ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലമായ അറേബ്യയിലെ ഖുറൈശി ഗോത്രത്തിലാണ് ബീമാ ബീവി (റ) ജനിച്ചത്. ഖുര്‍ആന്‍ , ഹദീസ് , ഫിഖ്ഹ് എന്നീ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ ബീമാ ബീവി തഖ്വയുള്ള ജീവിതം നയിച്ചു. അബ്ദുല്‍ ഗഫ്ഫാര്‍ എന്ന സാത്വികനായ യുവാവായിരുന്നു ബീമാ ബീവിയുടെ ഭര്‍ത്താവ്.
അബ്ദുല്‍ ഗഫ്ഫാര്‍ ബീമാബീവി ദമ്പതികള്‍ ആരാധനയോടൊപ്പം ആതുരസേവനവും നടത്തിയിരുന്നു. മാറാവ്യാധി രോഗങ്ങള്‍ക്ക് ഖുര്‍ആനിലെ ആയത്തുകളും ദിക്റുകളും മറ്റും മന്ത്രിച്ചു സുഖപ്പെടുത്തി. ആ മാതൃകാ ദമ്പതികള്‍ക്ക് പിറന്ന അനുഗ്രഹീത ബാലനാണ് മാഹീന് അബൂബക്കര്‍. എന്നാല്‍ മാഹീന് അബൂബക്കര്‍ ബാല്യ ദശ പിന്നിടുന്നതിന് മുമ്പ് തന്നെ പിതാവ് ഇഹലോകവാസം വെടിഞ്ഞു.
ബാല്യത്തില്‍ തന്നെ അനാഥത്വം പേറി മാഹീന് അബൂബക്കര്‍ ഉമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്നു. ഭര്‍ത്താവിന്റെ വിയോഗ ശേഷവും ആതുരസേവനം തുടര്‍ന്നു വന്ന ബീമാ ബീവിക്ക് പ്രബോധനാര്‍ത്ഥം ഇന്ത്യയിലേക്ക് യാത്രയാകാന്‍ സ്വപ്ന ദര്‍ശനമുണ്ടായി. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് അല്ലാഹുവിലഭയം തേടി ആ മാതാവും മകനും ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.
ഇന്ത്യയിലെത്തിയ ബീമാബീവിയും മകന് മാഹീന് അബൂബക്കറും ആതുര ശുശ്രൂഷയും പ്രബോധനവുമായി രാജ്യത്തുടനീളം സഞ്ചരിച്ചു. യാത്രയില്‍ കേരളത്തില്‍ മാഹിയിലാണ് അവരാദ്യം എത്തിയത്. കേരളത്തിലും വിവിധ സ്ഥലങ്ങളില്‍ ഇസ്ലാമിക പ്രബോധന ദൌത്യവുമായി അവര്‍ സഞ്ചാരം തുടര്‍ന്നു. ഒടുവില്‍ തിരുവിതാംകൂറിലെ തിരുവല്ലം താമസ കേന്ദ്രമാക്കി. അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് മാര്ത്താണ്ഡവര്മ്മയായിരുന്നു. ക്രിസ്താബ്ദം 1478 മുതല്‍ 1528 വരെയാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണ കാലം.
മാറാവ്യാധികള്‍ സുഖപ്പെടുത്തിയും ദീനീ പ്രബോധനവും ആരാധനകളുമായി ബീമാബീവിയും മകനും തങ്ങളുടെ ദൌത്യ നിര്‍വ്വഹണം തുടര്‍ന്നു. നാളുകള്‍ കഴിയും തോറും കൂടുതലാളുകള്‍ സത്യവിശ്വാസത്തിലാ കൃഷ്ടരായി ഇസ്ലാം ആശ്ലേഷിച്ചു. അധികാരം കയ്യാളിയിരുന്ന പ്രമാണിമാര്‍ക്ക് ഇതൊന്നും സഹിച്ചില്ല. അവര്‍ ബീമാ ബീവിയെയും മകനെയും ഭീഷണിപ്പെടുത്തി . രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ മുസ്ലിംകള്ക്കെതിരെ ഏകപക്ഷീയമായി ആക്രമണം നടത്തി. ഗത്യന്തരമില്ലാതെ മാഹീന് അബൂബക്കറിന്റെ നേതൃത്വത്തില്‍ മുസ്ലിംകള് പ്രതിരോധിച്ചു. ആ പോരാട്ടത്തില്‍ മാഹീന് അബൂബക്കര്‍ രക്ത സാക്ഷിയായി. മാഹീന് അബൂബക്കറിന്റെ മരണത്തെത്തുടര്‍ന്ന് 40 ാംദിവസം ബീമാബീവിയും വഫാത്തായി. ഗതകാല സ്മരണകളുമായി തലയുയര്‍ത്തി നില്ക്കുന്ന ബീമാപള്ളി യില്‍ ആ മഹത് വ്യക്തിത്വങ്ങള്‍ അന്തിയുറങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ അറിയപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ബീമാപള്ളി.