സയ്യിദ് മുഈനുദ്ദീന്‍ ചിശ്തി (റ)

1206

സുല്‍ഥാനുല്‍ഹിന്ദ് ഖാജാ ഗരീബ് നവാസ് മുഈനുദ്ദീന്‍ ചിശ്തി ഹസനിസ്സന്‍ജരില്‍ അജ്മീരി. ഇന്ത്യയിലെ അഹ്ലുബൈത്ത് പരമ്പരയില്‍ തിളക്കമാര്‍ന്ന പൊന്‍താരവും ഇന്ത്യന്‍ സ്വൂഫിസത്തിന്റെ ഉത്ഭവകേന്ദ്രവുമായിരുന്നു ഈ മഹാന്‍.

അഥാഉര്‍റസൂല്‍-പ്രവാചകന്‍ (സ)യുടെ ദാനം-എന്ന് വിളിക്കപ്പെട്ട ഈ മഹാത്മാവ് ഇന്ത്യന്‍ ജനതയുടെ മത-ഭാഷ-വര്‍ഗാതീതമായ പ്രതീക്ഷ കൂടിയാണ്. രാജാവും ദരിദ്രനും മുസ്ലിമും ഹിന്ദുവും എല്ലാം ആ സന്നിധിയില്‍ ജീവിതകാലത്തും ശേഷവും ഹാജരായെങ്കില്‍ ഒരു തീര്‍ഥാടന കേന്ദ്രമെന്നതില്‍ ഉപരി ഒരു അഭയാര്‍ഥികേന്ദ്രമെന്ന മുഖമാണവിടെ തെളിയുന്നത്. അക്ബറും ജഹാംഗീറും ഷാജഹാനും ഔറംഗസീബും മഹ്മൂദ് ഖില്‍ജിയും ശേര്‍ഷാ സൂരിയും ബഹദൂര്‍ഷാ സഫറുമൊക്കെ സന്ദര്‍ശനവും സേവനവും പതിവാക്കിയ ഈ തിരുസന്നിധിയില്‍ മഹാത്മാഗാന്ധി, നെഹ്റു, നരേന്ദ്രപ്രസാദ്, ഗുരുനാനാക്, രാജഗോപാലാചാരി തുടങ്ങിയ ഒട്ടേറെ അമുസ്ലിംകളും നിരവധി വിദേശരാഷ്ട്ര നേതാക്കളും പലപ്പോഴായി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. നെഹ്റു മുതല്‍ വാജ്പേയി വരെയുള്ള പ്രധാനമന്ത്രിമാരും രാജേന്ദ്രപ്രസാദ് മുതല്‍ അബ്ദുല്‍കലാം വരെയുള്ള പ്രസിഡന്റുമാരും അവിടെ സന്ദര്‍ശന ബുക്കില്‍ ഒപ്പുവെച്ചവരാണ്.

തന്നെ സമീപിച്ചവര്‍ക്കൊക്കെ മോക്ഷം നല്‍കിയ ഖാജായുടെ അനുഗ്രഹമില്ലാത്തവര്‍ക്ക് അവിടേക്ക്  പ്രവേശനം സാധ്യമല്ലെന്നാണ് കാലങ്ങള്‍ക്ക് മുമ്പേ പറയപ്പെട്ടുവരുന്നത്.

ഇറാനിലെ സീസ്ഥാന്‍ (നജിസ്ഥാന്‍) സംസ്ഥാനത്തിലെ സഞ്ചര്‍ പട്ടണത്തില്‍ ഹി. 537 ല്‍ റജബ് 14 ന് (ക്രി 1142) ഹുസൈനി പരമ്പരയിലെ മഹാജ്യോതിസ്സായിരുന്ന ഗിയാസുദ്ദീന്‍ അഹ്മദിബ്നുഹുസൈന്‍ അഹ്മദിബ്നു നജ്മുദ്ദീന്‍ ഥാഹിര്‍(റ) എന്നിവരുടെയും ഹസനീ ശൃംഖലയിലെ അബ്ദുല്ലാഹില്‍ഹന്‍ബലിയുടെ മകന്‍ സയ്യിദ് ദാവൂദിന്റെ മകന്‍ ഉമ്മുല്‍വറഅ് മാഹ്നൂര്‍ (റ)യുടെയും പുത്രനായി ജനിച്ചു. പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്നു. ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി.

ഒരു യുദ്ധം സൃഷ്ടിച്ച മാറ്റത്തില്‍ പിന്നീട് ഖുറാസാനിലെ നൈസാപൂരിലേക്ക് തമാസം മാറ്റിയ കുടുംബം വളരെ ഉന്നതമായ സമ്പദ്സമൃദ്ധിയിലാണ് ജീവിച്ചത്. പക്ഷേ, ഖാജക്ക് പതിനൊന്ന് വയസ്സായപ്പോഴേക്കും ഉപ്പയും ഉമ്മയും അന്തരിക്കുകയായിരുന്നു. അല്‍പം കഴിഞ്ഞ് പൂര്‍ണമായും അനാഥനായിത്തീര്‍ന്ന ഖാജ കുറച്ചുകാലം തന്റെ കുടുംബത്തിന്റെ തോട്ടങ്ങളും സമ്പത്തുകളും പരിപാലിച്ചുവെങ്കിലും, മനഃസമാധാനത്തിന് വേണ്ടി കേഴുകയായിരുന്നു. ഭൌതികവിരക്തി അവരില്‍ വര്‍ധിച്ചുകൊണ്ടിരുന്നു.

അതിനിടയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായ ഒരു കൂടിക്കാഴ്ച അരങ്ങേറുകയുണ്ടായി. ഒരിക്കല്‍ തോട്ടത്തില്‍ അദ്ദേഹം ചിന്താനിമഗ്നനായി ഇരിക്കുമ്പോള്‍, ഒരു ഫഖീര്‍ കടന്നുവന്നു. സുപ്രസിദ്ധ സ്വൂഫി ഇബ്റാഹീം ഖദൂശിയായിരുന്നു അത്. ഖാജ(റ) തന്റെ വിരിപ്പ് വിരിച്ച് ശൈഖിനെ സ്വീകരിക്കുകയും ഒരു പഴുത്ത മുന്തിരിക്കുല ശൈഖിന് സമ്മാനിക്കുകയും ചെയ്തു.

ആഗതന്റെ മഹത്ത്വം വായിച്ചറിഞ്ഞ ഖാജ(റ) തന്റെ സന്താപങ്ങളും അവസ്ഥകളും ആത്മികമോക്ഷത്തിന് വേണ്ടിയുള്ള ആഗ്രഹവും ഫഖീറിനെ ധരിപ്പിച്ചു. ഖദൂശി(റ) തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു റൊട്ടിക്കഷ്ണം ചവച്ചുകൊണ്ട് ഖാജാ(റ)ക്ക് നല്‍കി. ഖാജാ(റ)വിന്റെ മനസ്സ് അതോടെ ആത്മികപരിവേഷം നേടുകയായിരുന്നു. പിന്നീട് ഒട്ടും സംസാരിക്കാതെ ഖദൂശി(റ) തന്റെ യാത്ര തുടരുകയും ഖാജ(റ) തന്റെ സമ്പത്തും ധനവും ഉപേക്ഷിച്ച് ആത്മികപരിശുദ്ധിയുടെ പാത തേടാന്‍ ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു.

തന്റെ സമ്പത്ത് മുഴുവന്‍ ദരിദ്രര്‍ക്ക് നല്‍കി. തനിക്ക് വഴികാട്ടണേ എന്ന പ്രാര്‍ഥനയോടെ എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചു. അങ്ങനെ ബുഖാറയിലെത്തിയ ഖാജ(റ), ഹുസാമുദ്ദീന്‍ ബുഖാരി(റ)വിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഖുര്‍ആന്‍ മനഃപാഠമാക്കിയ ഖാജ(റ) വിവിധ വിഷയങ്ങളില്‍ അവഗാഹം നേടി. ശേഷം ഈ ജ്ഞാനോത്സുകി മക്ക, ബഗ്ദാദ്, ഈജിപ്ത്, സമര്‍ഖന്ദ് തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ച് തന്റെ വിദ്യാമണ്ഡലം വികസിപ്പിച്ചു.

എങ്കിലും ഖാജ(റ)വിന്റെ അന്തിമലക്ഷ്യം മഅ്രിഫത്തും ആത്മികോന്നതിയുമായിരുന്നു. അതിന് വേണ്ടിയുള്ള പ്രാര്‍ഥനാനിര്‍ഭരമായ അന്വേഷണത്തിനൊടുവില്‍ മഹാനവര്‍കള്‍ നൈസാബൂരിനടുത്ത ഹാറൂന്‍ പ്രദേശത്ത് താമസിച്ചിരുന്ന ഉസ്മാന്‍ ഹാറൂനി(റ)വിന്റെ സന്നിധിയിലെത്തി മുരീദായി ബൈഅത്ത് ചെയ്തു.

ബൈഅത്ത് വേളയില്‍ തന്നെ ശൈഖിന്റെ ആത്മികപ്രഭാവവും ഖാജയുടെ ജന്മം തൊട്ടുള്ള ആത്മശുദ്ധിയും കാരണം മണ്ണിന്റെ അടിത്തട്ട് മുതല്‍ അര്‍ശ് വരെ ഖാജ ദര്‍ശിച്ചുവത്രേ. മറ്റ് പല ദിവ്യജ്ഞാനങ്ങളും ഉണ്ടായതായും ഖാജ തന്നെ തന്റെ അനീസുര്‍അര്‍വാഹില്‍ വിശദീകരിക്കുന്നു.

ഇരുപത് വര്‍ഷം ഖാജ(റ) ഉസ്മാന്‍ ഹാറൂനി(റ)യുടെ ശിക്ഷണത്തിലും ഖിദ്മത്തിലും വളര്‍ന്നു. അങ്ങനെ ഖാജ(റ)വിനെ കൂട്ടി ഉസ്മാന്‍ ഹാറൂനി (റ) മക്കയില്‍ പോവുകയും കഅ്ബയുടെ പാത്തി പിടിച്ച് തന്റെ മുരീദിനെ നീ സ്വീകരിക്കണേ റബ്ബേ എന്ന് വിളിച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. സ്വീകരിച്ചിരിക്കുന്നുവെന്ന് ഉടന്‍ മറുപടിയുണ്ടായി. ശേഷം ഇരുവരും റൌളാശരീഫില്‍ വന്നപ്പോള്‍, ഖാജ(റ) നബി (സ)ക്ക് സലാം പറഞ്ഞു. ‘വനസമുദ്രങ്ങളിലെ ശൈഖുകളുടെ നേതാവേ, നിങ്ങള്‍ക്കും സലാം’ എന്നായിരുന്നു തിരുമേനി (സ)പ്രതികരിച്ചത്.

ശേഷം ഖാജ(റ) ബഗ്ദാദിലും മറ്റും പര്യടനം നടത്തി. ശൈഖ് ജീലാനി(റ), ശൈഖ് ളിയാഉദ്ദീന്‍(റ), ശിഹാബുദ്ദീന്‍ സുഹ്റവര്‍ദി(റ) തുടങ്ങിയവരെയും മറ്റും കണ്ട് അനുഗ്രഹം വാങ്ങി.

അവസാനം ശൈഖ് ഹാറൂനി(റ) തന്റെ മുരീദിന് ഖിലാഫത്ത്പട്ടം നല്‍കുകയും പാരമ്പര്യമായി ലഭിച്ച തലപ്പാവും പുതപ്പുമടക്കം പലതും സമ്മാനിക്കുകയും ചെയ്തു (അനീസുല്‍ അര്‍വാഹ്).

ആത്മികപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുവന്നിരുന്ന ഖാജ(റ) നിരവധി പേര്‍ക്ക് സത്യമാര്‍ഗം പരിചയപ്പെടുത്തി. തന്റെ വിവിധ യാത്രാനുഭവങ്ങള്‍ അദ്ദേഹം തന്റെ ദലീലുല്‍ ആരിഫീന്‍ എന്ന എന്ന ഗ്രന്ഥത്തിലും മറ്റും ഉദ്ധരിക്കുന്നുണ്ട്.

ഹി. 584 ല്‍ (ക്രി.1187) ഖാജ(റ) നാല്‍പത് മുരീദുമാര്‍ക്കൊപ്പം കഅ്ബയും റൌളയും സന്ദര്‍ശിച്ചു. കഅ്ബക്കടുത്തുവെച്ച് പ്രാര്‍ഥിക്കുമ്പോള്‍ ഒരു അദൃശ്യവിളിയുണ്ടായത്രേ: മുഈനുദ്ദീന്‍, നിന്നില്‍ ഞാന്‍ സംതൃപ്തനാണ്. വേണ്ടത് ചോദിക്കൂ. അദ്ദേഹം പറഞ്ഞു: എന്റെ മുരീദുമാര്‍ക്ക് പൊറുത്ത് കൊടുക്കണം. ഖിയാമത് നാള്‍വരെയുള്ള മുരീദുമാര്‍ക്ക് മാപ്പ് നല്‍കുമെന്നായിരുന്നു മറുപടി. (സുല്‍ഥാനുല്‍ഹിന്ദ് ഖാജാ ഗരീബ് നവാസ്-ഡോ. മൌലാനാ മുഹമ്മദ് ആസിം അഅ്സമി)

റൌളയുടെ കവാടത്തിലെത്തിയ ഖാജ(റ)വിന് ‘വരൂ, താങ്കള്‍ക്ക് സ്വാഗതം’ എന്ന അറിയിപ്പുണ്ടാവുകയും താങ്കളെ ഞാന്‍ ഇന്ത്യയുടെ സുല്‍ഥാനായി വാഴിച്ചിരിക്കുന്നുവെന്ന് അരുളുകയും അവിടെ ചെന്ന് സത്യനിഷേധികളെ ധര്‍മത്തിലേക്ക് ക്ഷണിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അജ്മീറില്‍ താമസമാക്കുവാന്‍ നിര്‍ദ്ദേശിച്ച നബി (സ)ജീവിതത്തിലും ശേഷവും അനേകം പേരുടെ സന്ദര്‍ശനകേന്ദ്രമാകുമെന്ന സന്തോഷവാര്‍ത്തയും നല്‍കി. അജ്മീറിനെക്കുറിച്ച് അറിയാത്തതിനാല്‍ ഖാജ മുറാഖബയിലൂടെ അത് ചോദിച്ചറിയുകയും മുരീദുമാര്‍ക്കൊപ്പം ഇന്ത്യയിലേക്ക് പുറപ്പെടുകയും ചെയ്തു. ബഗ്ദാദ്, ബുഖാറാ, ഇസ്വ്ഫഹാന്‍, ബല്‍ഖ, സമാന എന്നീ പ്രദേശങ്ങള്‍ സഞ്ചരിച്ച് പല മഹാന്മാരുമായും ബന്ധപ്പെട്ട ശേഷം അവര്‍ ഡല്‍ഹിയിലെത്തി. ലാഹോറില്‍ ദാതാകഞ്ച് ബഖ്ശിന്റെ മസാറില്‍ പോയി അനുഗ്രഹം സിദ്ധിച്ചുകൊണ്ടായിരുന്നു ഡല്‍ഹിയിലെത്തിയത്. സുല്‍ഥാന്‍ ശിഹാബുദ്ദീന്‍, പൃഥീരാജുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ട സന്ദര്‍ഭമായിരുന്നു അത്.

ഡല്‍ഹിയില്‍ തന്റെ മതപ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഖാജ (റ)വിന് പല പ്രതിസന്ധികളും നേരിടേണ്ടിവന്നു. പക്ഷേ, എതിര്‍ക്കാന്‍വന്നവരെയൊക്കെ മുസ്ലിംകളാക്കി അദ്ദേഹം ശത്രുക്കളെ പരിഭ്രാന്തരാക്കി.

തന്റെ ശിഷ്യന്‍ ഖുഥ്ബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കിയെ ഡല്‍ഹിയുടെ ആത്മികനേതൃത്വമേല്‍പിച്ച് ഖാജ(റ)വും മുരീദുമാരും അജ്മീരിലേക്ക് നീങ്ങി. ഹി. 587 (1191) ലായിരുന്നു അത്.

ഖാജ(റ)യുടെ വരവും പൃഥീരാജാവിന്റെ സിംഹാസനത്തിന്റെ തകര്‍ച്ചയും രാജാവിന്റെ മാതാവടക്കം പല ജ്യോത്സ്യരും പ്രവചിച്ചിരുന്നു. അതുകൊണ്ടുതന്നെ ഖാജ(റ)വിനെയും സംഘത്തെയും അജ്മീരില്‍ നിന്ന് നാടുകടത്താന്‍ രാജാവ് സര്‍വ ശ്രമങ്ങളും നടത്തി. പിടിക്കാന്‍ വന്ന പട്ടാളക്കാര്‍ അദ്ദേഹം ആയത്തുല്‍കുര്‍സി ഓതി മണ്ണ് എറിയേണ്ട താമസം പിന്തിരിഞ്ഞോടിയത്രേ. (തദ്കിറതുല്‍ഔലിയാ-ഫരീദുദ്ദീന്‍ അത്ത്വാര്‍)

ഖാജ(റ)വും സംഘവും താമസമാക്കിയ സ്ഥലം അദ്ദേഹത്തിന്റെ കുതിരകളുടെ മേച്ചില്‍സ്ഥലമാണെന്ന് പറഞ്ഞ് രാജാവിന്റെ സൈന്യം കുടിയൊഴിപ്പിച്ചു. സംഘം അന്നാസാഗര്‍ നദീതീരത്തേക്ക് നീങ്ങി. പിന്നീട് കുതിരകള്‍ അവിടെ വിശ്രമിക്കാന്‍ വിസമ്മതിച്ചുവത്രേ. അങ്ങനെ അവര്‍ മാപ്പപേക്ഷിക്കുകയായിരുന്നു.

ഖാജ(റ)വിന്റെയും സംഘത്തിന്റെയും ജീവിതശൈലിയും ആരാധനയും നദീതീരവാസികളില്‍ അമര്‍ഷമുണ്ടാക്കി. ദേവതകള്‍ കോപിക്കുമെന്നായിരുന്നു വാദം. അവരുടെ പ്രതിനിധിയായി തന്നെ സമീപിച്ച ശാന്തിദേവ് എന്ന സന്യാസിയെ ഒരു നോട്ടം കൊണ്ടദ്ദേഹം മുസ്ലിമാക്കി മാറ്റി.

ശത്രുപക്ഷത്തിന്റെ എതിര്‍പ്പുകള്‍ തീക്ഷ്ണമായപ്പോള്‍ ഖാജ(റ) ശാന്തിദേവിനെ പറഞ്ഞയച്ച് ഒരു കപ്പ് ജലം കൊണ്ടുവരാന്‍ പറഞ്ഞു. വെള്ളമെടുത്തതോടെ അന്നാസാഗര്‍ നദി വറ്റിവരണ്ടു. ഭയവിഹ്വലരായ ജനങ്ങള്‍ കേണപേക്ഷിച്ചപ്പോള്‍, ഖാജ(റ) വെള്ളം തിരികെ ഒഴിക്കാന്‍ പറയുകയും നദി പൂര്‍വസ്ഥിതിയിലാവുകയും ചെയ്തു. ഈ സംഭവം ഒട്ടനവധി പേരുടെ ഇസ്ലാമാശ്ളേഷത്തിന് കാരണമായി.

ഓരോ ശ്രമത്തിലും പരാജയപ്പെട്ട പൃഥീരാജ് അവസാനശ്രമമെന്നോണം പ്രസിദ്ധ യോഗിയും പൂജാരിയുമായിരുന്ന ജയപാലിനെ കാട്ടില്‍ നിന്ന് വിളിച്ചുവരുത്തി. ജയപാല്‍ പല വെല്ലുവിളികളും നടത്തി. ഖാജ(റ) തന്റെയും മുരീദുമാരുടെയും ചുറ്റുമായി ഒരു വലയം വരച്ചു.

ജയപാല്‍ തന്റെ സിദ്ധി കൊണ്ട് നാഗസേനയെ അയച്ചു. വലയത്തിന് സമീപം അവ ചത്തുവീണു. കല്‍മഴ വര്‍ഷിപ്പിച്ചു. വലയത്തില്‍ ഒരു കല്ല് പോലും പതിച്ചില്ല. അഹങ്കാരപൂര്‍വം അന്തരീക്ഷത്തില്‍ പറന്ന ജയപാലിനെ തന്റെ മെതിയടി പറത്തി ഖാജ(റ) അടിച്ചിറക്കി. ഖാജ(റ)വിന്റെ മഹത്ത്വം രുചിച്ചറിഞ്ഞ ജയപാല്‍ മുസ്ലിമാവുകയും ഖാജ(റ)യുടെ മുരീദായി ബൈഅത്ത് ചെയ്യുകയും ചെയ്തു.

വീണ്ടും അക്രമവുമായി വന്ന പൃഥീരാജിനെ നോക്കി ഇവനെ ഒരു മുസ്ലിം ഭരണാധികാരിയെ നാം ഏല്‍പിച്ചിരിക്കുന്നുവെന്ന് പ്രസ്താവിച്ചു. അങ്ങനെ 1192 ല്‍ താനേശ്വരില്‍ മുഹമ്മദ് ഗോറിയുമായുള്ള ഏറ്റുമുട്ടലില്‍ അയാള്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ഗോറി ഖാജ(റ)യുടെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി.

അതോടെ ഖാജ(റ)വിന്റെ സന്നിധി ജനനിബിഡമായിക്കൊണ്ടിരുന്നു. ആയിരങ്ങള്‍ ഇസ്ലാമാശ്ളേഷിച്ചുകൊണ്ടിരുന്നു. ഖാജ(റ)വിന്റെ ശിഷ്യന്മാര്‍ പ്രബോധനാവശ്യാര്‍ഥം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടന്നുവന്നു. അതിലൂടെ ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ അത്ഭുതങ്ങള്‍ പിറവിയെടുത്തു.

ഡല്‍ഹിയില്‍ ഖാജ(റ)വിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്രീകരിച്ച ശിഷ്യന്‍ ഖുഥ്ബുദ്ദീന്‍ ബക്തിയാര്‍ കഅ്കിയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍മാറ്റങ്ങളുണ്ടാക്കി. സുല്‍ത്താന്‍ ഇല്‍തുത്മിഷ് അടക്കം പല ഭരണാധികാരികളും അത്യധികം ആദരിക്കുകയും ചിശ്തിമാര്‍ഗം അവലംബിക്കുകയും ചെയ്തു. ശൈഖ് ഉസ്മാന്‍ ഹാറൂനി(റ) ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ ഇല്‍തുത്മിഷ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒരു ഗ്രന്ഥം രചിക്കുവാന്‍ ഖജാ ഗരീബ് നവാസിനോട് നിര്‍ദ്ദേശിക്കുകയും തദനുസാരം ഗന്‍ജുല്‍ അസ്റാര്‍ എന്ന ഗ്രന്ഥം അദ്ദേഹം രചിക്കുകയും ചെയ്തു.

മഹാനവര്‍കളുടെ കുടുംബജീവിതം ധന്യമായിരുന്നു. കുറെക്കാലം അവിവാഹിതനായി കഴിച്ചുകൂട്ടിയ ഖാജ(റ) റസൂല്‍ (സ)യുടെ സ്വപ്നദര്‍ശനത്തില്‍, മുഈനുദ്ദീന്‍, നീ എന്റെ ചര്യ ഉപേക്ഷിക്കുന്നുവോ എന്ന ചോദ്യം കേട്ട് വിവാഹത്തിന് തീരുമാനിക്കുകയായിരുന്നു.

ബീവി അമത്തുല്ലയായിരുന്നു ആദ്യഭാര്യ. ഇമാം ജഅ്ഫര്‍ സ്വാദിഖിന്റെ സ്വപ്നദര്‍ശനത്തിലെ നിര്‍ദ്ദേശപ്രകാരം സയ്യിദ് വജീഹുദ്ദീന്‍ മശ്ഹദി തന്റെ പുത്രി ബീവി ഇസ്മത്തിനെ മഹാന് വിവാഹം ചെയ്തുകൊടുത്തു. സയ്യിദ് ഫഖ്റുദ്ദീന്‍, അബൂസഈദ്, ഹുസാമുദ്ദീന്‍, ബീവി സയ്യിദ, ഹാഫിള ജമാല്‍ എന്നിവരായിരുന്നു സന്താനങ്ങള്‍.

നാല്‍പത് വര്‍ഷത്തെ അജ്മീര്‍വാസശേഷം ഹി. 633 റജബ് 6 തിങ്കളാഴ്ച രാവില്‍ ആയിരുന്നു വഫാത്ത്. അല്ലാഹുവിനെ സ്നേഹിച്ചയാള്‍ അതേ സ്നേഹത്തിലായി വിടപറഞ്ഞിരിക്കുന്നുവെന്ന് നെറ്റിയില്‍ എഴുതപ്പെട്ടിരുന്നു.

വഫാത്തിന് ഏതാനും ദിവസം മുമ്പ് തന്റെ മുരീദുമാരോട് വിടവാങ്ങല്‍ പ്രസംഗം നടത്തുകയും ഖുഥ്ബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കിക്ക് തന്റെ പാരമ്പര്യകൈവശവസ്തുക്കള്‍ ഏല്‍പിക്കുകയും തന്റെ യാത്ര അടുത്തിരിക്കുന്നുവെന്നറിയിക്കുകയും ചെയ്തിരുന്നു.

കന്‍സുല്‍ അസ്റാര്‍, അനീസുല്‍ അര്‍വാഹ്, കശ്ഫുല്‍ അസ്റാര്‍ തുടങ്ങിയ ഏതാനും കൃതികളും കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

നിരവധി കറാമത്തുകള്‍ അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാം. ചിലത് നാം പരാമര്‍ശിച്ചുകഴിഞ്ഞു.

ഒരിക്കല്‍ ഖാജ(റ) ഒരുപറ്റം തീയാരാധകരുടെ കൂടെ കടന്നുപോയി. നരകശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാനാണിതെന്ന് അവര്‍ ഖാജ(റ)വിന്റെ അന്വേഷണത്തിന് പ്രതിവചിച്ചു. ഖാജ(റ) അവരോട് ചോദിച്ചു: നിങ്ങള്‍ ഈ തീയില്‍ കൈവെച്ചു നോക്കൂ. അത് നിങ്ങളെ കരിച്ചുകളയില്ലേ? ശേഷം മഹാനവര്‍കള്‍ തന്റെ ചെരുപ്പ് തീയിലെറിയുകയും ഏറെ നേരം സുരക്ഷിതമായിരുന്ന അതിനെ പുറത്തെടുക്കുകയും ചെയ്തു. പിന്നീട് മഹാനവര്‍കള്‍ അരുളി: തീയുടെ സ്രഷ്ടാവിന് മാത്രമേ തീയില്‍ നിന്ന് രക്ഷ നല്‍കാനാവൂ. ഉടന്‍ ആ സംഘം മുഴുവന്‍ ഇസ്ലാമാശ്ളേഷിക്കുകയും ഖാജ(റ)വിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

തന്നെ വധിക്കാന്‍ ഒളിച്ചുവെച്ച കഠാരയുമായി വന്ന വ്യക്തിയെ നോക്കി നിന്റെ ഉദ്ദേശ്യം എന്റെ വധമല്ലേ-നടപ്പാക്കൂ എന്ന് വെല്ലുവിളിച്ച മാത്രയില്‍ അയാള്‍ നിലത്തുവീണ് പശ്ചാത്തപിക്കുകയും മുസ്ലിമാവുകയും ചെയ്തു. മറ്റ് പല കറാമത്തുകള്‍ നമുക്ക് വഴിയെ പരാമര്‍ശിക്കാം.

ഖാജ(റ)വിന്റെ ആത്മികശക്തി വളരെ അപാരമായിരുന്നു. തന്റെ മഹനീയനോട്ടത്തിലൂടെ പലരെയും അദ്ദേഹം വിലായത്തിലെത്തിച്ചിരുന്നതായി ശിഷ്യന്‍ ബക്തിയാര്‍ കഅ്കി(റ) പറയുന്നു.

ഖാജ(റ)വിന്റെ സ്വഭാവത്തെ പരാമര്‍ശിച്ചുകൊണ്ട് കഅ്കി(റ) പറയുന്നു: ഒരിക്കല്‍ പോലും കോപിച്ചതായി താനോര്‍ക്കുന്നില്ല.

വലിയ ധര്‍മിഷ്ഠനായിരുന്ന ഖാജ(റ)വിനെ ‘ഗരീബ് നവാസ്’ (ദരിദ്രരുടെ ദാതാവ്) എന്നാണ് സമൂഹം വിളിക്കുന്നത്. തന്റെ സര്‍വതും ദരിദ്രര്‍ക്ക് ദാനം ചെയ്ത് വിദ്യാഭ്യാസത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച ആ മഹാന്‍ ജീവിതം മുഴുവന്‍ ആ ശീലം തുടര്‍ന്നു.

ഒരു സംഭവം പാകീസെ ഹയാത്ത് എന്ന ഗ്രന്ഥത്തില്‍ അബ്ദുല്‍ജബ്ബാര്‍ ഹസ്രത്ത് ഉദ്ധരിക്കുന്നു: ഒരിക്കല്‍ ഹജ്ജ് യാത്രാവേളയില്‍ ബഗ്ദാദിനടുത്തുള്ള ഹില്ല എന്ന സ്ഥലത്തെത്തിയപ്പോള്‍ അനുചരരോട് പ്രസ്തുത സ്ഥലത്തെ ഏറ്റവും ദരിദ്രനായ വ്യക്തിയെ കണ്ടെത്താന്‍ പറഞ്ഞു. ഒരു ദരിദ്രകിഴവിയും മകളും താമസിക്കുന്ന വീടായിരുന്നു അവര്‍ കണ്ടെത്തിയത്. ആ രാത്രി ഖാജ(റ)യും അനുചരരും നിരവധി ധനികരുടെ ക്ഷണമുണ്ടായിട്ടും അവിടെ താമസിച്ചു. ഖാജ(റ)വിനും അനുചരര്‍ക്കും ലഭിച്ച ഹദ്യകളൊക്കെ അവര്‍ക്ക് നല്‍കി. അതോടെ ആ കുടുംബം ആ പ്രദേശത്തെ ഏറ്റവും ധനികകുടുംബമായി മാറി.

തന്റെ ഒരു മുരീദിന്റെ കടത്തിന്റെ ഉടമസ്ഥത സ്വയം ഏറ്റെടുക്കുകയും മുരീദിനെ പീഡിപ്പിച്ചുകൊണ്ടിരുന്ന കക്ഷിയെ വിളിച്ച് ഭൂമിയില്‍ വിരിച്ച തന്റെ വിരിപ്പിനടിയില്‍ നിന്ന് കടത്തിന്റെ തുക മാത്രം എടുക്കാന്‍ പറയുകയും ചെയ്തു. പക്ഷേ, അധികമെടുത്തതിന്റെ പേരില്‍ അയാളുടെ കൈ മരവിച്ചുപോയത്രേ.

ഖാജ(റ) പറയുന്നു: വിശന്നവനെ ഭക്ഷിപ്പിക്കുന്നവന്, അല്ലാഹു ഖിയാമ ദിവസം അവന്റെയും നരകത്തിന്റെയുമിടയില്‍ ഏഴ് മറകള്‍ സ്ഥാപിക്കുന്നതാണ്.

ജീവിതകാലത്ത് സന്ദര്‍ശകരുടെ ഭൌതികവും ആത്മികവുമായ ആവശ്യങ്ങളൊക്കെ നിറവേറ്റിയ മഹാനവര്‍കള്‍, വഫാത്തിന് ശേഷവും അത് അനുസ്യൂതം തുടരുന്നു.

ചിശ്തി ഥരീഖത്ത് ഇന്ത്യയില്‍ പ്രചാരം നേടിയത് ഖാജ(റ)യിലൂടെയായിരുന്നു. ഇന്ത്യക്കകത്തും പുറത്തും നിരവധി മുരീദുകള്‍ മഹാനവര്‍കള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി ശൈഖ് ഉസ്മാന്‍ ഹാറൂനി(റ) മക്കയില്‍ വെച്ച് ഇങ്ങനെ പ്രാര്‍ഥിച്ചുവത്രേ: അല്ലാഹുവേ, നീ ഈ മുരീദിനെ സ്വീകരിക്കേണമേ. അപ്പോള്‍ അദൃശ്യവിളിയുണ്ടായത്രേ: നാം അവനെ സ്വീകരിച്ചിരിക്കുന്നു. ഇതുപോലെ അദ്ദേഹം ദുആ ചെയ്തുവത്രേ: എന്റെ മുരീദുകള്‍ക്കൊപ്പമല്ലാതെ എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കരുതേ. അപ്പോള്‍ അദൃശ്യമറുപടിയുണ്ടായത്രേ: താങ്കളുടെപ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു.

ഉപര്യുക്ത കറാമത്തുകള്‍ക്ക് പുറമെ ഒട്ടേറെ കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഇശാഅ് നമസ്കാരശേഷവും മക്കയില്‍ വന്ന് ഥവാഫ് ചെയ്യുകയും സ്വുബ്ഹിക്ക് മുമ്പ് അജ്മീറിലെത്തിയിരുന്നുവെന്നും ദൃക്സാക്ഷിവിവിരണത്തോടെ ബഖ്തിയാല്‍ കഅ്കി(റ) ഉദ്ധരിക്കുന്നു.

മഹാനവര്‍കളുടെ കാലത്ത് അക്ബര്‍ ചക്രവര്‍ത്തി സ്ഥാപിച്ച ‘ലങ്കര്‍’ ചെമ്പ് ഇന്നും അത്ഭുതമായി അവശേഷിക്കുന്നു. ഉറൂസ് വേളകളില്‍ ഒഴുകിയെത്തുന്ന ജനസഹസ്രങ്ങള്‍ക്കു മുഴുവന്‍ അതിലെ ഭക്ഷണം തികയാറുണ്ടത്രേ.

മഹാനവര്‍കളില്‍ നിന്ന് പല മഹത്വാക്യങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഏതാനും ചിലത് ഇവിടെ വിസ്തരിക്കാം. അല്ലാഹുവിന്റെ നാമമോ ഖുര്‍ആനോ ശ്രവിച്ചിട്ടും ഹൃദയം ലോലമാവാത്തവന്‍, ദൈവികഭയത്താല്‍ വിശ്വാസം വര്‍ധിക്കാത്തവന്‍ മഹാപാപിയത്രേ. (ദലീലുല്‍ഫാലിഹീന്‍)

‘അഞ്ച് വസ്തുക്കളെ നോക്കല്‍ ഇബാദത്താകുന്നു. 1) മാതാപിതാക്കളുടെ മുഖം നോക്കല്‍. 2) ഖുര്‍ആന്‍ നോക്കല്‍. 3) പണ്ഡിതന്റെ മുഖം ആദരവോടെ വീക്ഷിക്കല്‍. 4) കഅ്ബാശരീഫ് ദര്‍ശനം. 5) തന്റെ ശൈഖ് മുര്‍ശിദിനെ കാണലും സേവനം ചെയ്യലും.’ (കയശറ)

‘ഥരീഖത്ത് വക്താക്കള്‍ക്ക് പത്ത് നിബന്ധനകളുണ്ട്. 1) ദൈവാന്വേഷണം. 2) മുര്‍ശിദിനെ തേടല്‍. 3) മര്യാദ. 4) തൃപ്തി. 5) സ്നേഹവും അനാവശ്യവര്‍ജ്ജനവും. 6) ഭക്തി. 7) ഇസ്തിഖാമതും ശരീഅത്തും. 8) ഭക്ഷണവും ഉറക്കവും കുറക്കല്‍. 9) നമസ്കാരവും നോമ്പും. 10) ഏകാന്തത’ (മുഈനുല്‍ഹിന്ദ്-186)

പ്രധാനഅവലംബങ്ങള്‍:

1) നഈ ദുന്‍യാ (ഉര്‍ദു)-അജ്മീര്‍ ഖാസാ സ്പെഷ്യല്‍)

2) സുല്‍ഥാനുല്‍ഹിന്ദ് ഖാജ ഗരീബ് നവാസ് (മൌലാന മുഹമ്മദ് ആസിം അഅ്സമി)

3) വിശ്വപ്രശസ്തനായ ഖാജ അജ്മീരി(റ) (ടി.എം. കുഞ്ഞിമൂസ, വടകര. പ്രസാ. ഹുസൈന്‍ ഖാസിമി ചിശ്തി ദര്‍ഗാശരീഫ്)

4) പാകീസെ ഹയാത് (അബ്ദുല്‍ജബ്ബാര്‍ ഹസ്രത്ത്)

5) ഖുഥ്ബാതെ ബാഖിയ (ഇബ്റാഹീം ശാഹ് ഖാദിരി)

കടപ്പാട്: ഇസ്‌ലാം ഓണ്‍ സൈറ്റ്

SHARE