സൂറത്തിലെ സാദാത്തുക്കള്‍

913

ഹളര്‍ മൗത്തില്‍ നിന്നാണീ സാദാത്തുക്കള്‍ സൂറത്തിലെത്തുന്നത്. പിന്നീട് അവരില്‍ പെട്ട ഒരു കുടുംബം വെളിയംകോട് താമസമാക്കുകയാണ് ചെയ്തത്. നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട്ടെത്തി മത പ്രബോധനം ചെയ്തിരുന്ന ബഹു ശാദുലി ശൈഖ് വഫാത്തായ ദിവസമാണ് ശൈഖ് അഹ്മദ് ബ്‌നു ഹസന്‍ ഫഖ്‌റുല്‍ വുജൂദ് എന്നവര്‍ കോഴിക്കോട്ടെത്തിയത്. അവിടെ നിന്നും വെളിയങ്കോട്ടെത്തിയ സന്ദര്‍ഭത്തില്‍ സ്വപ്‌നത്തില്‍ ലഭിച്ച നിര്‍ദേശമനുസരിച്ചാണ് അവിടെ താമസമാക്കിയത്. വെളിയംകോട് പളളിയുടെ മിമ്പറിനടുത്ത് ഉറങ്ങുമ്പോഴാണ് നബി (സ) തങ്ങളെ സ്വപ്‌നം കാണുന്നതും അവിടെ താമസിക്കാന്‍ നബി (സ) നിര്‍ദേശിച്ചതും. തന്റെ കൂടെ പുത്രനും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്നീട് മലേഷ്യയിലേക്ക് പോയി.
ശൈഖിന്റെ ആറാമത്തെ പിതാമഹന്‍ അബൂബക്കര്‍ (റ) യമനിലായിരിക്കുമ്പോള്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഖളിര്‍ (അ) പ്രത്യക്ഷപ്പെട്ട് യാ ഫഖ്‌റല്‍ വുജൂദ് എന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ഫഖ്‌റുല്‍ വുജൂദ് എന്ന സ്ഥാനപ്പേര് കുടുംബം സ്വീകരിച്ചതെന്നാണ് കൈമാറി വന്നിട്ടുളള വിവരം. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ വന്ന ഹൈദറൂസി ഖബീലക്കാരില്‍ പെട്ടവരാണവര്‍.
സയ്യിദവര്‍കളുടെ കുടുംബ പരമ്പര വെളിയംകോടിന് ആത്മീയ ശിക്ഷണവും വെളിച്ചവും നല്‍കിയതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വെളിയംകോട് ജുമുഅത്ത് പളളിയുടെ പടിഞ്ഞാറ് ഭാഗത്ത് വിശാലമായ മഖ്ബറയില്‍ ഈ സയ്യിദുമാരുടെയും സയ്യിദത്തുമാരുടെയും ജാറങ്ങള്‍ കാണാം.

SHARE