ്തിലേക്ക് കത്തയച്ചു. ഈജിപ്തില്‍ നിന്നുമെത്തിയ സൈന്യം പൊന്നാനിയില്‍ നിര്‍മിച്ച മസ്ജിദാണ് മിസ്‌രിപ്പള്ളി എന്നറിയപ്പെടുന്നത്.

കേരളത്തിന്റെ വിജ്ഞാന രംഗത്തിനു അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത ആ മഹാ പണ്ഡിതൻ ഹിജ്റ 928 ശഅബാൻ 16 വെള്ളിയാഴ്ച അർദ്ധ രാത്രിക്കു ശേഷം വഫാത്തായി. മസ്ജിദിന്റെ തെക്ക് കിഴക്ക്‌ ഭാഗത്തുള്ള മതില്‍ക്കെട്ടിനകത്ത് മഖ്ദൂമുമാരുടെ മഖ്ബറ കാണാം.

SHARE