വിശ്വപ്രസിദ്ധമായ ഏഴിമലയുടെ വടക്കേ താഴ്വരയില് പതിനാറാം നൂറ്റാണ്ടില്‍ താവളമടിച്ച പോര്‍ച്ചുഗീസുകാര്‍ അവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയമായ മസ്ജിടിനെതിരെയും അക്രമമഴിച്ചുവിടുകയുണ്ടായി. ഇതിനെതിരെ ചെറുത്ത് നിന്ന് വീരമൃത്യുവരിച്ച യോദ്ധാക്കളുടെ ദീപസ്മരനയിലാണ് രാമന്തളി 17 ശുഹദാക്കള്‍ ചരിത്രത്തില്‍ മഹത്തായ സ്ഥാനം പിടിച്ചത്.
സംഘടിതരായി ചെറുത്ത് നില്‍പ്പ് ആരംഭിച്ച മുസ്ലിം യുവാക്കള്‍ പറങ്കികലെന്നു വിളിച്ചുവരുന്ന പോര്‍ച്ചുഗീസുകാരെ എതിരിട്ടുവെങ്കിലും സേനാബലവും ആയുധശക്തിയും കൂടുതലുണ്ടായിരുന്ന ശത്രുക്കള്‍ക്ക് മുന്നില്‍ 17 പേര് മാത്രമുണ്ടായിരുന്ന മുസ്ലിം സംഘത്തിന് രക്തസാക്ഷിത്വം വരിച് ചരിത്രത്തിന്റെ ഭാഗമായി തീരേണ്ടി വന്നു.
പോര്‍ച്ചുഗല്‍ രാജാവിന്റെ കല്പനപ്രകാരം എ.ഡി.1498 (ഹിജ്റ 904 ) ലാണ് പോര്‍ച്ചുഗീസ് നാവികസേനാ പ്രമുഖന് വാസ്കോ ഡ ഗാമയും സംഘവും കോഴിക്കോടിനു സമീപത്തെ കാപ്പാട് കപ്പലിറങ്ങിയത്. വാണിജ്യകുത്തക കൈക്കലാക്കുകയും കേരളമടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ ആക്രമിച്ച് ആട്ടിപ്പായ്ക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. കോഴിക്കോട്ടും മറ്റും അറബി വ്യാപാരികളെ തുരത്തി വാണിജ്യമേഖല ക്രമേണ പറങ്കികള്‍ കയ്യടക്കി. മുസ്ലിംകളെ വ്യാപകമായി കരയില്‍വെച്ചും കടലില്‍വെച്ചും കൊന്നൊടുക്കുകയും, മസ്ജിദുകള്‍ തകര്‍ക്കുകയും ചെയ്തു . കോഴിക്കോട്ട് മാത്രം 4000 മുസ്ലിംകളെ കൊലപ്പെടുത്തിയിരുന്നു . പ്രധാന മുസ്ലിം കേന്ദ്രങ്ങളായ പൊന്നാനി, കൊച്ചി,ചാലിയം,കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പോര്‍ച്ചുഗീസുകാര്‍ ആക്രമണങ്ങള്‍ നടത്തിയത്. കോഴിക്കോട്ടെ സാമൂതിരി രാജാവ് പോര്‍ച്ചുഗീസുകാരുമായി ആദ്യകാലത്ത് സൗഹൃദത്തില്‍ ആയിരുന്നുവെങ്കിലും അവരുടെ വഞ്ചന മനസ്സിലാക്കിയതു മുതല്‍ നിരന്തര പോരാട്ടത്തിലായിരുന്നു. ചുരുക്കം ചില അവസരങ്ങളില്‍ അവരുമായി സാമൂതിരി സന്ധി ചെയ്തിരുന്നു.
ശുഹദാക്കളുടെ പേരുകള്‍
പടനായകനായ ഹസ്രത്ത് പോക്കര് മൂപ്പര്, പരി, ഖലന്തര്‍, പരി, കുഞ്ഞിപ്പരി, കമ്പര്‍, അബൂബക്കര്‍, അഹമദ്, ബാക്കിരിഹസന്‍,ചെറിക്കാക്ക(റ) എന്നീ 10 ശുഹദാക്കളുടെ പേരുകള്‍ മാത്രമേ ഇപ്പോള്‍ അറിയപ്പെടുന്നുള്ളൂ. 7 ശുഹദാക്കളുടെ പേരുകള്‍ പില്ക്കാലത്ത് വിസ്മൃതിയിലായി. പടത്തലവനായത് കൊണ്ടായിരിക്കാം ഹസ്രത്ത് പോക്കര്‍ക്ക് മൂപ്പര് എന്ന സ്ഥാനപ്പേര് വന്നതെന്ന് കരുതപ്പെടുന്നു. ഈ മഹാന്മാരായ 17 ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയാണ് രാമന്തളി ജുമാ മസ്ജിദിന് മുന്നില്‍ സ്ഥിതിചെയ്യുന്നത്. രാമന്തളിയില്‍ ജനിച്ചുവളര്‍ന്ന ഇവരുടെ കുടുംബ പരമ്പരയില്‍പ്പെട്ടവരാണ് ഇന്നത്തെ രാമന്തളി നിവാസികളില്‍ ഭൂരിഭാഗവും. രാമന്തളിയിലെ മുസ്ലിം തറവാടുകളില്‍ ഒന്നാം തറവാട് എന്ന് ഇപ്പോഴും അറിയപ്പെടുന്ന കുട്ട്വന്‍ പീടിക തറവാട്ടിലെ അംഗമായിരുന്നു പടനായകനായ പോക്കര് മൂപ്പര്(റ). ശുഹദാക്കളുടെ ഭൗതികശരീരങ്ങള്‍ കണ്ടെത്തിയ കിണറ്റില്‍ നിന്നും പ്രവഹിച്ച പ്രകാശത്തിന്റെ വിവരം അറിയിച്ച ഹിന്ദുസമുദായത്തില്‍പ്പെട്ട ചെത്തുകാരനായ യുവാവിന്റെ കുടുംബപരമ്പരയില്‍പ്പെട്ടവര്‍ ഇപ്പോഴും രാമന്തളി വടക്കുമ്പാട് പ്രദേശത്ത് താമസിക്കുന്നുണ്ട്.
ശുഹദാക്കളുടെ തറവാടുകള്‍
ധീരോജ്ജ്വലമായ പോരാട്ടത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ 17 ശുഹദാക്കളുടെ കുടുംബങ്ങള്‍……
1 – കുട്ട്വന്‍ പീടിക, 2 – കൊവ്വപ്പുറം, 3 – മോണങ്ങാട്ട്, 4 – മുണ്ടക്കാല്‍, 5 – പൊന്നിച്ചി 6 – ഉള്ളിവലിയകത്ത് 7 – തളിക്കാരന്‍, 8 – മൌവളപ്പില്, 9 – കളത്തിലെ പുര, 10 – തായത്ത്, 11 – കരപ്പാത്ത്, 12 – പറമ്പന്‍ .. എന്നീ ഇപ്പോഴുമുള്ള തറവാടുകളില്‍ ഉള്‍പ്പെടുന്നവരാണ്. പടനായകന് പോക്കര് മൂപ്പരുടെ തറവാട് കുട്ട്വന്‍ പീടികയാണ്. മറ്റു ശുഹദാക്കളുടെ തറവാടുകള്‍ മേല്പ്പറഞ്ഞവയില് പെടുന്നു. കുട്ട്വന്‍ പീടിക ഒന്നാം തറവാടായും കൊവ്വപ്പുറം രണ്ടാം തറവാടായും മോണങ്ങാട്ട് മൂന്നാം തറവാടായും മുണ്ടക്കാല്‍ നാലാം തറവാടായുമാണ് പരമ്പരാഗതമായി അറിയപ്പെട്ടിരുന്നത്. പോക്കര് മൂപ്പരൊഴികെയുള്ള ശുഹദാക്കളില്‍ ആരെല്ലാം ഏതെല്ലാം തറവാടുകളില്‍ ഉള്‍പ്പെട്ടവരാണെന്ന തിരിച്ചറിവ് പില്ക്കാലത്ത് ഇല്ലാതായി. ചില തറവാടുകളില്‍ നിന്ന് രണ്ടു പേര് വീതം യുദ്ധത്തില്‍ പങ്കെടുത്തതായും പറയപ്പെടുന്നുണ്ട്.
17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് മജിലിസും
17 ശുഹദാ മഖാം ഉറൂസ് 1963 ല്‍ ആരംഭിച്ചതാണ്. സയ്യിദ് മുത്തുക്കോയ തങ്ങളാണ്, ആ കാലത്തെ മഖാം പുനര്‍ നിര്‍മ്മാണത്തിനെന്നപോലെ ഉറൂസ് നടത്തിപ്പിനും നേതൃത്വം നല്‍കിയത്. ഉറൂസ് ഉദ്ഘാടനം പാണക്കാട് സാദാത്തുക്കളും സമാപനം ശംസുല്‍ ഉലമയും ആയിരുന്നു പതിവ്.
പതിനേഴ് ശുഹദാ മഖാമില്‍ മാസം തോറും സംഘടിപ്പിച്ചു വരാറുള്ള സ്വലാത്ത് മജ്ലിസ് 2005 മെയ് മാസം ആരംഭിച്ചതാണ്. ജമാഅത്ത് തീരുമാന പ്രകാരമാണിത്. പിന്നീട് സ്വലാത്ത് പുസ്തകരൂപത്തില്‍ ക്രോഡീകരിച്ചതും അപ്രകാരം നേതൃത്വം നല്കിയതും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ്. രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ വെച്ചാണ് സ്വലാത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്. മാസം തോറും നടക്കുന്ന ഈ സ്വലാത്ത് മജിലിസില്‍ വിശ്വാസികളുടെ പങ്കാളിത്തം ആയിരക്കണക്കില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മാസം തോറും ഇത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. മലബാറില്‍ ഏറ്റവും അധികം വിശ്വാസികള്‍ പങ്കെടുക്കുന്ന മാസാന്തര സ്വലാത്ത് മജിലിസാണിത്. കമ്മിറ്റിക്ക് പുറത്തുള്ള ആളാണ് സ്വലാത്ത് തുടങ്ങിയതെന്ന പ്രചാരണം ശരിയല്ല. എന്നാല്‍ സ്വലാത്ത് മജിലിസിന്റെ വമ്പിച്ച വിജയത്തിന് അത്തരം ചിലരുടെ സംഭാവന വലുതായിരുന്നു.