ഖാരിഅ് ഹസ്സന്‍ മുസ്‌ലിയാര്‍

1044

പാണ്ടിക്കാട് ഒറവമ്പുറത്ത് രായിന്‍ എന്നോ മരക്കാരെന്നോ പേരായ ഒരു നാട്ടു മൊല്ല ഉണ്ടായിരുന്നു. ഒരു ചെറുകിട പണ്ഡിതന്‍, രസികന്‍, ഗായകന്‍. വിസ്മയാവഹമായ ശബ്ദ സൗകുമാര്യമായിരുന്നു ഇയാളുടെ പ്രത്യേകത.കുയിലിനെ വെല്ലുന്ന സ്വരമാധുരി. ആ പ്രദേശങ്ങളിലെ കല്യാണ സദസ്സുകളെ തന്റെ ശബ്ദ സൗകുമാര്യം കൊണ്ടദ്ദേഹം കുളിരണിയിക്കുമായിരുന്നു. പുതിയാപ്പിളയുടെ കൂടെ ഇയാള്‍ പാടിപ്പുറപ്പെട്ടാല്‍ അതൊരു ഘോഷം തയൊയിരിക്കും. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് രായിന്‍ മൊല്ലയുടെ ജേഷ്ഠ സഹോദരന്‍ കുഞ്ഞാറ മഞ്ചേരിക്കടുത്ത നറുകരയിലേക്ക് കുടിയേറിപ്പാര്‍ത്തു. ശബ്ദ സൗകുമാര്യം ഈ കര്‍ഷക കുടുംബത്തിന്റെ പാരമ്പര്യ സിദ്ധിയായിരുന്നു. പക്ഷേ സ്വരമാധുരിയുടെ ഈ അപൂര്‍വ്വ സിദ്ധി ചൂഷണം ചെയ്യപ്പെടുകയോ പോഷിപ്പിക്കപ്പെടുകയോ ചെയ്തില്ല. കുഞ്ഞാറയുടെ മകന്‍ പരുതിനി മുഹമ്മദ്. മുഹമ്മദിന്റെ പുത്രന്‍ ഹസ്സന്‍ മുസ്ലിയാര്‍. ഹസ്സന്‍ മുസ്ലിയാര്‍ പക്ഷേ ചരിത്രം കുറിച്ചു. മുപ്പത് വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മനം കവര്‍ ഖാരിഅ് പി. ഹസ്സന്‍ മുസ്ലിയാരുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.

ശബ്ദ സൗഭാഗ്യം കൊണ്ടു പ്രശസ്തരായവര്‍ക്കൊും എത്തിപ്പിടിക്കാനാവാത്ത മഹത്വത്തിന്റെ കൊടുമുടികളാണ് ഹസ്സന്‍ മുസ്ലിയാര്‍ കീഴടക്കിയത്. പലരും സ്വരസിദ്ധി സംഗീതത്തില്‍ മാറ്റുരച്ചപ്പോള്‍ ഹസ്സന്‍ മുസ്ലിയാര്‍ വിശുദ്ധ ഖുര്‍ആനില്‍ അതു മാറ്റുരച്ചു. സംഗീതത്തിന് ദിവ്യത്വം കെട്ടിയേല്‍പ്പിക്കപ്പെട്ട വിശേഷണം മാത്രമാണെങ്കില്‍ സാക്ഷാല്‍ ദിവ്യവചനങ്ങളുടെ സ്വരമാധുരിയാണു ഹസ്സന്‍ മുസ്ലിയാര്‍ പ്രസരിപ്പിച്ചത്. സംഗീത സാമ്രാജ്യത്തില്‍ സാമ്രാട്ടുക്കളുടെ ഇടിച്ചുകയറ്റവും കിടമത്സരവുമാണെങ്കില്‍ ഹസ്സന്‍ മുസ്ലിയാരുടെ സാമ്രാജ്യത്തില്‍ അദ്ദേഹം ഏകഛത്രാധിപതിയായിരുന്നു. ഖുര്‍ആന്‍ വിജ്ഞാനത്തിലും ഖിറാഅത്തിലും ഹസ്സന്‍ മുസ്ലിയാരെപ്പോലെ ഒരാളെ കേരളം കണ്ടിട്ടില്ല.

‘നിങ്ങളില്‍ ഉത്തമന്‍ വിശുദ്ധ ഖര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്’ എന്ന് നബി വചനം. ഹസ്സന്‍ മുസ്ലിയാര്‍ ഈ ഔത്യം നാനാര്‍ത്ഥങ്ങളിലും സ്വായത്തമാക്കി. വിശുദ്ധ ഖര്‍ആന്‍ കൊണ്ടൊരു ജീവിതം അദ്ദേഹം പടുത്തു. പതിനായിരത്തോളം വരുന്ന ശിഷ്യസമ്പത്ത്. ശിഷ്യന്മാര്‍ ചെറു വിദ്യാര്‍ത്ഥികളൊ സാധാരണക്കാരോ അല്ല. പഠിച്ചതു അടച്ചുപൂട്ടി പാടുനോക്കിപ്പോയവരുമല്ല. ഉസ്താദിന്റെ വചനപ്പൊരുള്‍ ആയിരങ്ങള്‍ക്കു പകര്‍ന്നു നല്‍കുന്ന പണ്ഡിതന്മാരാണ് അവരില്‍ ഓരോരുത്തരും.

1934 ഏപ്രില്‍ 4 ന് മുഹമ്മദ് എന്നവരുടെയും പാലായി അസൈനാരുടെ മകള്‍ മറിയുമ്മയുടെയും രണ്ടാമത്തെ മകനായി ഹസന്‍ മുസ് ലിയാര്‍ ജനിച്ചു. അബ്ദുല്ല, ആയിശ, ആമിന, മുഹമ്മദ്, അബ്ദു റഹ് മാന്‍, അബൂബക്കര്‍, ഖദീജ എന്നിവരാണ് സഹോദരങ്ങള്‍. പട്ടര്‍കുളത്തെ പുത്തലത്ത് കുഞ്ഞമ്മഹദാജിയുടെ മകള്‍ സൈനബയാണ് പത്‌നി. ഹസന്‍ മുസ് ലിയാര്‍ക്ക് ആറു മക്കളുണ്ട്. സ്വഫിയ്യ, മൈമൂന, അബ്ദുല്‍ ഹക്കീം, അബ്ദുസ്സലാം, സുബൈദ, നൂറുദ്ദീന്‍. ഇളയ മകന്‍ നൂറുദ്ദീന്‍ ഖാരിആണ്.

സ്‌കൂളില്‍ തന്നെ മതവിദ്യാഭ്യാസവും നടക്കുന്ന കാലത്താണ് ഹസന്‍ മുസ് ലിയാര്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. സ്‌കൂള്‍ അഞ്ചാം തരം വരെ പഠിച്ചതിനൊപ്പം ഖുര്‍ആന്‍ പാരായണവും ദീനിയ്യാത്തും അമലിയ്യാത്തും പഠിച്ചു. പി കമ്മദു മൊല്ലയായിരുന്നു ആദ്യത്തെ ഗുരു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പട്ടര്‍കുളത്തെ ജുമുഅത്തു പളളിയിലായിരുന്നു മതപഠനം. പകല്‍ കൃഷിപ്പണിയില്‍ വീട്ടുകാരെ സഹായിക്കും രാത്രി ദര്‍സില്‍ പോകും. പി അലവി മുസ് ലിയാര്‍ സികെ കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍ തുടങ്ങിയവരായിരുന്നു ഉസ്താദുമാര്‍. നാട്ടിലെ പഠനം മൂന്നു വര്‍ഷം തുടര്‍ന്നു.

1948 ല്‍ ഉപരി പഠനത്തിനായി ഫറോക്ക് ചെറുവണ്ണൂരിലെ തെക്കെ ജുമുഅത്ത് പളളിയിലെത്തി. കിടങ്ങഴി സ്വദേശി ഇ കെ മുഹമ്മദ് കുട്ടി മുസ് ലിയാരാണ് ദര്‍സ് നടത്തിയിരുന്നത്. അനുജന്‍ അബ്ദു റഹ് മാന്‍ മുസ് ലിയാരെ പഠിപ്പിക്കാനയച്ചതും പ്രോത്സാഹിപ്പിച്ചതും ഖാരിഅ് ആക്കിയതും ഹസന്‍ മുസ് ലിയാരാണ്. ഹസന്‍ മുസ് ലിയാരുടെ നീണ്ട ശിഷ്യ ഗണങ്ങളില്‍ പ്രമുഖരില്‍ ഒരാളാണ് അനുജന്‍. സമസ്ത കേരള ഇസ് ലാം വിദ്യാഭ്യാസ ബോര്‍ഡിന്റെ ഖാരിആയിരുന്നു.

ഫറോക്കിലെ പഠനം ഒരു വര്‍ഷം മാത്രമേ നീണ്ടു നിന്നുളളൂ. രണ്ടാം ലോക മഹായുദ്ധം കാരണം നാട്ടിലാകെ ദാരിദ്ര്യവും വിലക്കയറ്റവും കൊടുമ്പിരി കൊണ്ട കാലമായിരുന്നു അത്.

വണ്ടൂരില്‍ പ്രശസ്ത പണ്ഡിതന്‍ കെകെ സദഖത്തുല്ല മുസ് ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. 1949 മുതല്‍ 1955 അവസാനം വരെ വണ്ടൂരില്‍ ഓതിപ്പഠിച്ചു.

1955 ല്‍ പിതാവിന്റെ മരണം ഹസന്‍ മുസ് ലിയാരുടെ പഠനത്തെയും ജീവിതത്തെയും തകിടം മറിച്ചു. പിതാവിന്റെ സ്ഥാനത്ത് നിന്ന് കുടുംബത്തെ സഹായിച്ചിരുന്ന പിതാ മഹനും പിതാവ് മരണപ്പെട്ടതിന്റെ ആറാം മാസം മരിച്ചു. ഇതോടെ ഭേദപ്പെട്ട നിലയില്‍ ജീവിച്ചു വന്നിരുന്ന കുടുംബം ഒറ്റ ദിവസം കൊണ്ടെന്ന പോലെ ദരിദ്രരായി. പഠനം മാത്രമല്ല. ജീവിതവും വഴി മുട്ടി.

താഴെയുളള സഹോദരന്‍മാരെല്ലാം കുട്ടികളായിരുന്നു. പഠനം തുടരാനുളള പ്രയാസത്തോടൊപ്പം കുടുംബ ഭാരം കൂടി വന്നു ചേര്‍ന്നപ്പോള്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരി പഠനത്തിന് പോവാനുളള ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. പ്രിയപ്പെട്ട ഉസ്താദ് സഹഖത്തുല്ലാഹ് മുസ് ലിയാര്‍ ശിഷ്യന്റെ ദു:ഖം മനസിലാക്കി സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. കോളേജില്‍ പോകാന്‍ കഴിയാത്തതില്‍ ദുഖം വേണ്ട. അതില്ലാതെ തന്നെ നിനക്ക് വേണ്ടതെല്ലാം കൈവരും. ഖുര്‍ആന്‍ വിജ്ഞാനീയത്തിലേക്കുളള ചുവടുമാറ്റവും ആ രംഗത്തുണ്ടായ മുന്നേറ്റവും അഭിവന്ദ്യ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളുടെ വ്യക്തമായ പുലര്‍ച്ചയാണെന്ന് ഹസന്‍ മുസ് ലിയാര്‍ വിശ്വസിച്ചു.

കുടുംബം പുലര്‍ത്താനായി വയനാട്ടിലെ ചുളളിയോട്ട് ഖാളിയും മദ്രസാ മുഅല്ലിമുമായി ജോലിയാരംഭിച്ചു. ആറു വര്‍ഷക്കാലം ആ ജോലിയില്‍ തുടര്‍ന്നു. 1961 ല്‍ ജോലി രാജിവെച്ച് തിരിച്ചു പോരുന്നതിനിടെ കൊടുവളളിയില്‍ ബസിറങ്ങിയതാണ് ജീവിതത്തില്‍ ഗതിമാറ്റത്തിനു കാരണമായത്.

ഖുര്‍ആന്‍ പാരായണ അധ്യാപന രംഗത്ത് കേരള മുസ് ലിംകള്‍ക്ക് നിസ്തുലമായ സംഭാവനകള്‍ ചെയ്ത അഭിവന്ദ്യ ഗുരു കെ വി അബ്ദു റഹ് മാന്‍ മുസ് ലിയാര്‍ ഹസന്‍ മുസ് ലിയാരെ സിറാജുല്‍ ഹുദയില്‍ അധ്യാപകനായി ചേരാന്‍ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച് അഞ്ചാം തരത്തില്‍ അധ്യാപകനായി ചേര്‍ന്നു.

മദ്‌റസാ ക്ലാസുകള്‍ വിപുലീകരിച്ച് ഉയര്‍ന്ന മതപഠനങ്ങള്‍ക്ക് വേണ്ടിയുളള ശ്രമങ്ങള്‍ നടന്നതും ഹസന്‍ മുസ് ലിയാരുടെ ആഗമനത്തിനു ശേഷമാണ്. നാലഞ്ചു വര്‍ഷം കൊണ്ട് ഉപരി പഠനത്തിന് കോളേജിലയക്കാവുന്ന ഒരു ബാച്ചിനെ ഹസന്‍ മുസ് ലിയാര്‍ വാര്‍ത്തെടുത്തു. 1965 ഫെബ്രുവരിയില്‍ സിറാജുല്‍ ഹുദയിലെ ജോലിയില്‍ നിന്ന് ഒഴിവായി. ഉടനെ തന്നെ സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മുഫത്തിശായി ജോലിക്കപേക്ഷിച്ചു. 1965 ഫെബ്രുവരി 16 ന#ു തന്നെ നിയമനവും കിട്ടി. ഇരുപത്തി മൂന്നു കൊല്ലം മുഫത്തിശായി സേവനമനുഷ്ഠിച്ചു. ജോലിയും തസ്തികയും മുശത്തിശിന്റെതായിരുന്നുവെങ്കിലും ജോലി ഖാരിഇന്റെതായിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രാഥമിക നിയമങ്ങള്‍ പഠിച്ചു കൊണ്ട് തജ് വീദ് പഠനത്തിന് തുടക്കം കുറിച്ചത് കെ വി അബ്ദുല്‍ റഹ് മാന്‍ മുസ് ലിയാരില്‍ നിന്നായിരുന്നു. സിറാജുല്‍ ഹുദയില്‍ സേവനമനുഷ്ഠിക്കുന്നതിനിടയില്‍ 1961 ല്‍ കൊടുവളളിയില്‍ വെച്ചു നടന്ന ഹിസ്ബ് ക്ലാസിലും 1962 ല്‍ നടന്ന ഹിസ്ബ് ട്രെയിനിംഗ് ക്ലാസിലും ഹസന്‍ മുസ് ലിയാര്‍ ഒന്നാമനായി വിജയിച്ചു ഈ രണ്ട് ക്ലാസുകളും നടത്തിയിരുന്നത് ബഹുമാനപ്പെട്ട കെ വി അബ്ദുറഹ് മാന്‍ മുസ് ലിയാരായിരുന്നു. കേരളത്തില്‍ നിലവിലുളള ആസിമീ ഖിറാഅത്താണ് കെ വിയില്‍ നിന്ന് നേടിയത്. ഖുര്‍ആന്‍ ഗവേഷണ രംഗത്ത് രസം പിടിച്ചപ്പോള്‍ മുസ് ലിം ലോകത്ത് സര്‍വാംഗീകൃതമായ ഏഴു ഖിറാഅത്തുകളും പഠിക്കാന്‍ ഹസന്‍ മു സ് ലിയാരില്‍ മോഹമുദിച്ചു. പക്ഷേ കേരളത്തില്‍ ഇത് പഠിപ്പിക്കുന്നതിനുളള സ്ഥാപനങ്ങളോ ഉസ്താദുമാരോ ഉണ്ടായിരുന്നില്ല. മാര്‍ഗനിര്‍ദേശം നല്‍കാന്‍ പോലും ആരുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

SHARE