
ഉമര്‍ഖാളി(റ)ന്റെ പ്രവാചക സ്നേഹം മനസ്സിലാക്കാന്‍ ഈ കവിത തന്നെ ധാരാളമാണ്. ഉമര്‍ഖാളി റൗളാ ശരീഫിലേക്ക് പോയ സമയത്ത് റൗളയിലേക്കുള്ള വാതിലുകളെല്ലാം കൊട്ടയടക്കപ്പെട്ടതാണ് കണ്ടത്. മഹാനവര്കള് തിരുദൂതരുടെ സമീപത്ത് ചെല്ലാതെ തിരിച്ചുപോരാന്‍ തയ്യാറായില്ല. അവിടെ വെച്ച് കൊണ്ട് ഉരുവിട്ട മദ്ഹ് വരികളാണ് സ്വല്ലല്‍ ഇലാഹ്. മുത്തുനബിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ അവസാനിക്കുന്ന ഓരോ ബൈതുകളും കൂടെയണ്ടായിരുന്നവരും ഏറ്റുചൊല്ലി. അദ്ഭുതമെന്നു പറയട്ടെ, അടക്കപ്പെട്ട വാതിലുകള്‍ മഹാനവര്‍കള്‍ക്കു മുന്പില് തുറക്കപ്പെട്ടു.
സന്പന്നമായ ഭാവനയില്‍ ലളിതമായ ഭാഷയാണ് മഹാനവര്കള് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു ശ്രോതാവും ആ വരികളില്‍ ലയിച്ചുപോകും. വളരെയധികം ശ്രേഷ്ഠതകള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട മുത്തുനബി ഒരിക്കലും പരുക്കന്‍ സ്വഭാവക്കാരനായിരുന്നില്ല. വളരെ ലോലഹൃദയനും സല്‍സ്വഭാവിയുമായിരുന്നു എന്നു പുകഴ്ത്തിക്കൊണ്ട് പ്രവാചകരെ കൂടുതല്‍ മഹത്വവത്കരിക്കുന്ന സംഭവവികാസങ്ങളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ട് പോകുകയാണ് മഹാനായ കവി. ബഹുദൈവാരാധന കൊണ്ട് വളരെ മോശമായ അന്തരീക്ഷമുള്ള കഅ്ബയെ ഏകദൈവത്വത്തിന്റെ നിറസാന്നിധ്യമുള്ള പരിശുദ്ധമാക്കപ്പെട്ട സ്ഥലാമാക്കി ഉയര്‍ത്താനുള്ള നബിദൂതരുടെ പരിശ്രമങ്ങളെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഉമര്‍ഖാളി(റ). “”പാവപ്പെട്ടവനായ ഉമറിതാ ബഹുമാന്യരായ പ്രവാചകരേ അങ്ങയുടെ സമ്മാനവും പ്രതീക്ഷിച്ച് ഇവിടെ ഈ ഉമ്മറപ്പടിയില്‍ അണപൊട്ടിയൊഴുകുന്ന കണ്ണുകളുമായി വന്നിരിക്കുന്നു….”എന്നു തുടങ്ങുന്ന വരികള്‍ ചൊല്ലിയപ്പോഴാണ് തിരുസഹായം ഉണ്ടായതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. മാത്രവുമല്ല, ഈ വരി അറിയാത്തവര്‍ നന്നേ കുറവായിരിക്കും.
അമ്മല്‍ ബുശ്റാ
തിരുനബിയെ കുറിച്ചുള്ള മറ്റൊരു കാവ്യമാണ് അമ്മല്‍ ബുശ്റാ. തിരുനബിയുടെ ജനനത്തെ സംബന്ധിച്ചും അദ്ഭുതസംഭവങ്ങളെ കുറിച്ചും പറഞ്ഞുതുടങ്ങുന്ന ഈ ഗ്രന്ഥം വ്യത്യസ്തമായ ശൈലിയാണ് കൈകൊണ്ടിരിക്കുന്നത് എന്നതിനാല്‍ വായനക്കാരന് മടുപ്പു തോന്നിക്കുന്നില്ല. പ്രവാചകന് അദ്നാന് ഗോത്രത്തിന്റെ നായകനും ബഹുദൈവ വിശ്വാസത്തിന്റെ അന്തകനുമാണ്. കരുണയുടെ സ്രോതസ്സായ അവിടുന്ന് സമുദായ രക്ഷകനാണ്. ഇരുളിനെ പ്രകാശമാക്കുന്നു, നന്മയുടെ സ്ഥാപകനും തിന്മയുടെ നശിപ്പിക്കുന്നവനുമാണ്. കുറേ പ്രയോഗങ്ങളും ഉപമകളും കവിതയെ മികച്ചതാക്കി മാറ്റുന്നു. അബ്ദുല്‍ ഖാദര്‍ അല്‍ഫള്ഫരിയുടെ ജവാഹിറുല്‍ അശ്ആറില്‍ ഈ കവിത ഉള്‍പെടുത്തിയിട്ടുണ്ട്.
ലാഹല്‍ ഹിലാലു
ഉമര്‍ഖാളി എന്ന മഹാ പണ്ഡിതകേസരി വലിയൊരു അദ്ഭുത ക്രിയയാണ് കാണിച്ചിരിക്കുന്നത്. പുള്ളിയുള്ളതും ഇല്ലാത്തതുമായ അക്ഷരങ്ങള്‍ അറബിയിലുണ്ട്. പുള്ളിയില്ലാത്ത അക്ഷരങ്ങളുപയോഗിച്ചാണ് ഈ കവിത രചിച്ചിരിക്കുന്നത്. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെങ്കിലും വളരെ ലളിതമാണീ കവിത. പ്രവാചകനെ തിളങ്ങുന്ന ചന്ദ്രനോടുപമിക്കുന്ന കവി, എല്ലാവിധ കുലീന സ്വഭാവങ്ങളും സമ്മേളിച്ചിരിക്കുന്ന വലിയൊരു പ്രതിഭയാണ് എന്നും പരിചയെപ്പെടുത്തുന്നു. അബ്ദുല്‍ ഖാദര്‍ അല്‍ഫള്ഫരിയുടെ ജവാഹിറുല്‍ അശ്ആറില്‍ ഈ കവിത ഉള്‍പെടുത്തിയിട്ടുണ്ട്. റസൂല്‍ പ്രപഞ്ചത്തിന്റെ ആത്മാവാണ്. ദൈവത്തിന്റെ അനുഗ്രഹമാണ്, ദൈവത്തോട് നന്ദിയുള്ളവനാണ്. എല്ലാ പ്രവാചകരുടേയും നേതാവുമാണ്..കവി തുടരുന്നു.
നബിയ്യുന്‍ നജിയ്യുന്‍
ഒരു സാങ്കല്പിക കാമുകിയെ സ്മരിക്കുന്ന രൂപത്തിലാണ് ഈ കവിതയുടെ ആരംഭം. ലാഹല്‍ ഹിലാലു പുള്ളിയില്ലാത്ത അക്ഷരങ്ങളുപയോഗിച്ചാണെങ്കില്‍ നബിയ്യുന്‍ നജിയ്യുന്‍ പുള്ളികളുള്ള അക്ഷരങ്ങളുപയോഗിച്ചാണ് രചിച്ചിരിക്കുന്നത്. ജവാഹിറുല്‍ അശ്ആറില്‍ ഉള്ള ഈ കവിത പ്രവാചകരെ ദു:ഖമനുഭവിക്കുന്നവരുടെ പരിഹാരമായും വേദനിക്കുന്നവരുടെ അഭയകേന്ദ്രമായും ചിത്രീകരിക്കുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന വിശിഷ്ട വ്യക്തിയായും മുത്തുനബിയെ പരിചയപ്പെടുത്തുന്നു.
സില്സാല് 1251
1251/1835 ല്‍ പൊന്നാനിയിലുണ്ടായ ഒരു ഭൂമികുലക്കത്തെ സംബന്ധിച്ച് വിവരിക്കുന്ന ഒരു കാവ്യമാണ് സില്സാല്. “”ഭൂമി അതിന്റെ നിവാസികളോടൊപ്പം കിടിലം കൊണ്ടു. ജനങ്ങള്‍ പരിഭ്രാന്തരായി ബഹളം വെച്ചു..”തുടങ്ങി ഭൂമികുലുക്കത്തിന്റെ ഭീകരതയും ജനങ്ങളുടെ ഭയാനകതയും വരികളിലൂടെ മഹാനവര്കള് വിശദീകരിക്കുന്നു. പ്രസിദ്ധീകരിക്കപ്പെടാത്ത ഈ കൃതിയുടെ കോപ്പി ഇന്നും പ്രൊഫ. വി മുഹമ്മദ് സാഹിബിന്റെ കൈവശമുണ്ട്.
മഹദ് വ്യക്തികളുടെ വഫാതിനു ശേഷം അവരുടെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവ വിശേഷണത്തെ കുറിച്ചും പാണ്ഡിത്യത്തെ കുറിച്ചും സ്മരിച്ചു കൊണ്ട് എഴുതപ്പെട്ട ധാരാളം വിലാപ കാവ്യങ്ങള്‍(മര്‍ഥിയ്യ)നമുക്ക് കാണാവുന്നതാണ്. ഇത്തരത്തില്‍ മഹാനായ ഉമര്‍ഖാളി(റ)നെ കുറിച്ച് മുഹ്യിദ്ദീനുബ്നു ഫരീദ് രചിച്ച ഒരു വിലാപ കാവ്യമാണ് മര്‍ഥിയ്യ അലല്‍ ഖാളി ഉമറുബ്നു അലി. പണ്ഡിതര്‍ ലോകത്തിന് വഴികാട്ടുന്ന വിശിഷ്ട വ്യക്തിത്വങ്ങളാണ്. അവരുടെ നഷ്ടം അത് ലോകത്തിന്റെ തന്നെ തീരാ നഷ്ടമാണ്. നിനച്ചിരിക്കാതെ വന്നെത്തുന്ന മരണം സാധാരണക്കാരനേയും പണ്ഡിതനേയും പിടികൂടുന്ന കാര്യത്തില്‍ വീഴ്ച വരുത്താറില്ല. ഉമര്‍ഖാളിയുടെ മരണം ഇത്തരത്തില്‍ മനുഷ്യകുലത്തിന് തീരാനഷ്ടം വരുത്തിത്തീര്‍ത്ത ഒന്നാണ്. എന്നിങ്ങനെ പറഞ്ഞ് തുടങ്ങുന്ന മുഹ്യിദ്ദീനുബ്നു ഫരീദ്, ഉമര്‍ഖാളി(റ)ന്റെ കവിതകളെയും ജീവചരിത്രങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്.