താത്തൂര്‍ ശുഹദാക്കള്‍

3248

കോഴിക്കോട് കൂളിമാട് റൂട്ടില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് താത്തൂര്‍ എന്ന കൊച്ചുഗ്രാമം. നൂറ്റാണ്ടുകള്‍ പഴക്കമുളള താത്തൂര്‍ മസ്ജിദും ശുഹദാക്കളുടെ മഖ്ബറയും ഇവിടെ പ്രകൃതി രമണീയമായ പച്ച വിരിച്ച് കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. 400 വര്‍ഷം പഴക്കമുളള ഇവിടത്തെ പളളിയിലേക്കായിരുന്നു അക്കാലത്ത് അരീക്കോട് , വാഴക്കാട്, മുക്കം ദേശങ്ങളില്‍ നിന്ന് മയ്യിത്ത് കൊണ്ടു വന്നിരുന്നത്.

മതവിദ്വേഷം മൂര്‍ച്ഛിച്ച ചിലരുടെ അവിവേകവും ഏകപക്ഷീയമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരാണ് താത്തൂര്‍ ശുഹദാക്കള്‍. പളളിയില്‍ അതിക്രമിച്ച് കയറി പളളി തകര്‍ക്കാനെത്തിയവരെ തടയുന്നത് സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു.

താത്തൂര്‍ ശുഹദാക്കളെക്കുറിച്ച് പറയപ്പെടുന്ന ചരിത്രമിതാണ്. താത്തൂര്‍ പളളിയില്‍ നിന്നും മുഴങ്ങിക്കേള്‍ക്കുന്ന വാങ്കൊലി കോലോത്ത് കോവിലകം തമ്പുരാട്ടിക്ക് നീരസമുണ്ടാക്കി. തമ്പുരാനും കൂട്ടരും ജുമുഅ നടക്കുന്ന പളളി വിട്ടു തരണമെന്നാവശ്യപ്പെട്ടു. മുസ് ലിംകള്‍ അതിന് തയ്യാറായില്ല. അങ്ങാടിക്കടവിനടുത്ത ക്ഷേത്ര പരിസരത്ത് ഒരു മത്സ്യത്തോണി ആരോ അടുപ്പിച്ചു. ഇതിന് ചിലര്‍ പകരം ചോദിക്കാനെത്തിയത് പളളിയിലേക്കായിരുന്നു. പളളി അശുദ്ധമാക്കുകയും പൊളിക്കാന്‍ ശ്രമിക്കുകയുംചെയ്തപ്പോള്‍ മുസ് ലിംകള്‍ അക്രമികളെ നേരിടുകയും തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ 22 പേര്‍ മുസ്‌ലിംകളില്‍ നിന്നും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

മുസ്‌ലിം പക്ഷത്ത് കുരിക്കള്‍ ശഹീദ്, കൊന്നോലത്ത് ഹസന്‍ കോയ, മങ്ങണ്ടന്‍ മായിന്‍ മൊയ്തീന്‍ എന്നിവരായിരുന്നു നേതൃ നിരയിലുണ്ടായിരുന്നത്. താത്തൂര്‍ ശുഹദാക്കളുടെ മഖ്ബറയിലെത്തുന്ന പലര്‍ക്കും മാറാവ്യാധി രോഗങ്ങള്‍ക്കും മറ്റും ശമനം ലഭിക്കുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു.

1986ല്‍ പളളി നവീകരണം നടന്നപ്പോള്‍ ഒരു ശഹീദിന്റെ ഖബര്‍ കഫന്‍ പുടവ സഹിതം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദിവസേന താത്തൂര്‍ ശുഹദാക്കളെ സിയാറത്ത് ചെയ്യാനായി നിരവധി വിശ്വാസികളെത്തുന്നുണ്ട്.

അവലംബം : കെടാവിളക്കുകള്‍ – അല്‍ ഇര്‍ഫാന്‍ 2012 സമ്മേളനോപഹാരം

SHARE