ശൈഖ് ഫരീദുദ്ദീന്‍ ഔലിയ കാഞ്ഞിരമുറ്റം

2129


എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് കോട്ടയം ജില്ലാ അതിര്‍ത്തിയിലാണ് കാഞ്ഞിരമുറ്റമെന്ന പ്രദേശം. ഇവിടെയാണ് ശൈഖ് ഫരീദുദ്ദീന്‍ ഔലിയയുടെ ഖബറിടം.
ഹിജ്‌റ 569 ശഅ#്ബാന്‍ 29 ന് ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ മുള്‍ട്ടാനിനടുത്ത് കോട്ടുദാനിലാണ് ശൈഖര്‍കളുടെ ജനനം. ഫാറൂഖ് വംശജനായ ശൈഖ് ജമാലുദ്ദീന്‍ സുലൈമാന്‍ (റ) വിന്റെ പുത്രനാണ്. ശൈഖ് വജിറുദ്ദീന്റെ (റ) പുത്രി ഖല്‍സം ഖാത്തൂന്‍ ആണ് മാതാവ്.

ആമ്പല്ലൂര്‍ പഞ്ചായത്തിലാണ് കാഞ്ഞിരമുറ്റം. പളളിക്ക് മുന്നിലെ കാഞ്ഞിരത്തിന്റെ ഇലയായിരുന്നുവത്രെ തന്നെ സന്ദര്‍ശിക്കുന്നവര്‍ക്ക് ശൈഖവര്‍കള്‍ നല്‍കിയിരുന്നത്. അദ്ദേഹം നല്‍കുന്ന ഇലകള്‍ക്ക് തീരെ കയ്പില്ലായിരുന്നുവെന്ന് പറയപ്പെടുന്നു.

ചെറുപ്രായത്തില്‍ ഫരീദുദ്ദീന്‍ (റ) വിന്റെ പിതാവ് മരണപ്പെട്ടു. മാതാവിന്റെ ശിക്ഷണത്തില്‍ നാലാം വയസില്‍ പഠനം തുടങ്ങി. ഏഴാം വയസില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. രണ്ടു വര്‍ഷം കൊണ്ട് സ്വദേശത്ത് വെച്ച് പ്രാഥമിക പഠനങ്ങളും പൂര്‍ത്തിയാക്കി. പഠനത്തിലും ആരാധനയിലും കുട്ടിയില്‍ പ്രകടമായ ഉത്സാഹം മാതാവിനെ വല്ലാതെ സ്വാധീനിച്ചു. ഒന്‍പത് വയസായപ്പോള്‍ മകനെ ഉപരി പഠനാര്‍ഥം മുല്‍ത്താനിലേക്ക് പറഞ്ഞയച്ചു. അവിടെ മിന്‍ഹാജുദ്ദീനുത്തുര്‍മുദീ (റ) വിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠിച്ചു.

ഹദീസിലെ പ്രസിദ്ധമായ 6 കിതാബുകളിലും തഫ്‌സീര്‍, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, മന്‍ഥിഖ്, ഫല്‍സഫ, രിയാള, ഹൈഅത്ത്, അദബ് തുടങ്ങിയ എല്ലാ വിജ്ഞാന ശാഖകളിലും നൈപുണ്യം നേടി.

ആത്മീയജ്ഞാനം തേടി ശൈഖവര്‍കള്‍ ഡല്‍ഹിയിലെത്തി. അജ്മീര്‍ ശൈഖ് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പ്രമുഖ ശിഷ്യനും ചിശ്തിയ്യ ത്വരീഖത്തിന്റെ പ്രധാന ഖലീഫയുമായ ബഖ്തിയാര്‍ കാക്കി (റ) വിനെ സമീപിച്ചു. ശരീഅത്തില്‍ അവഗാഹം നേടിയെങ്കിലും ത്വരീഖത്തില്‍ കടക്കാന്‍ സമയമായില്ലെന്നും ബാഹ്യമായ വിജ്ഞാനം പരിപൂര്‍ണമാക്കിയ ശേഷം തിരിച്ചു വരണമെന്നും നിര്‍ദേശിച്ചു തിരിച്ചയച്ചു. തദടിസ്ഥാനത്തില്‍ മുല്‍ത്താനിലേക്ക് തന്നെ തിരിച്ചു പോയി.

പഠനത്തിനായി അഞ്ച് വര്‍ഷക്കാലം ബഗ്ദാദ്, ഖന്‍ദഹാര്‍, ബുഖാറ, ബദ്ഖഷാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. മാതാവിന്റെ നിര്‍ദേശപ്രകാരം വീണ്ടും ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കാക്കിയുടെ അടുത്തെത്തി. ശിഷ്യത്വം സ്വീകരിച്ച് ആത്മീയ ശിക്ഷണത്തില്‍ ഘട്ടം ഘട്ടമായി ഔന്നത്യങ്ങള്‍ കരഗതമാക്കി. ബഖ്തിയാര്‍ കാക്കി (റ) യുടെ പ്രിയപ്പെട്ട ശിഷ്യനായി മാറി.

ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കാക്കി(റ) വിന്റെ വഫാത്തിനു ശേഷം ത്വരീഖത്ത് പ്രചാരണവും ഇസ് ലാമിക പ്രബോധനവും ലക്ഷ്യമാക്കി നിരന്തരം യാത്രകള്‍ നടത്തി. തന്റെ മുന്നിലെത്തുന്ന സംഭാവനകള്‍ സസന്തോഷം സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു. ശൈഖവര്‍കളുടെ പരിശ്രമ ഫലമായി ജനങ്ങള്‍ കൂട്ടമായും ഒറ്റക്കും ഇസ് ലാം പുല്‍കി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ മധ്യേഷ്യയും ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലും അദ്ദേഹം സഞ്ചരിച്ചു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ കോലാഹല്‍മേട്, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളില്‍ ഫരീദുദ്ദീന്‍ ശൈഖ് ദീര്‍ഘകാലം താമസിച്ചിരുന്നു.

പൊന്നാനിയില്‍ അദ്ദേഹം താമസിച്ച കാലത്താണത്രേ തോട്ടുങ്ങല്‍ പളളി പണിതത്. മറ്റുപളളികളും മലബാറില്‍ പണിതിട്ടുണ്ട്. കാഞ്ഞിരമറ്റം കുന്നിലെ പ
ളളിയും അദ്ദേഹം പണി കഴിപ്പിച്ചതാണ്.

ലളിത ജീവിതവും ആരാധനാ നിമഗ്നമായ രാപ്പലുകളും, വശ്യമായ പെരുമാറ്റവും അഗാധമായ അറിവും കൊണ്ട് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായി ജീവിച്ച ശൈഖ് ഫരീദുദ്ദീന്‍ (റ) ഹിജ്‌റ 664 മുഹറം 5 ന് നിസ്‌കാരവേളയില്‍ ഈ ലോകത്ത് നിന്നും വിട വാങ്ങി.

അദ്ദേഹം അന്ത്യവിശ്രമം കൊളളുന്നത് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണെന്നും ഇടുക്കിയിലെ കോലാഹല്‍ മേട്ടിലാണെന്നും എറണാകുളം ജില്ലയിലെ കാഞ്ഞിരമുറ്റത്താണെന്നും അഭിപ്രായാന്തരമുണ്ട്.

അവലംബം : ദക്ഷിണേന്ത്യന്‍ സിയാറത്ത് ഡയറി (കെ എ കുഞ്ഞിമുഹമ്മദ് ഫൈസി)

SHARE