ഒ കെ ഉസ്താദ്: സൂഫിഗുരു

981

പഠനമൊക്കെ കഴിഞ്ഞ് ദര്‍സ് തുടങ്ങിയ സമയം. ശൈഖുനാ ഒ.കെ ഉസ്താദ് ഉംറ കഴിഞ്ഞെത്തിയെന്ന് കേട്ട് ഉസ്താദിനെ കാണാന്‍ ഒതുക്കുങ്ങലെ വീട്ടിലെത്തിയതായിരുന്നു ഞാന്‍. വരാന്തയിലെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ട് ഉസ്താദ്. ‘ഉംറയുടെ വിശേഷങ്ങളൊക്കെ എന്താ?’ സലാം ചൊല്ലിയ ശേഷം ഞാന്‍ ചോദിച്ചു. പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചത് പോലായിരുന്നില്ല: ‘എന്താ ങ്ങക്ക് അങ്ങട്ടൊന്ന് പോയി നോക്ക്യാല്?’ ഹജ്ജിനും ഉംറക്കുമൊന്നും സാധ്യമാകുന്ന സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ അക്കാലത്ത് ആ വഴിക്കൊന്നും ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു ഞാന്‍. പക്ഷേ, ശൈഖുനാ കടുപ്പിച്ച് തന്നെയായിരുന്നു: ‘റമളാനില്‍ ഒരു ഉംറ വിസയടിച്ച് പോവുക, പിന്നെ ഹജ്ജും കഴിഞ്ഞ് പോന്നാ മതി’. ഉംറ വിസയുടെ മറവില്‍ ജോലിക്ക് പോയി പിടിക്കപ്പെട്ട അനവധി ആളുകളുടെ ചിത്രങ്ങള്‍ എന്റെ ഉള്ളിലൂടെ മിന്നിമറഞ്ഞു. തെല്ലൊരാശങ്കയോടെ ഞാന്‍ ചോദിച്ചു:’അപ്പോ അത് നിയമവിരുദ്ധമാവില്ലേ?’ അപ്പോള്‍ ശൈഖുനാ പറഞ്ഞു: ‘ഉംറ വിസക്കു പോയി ജോലി ചെയ്യലാണ് നിയമത്തിനെതിരാവുക. ഇബാദത് ചെയ്യുകയാണെങ്കില്‍ പ്രശ്‌നമില്ല, അതിനല്ലേ വിസ…’ എങ്കിലും, അത്രയെളുപ്പത്തില്‍ പോകാനുള്ള സാമ്പത്തികമോ മാനസികമോ ആയ നിലയിലെത്തിയിട്ടില്ലാത്തതിനാല്‍ പ്രത്യേകിച്ച് തീരുമാനമൊന്നുമെടുക്കാതെ ഞാന്‍ തിരിച്ചു പോന്നു.
ആ വര്‍ഷം തന്നെ, നാഗൂരില്‍ സിയാറതിനു ചെന്നപ്പോള്‍ ഒരാള്‍ എന്റടുത്തു വന്നു, വലിയ താടിയൊക്കെ ഉള്ള ഒരാള്‍… അയാള്‍ എന്നോട് ചോദിച്ചു:
‘എന്താ നിന്റെ പേര്?’
‘അലി’
‘അലി, അര്‍ശിലെ പുലി.. ഇക്കൊല്ലത്തെ ഹജ്ജിനു പോകും’
ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. മനസ്സില്‍ ശൈഖുനാ ഇറ്റിച്ച അതേ തെളിനീര്‍ തുള്ളിയുമായി മറ്റൊരു ശൈഖ് ഇങ്ങു ദൂരെ!! അപ്പോഴെനിക്ക് ഒരു കാര്യം മനസ്സിലായി. ഉസ്താദിന്റെ വാക്കുകള്‍ അലൗകികമായി എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്.
പിന്നീട് റമളാനോടടുത്ത ദിവസം. നാട്ടുകാരനായ ഒരാള്‍ എന്നെ വന്നുകണ്ടു. സ്‌കൂളിലെ സഹപാഠികൂടിയായ അയാള്‍ അദ്കിയയും തജ്‌വീദുമെല്ലാം എന്റടുത്തു നിന്ന് പഠിച്ചിരുന്നു. എന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ടാണ് വരവ്. അയാള്‍ പറഞ്ഞതു കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു: ‘ഞാനും ഉമ്മയും ഇക്കൊല്ലം ഹജ്ജിനു പോകാനുദ്ദേശിക്കുന്നുണ്ട്. പക്ഷേ, ഞങ്ങളെത്തുന്നതിനു മുമ്പ് നിങ്ങള്‍ മക്കത്തെത്തണമെന്ന് എനിക്കൊരു നിര്‍ബന്ധം. അതിനാല്‍ ഞാനൊരു ഉംറവിസയടിച്ചു തരാം. നിങ്ങള്‍ റമളാനിലേ പോയി അവിടെ തങ്ങിക്കോളൂ..’
ശൈഖുനാ മുമ്പേ പറഞ്ഞു വെച്ച വാക്കുകള്‍ എത്ര കൃത്യതയാര്‍ന്ന ഉന്നങ്ങളിലാണ് ചെന്നു പതിക്കുന്നതെന്ന് ബോധ്യമായ, ജീവിതത്തിലെ നിരവധി നിമിഷങ്ങളില്‍ ഏറ്റവും അമൂല്യമായി എനിക്ക് തോന്നുന്നത് ഈ സംഭവമാണ്. പിന്നീട് എന്നെ കണ്ടയുടനെ ശൈഖുനാ ചോദിച്ചത് ‘പാസ്‌പോര്‍ട്ട് കൊടുത്തീലേ’ എന്നായിരുന്നു!!
അങ്ങനെയായിരുന്നു ശൈഖുനാ ഓടക്കല്‍ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്ന ജ്ഞാനസാഗരം. അവിടുത്തെ വാക്കുകള്‍ക്ക് അത്രയേറെ കൃത്യതയും മൂല്യവുമായിരുന്നു. സല്‍കര്‍മങ്ങളേറെ ചെയ്ത് ഇലാഹീ സാമീപ്യം നേടിയവരുടെ അവയവങ്ങള്‍ക്ക് ഇലാഹീ സ്പര്‍ശമുണ്ടാകുമെന്നാണല്ലോ തിരുവരുള്‍.
സൈനുദ്ദീന്‍ മഖ്ദൂമില്‍ നിന്ന് അറിവു നേടാന്‍ യമനില്‍ നിന്ന് പൊന്നാനിയിലെത്തിയ അബ്ദുറഹ്മാനുല്‍ യമനിയുടെ സന്താനപരമ്പരയിലാണ് ഉസ്താദ്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ മകള്‍ ഫാത്വിമാ ബീവിയെയാണ് അബ്ദുറഹ്മാനുല്‍ യമനി വിവാഹം ചെയ്തത്. ഭാര്യക്ക് ഗര്‍ഭമുള്ളപ്പോള്‍ സ്വദേശത്തേക്ക് യാത്ര തിരിച്ച ആ മഹാ പണ്ഡിതന്‍, പിറക്കാനിരിക്കുന്ന കുഞ്ഞിന് അലി ഹസനെന്ന പേരിടണമെന്ന നിര്‍ദേശം നല്‍കി. അലി(റ)ന്റെയും മകന്‍ ഹസന്‍(റ)ന്റെയും പേരുകള്‍ ചേര്‍ത്തു വെച്ച പിതാമഹന്റെ നിര്‍ദേശത്തിന്റെ പൊരുള്‍, താന്‍ അഹ്‌ലുബൈത്താണ് എന്നായിരിക്കും. ഇല്‍മിലും തഖ്‌വയിലുമായി വളര്‍ന്ന അലിഹസന്‍ മുസ്‌ലിയാര്‍ തിരൂരങ്ങാടിയില്‍ ഖാളിയായി നിയമിതനായി. തിരൂരങ്ങാടിയില്‍ വെച്ചാണ് ഓടക്കല്‍ എന്ന് തറവാടിന് പേരുവന്നത്. പിന്നീട് പലയിടങ്ങളിലേക്കും ഈ കുടുംബം പ്രസരിച്ചു. ഈ ശൃംഖലയില്‍ കുഴിപ്പുറത്തെ അലിഹസന്‍ മുസ്‌ലിയാരുടെ മകനായാണ് ശൈഖുനാ ഒ.കെ ഉസ്താദ് പിറന്നത്.
വളരെയധികം സാഹസികത നിറഞ്ഞ അധ്യയന ജീവിതമായിരുന്നു ഉസ്താദിന്റേത്. നാമൊക്കെ ഓതുന്നതിന്റെ ഇരട്ടിയിലധികം കാലം ഉസ്താദ് കിതാബോതിയിട്ടുണ്ടത്രെ! അല്‍ഫിയയൊക്കെ മൂന്ന് തവണ പൂര്‍ണമായും ഓതിയിട്ടുണ്ട്. നാട്ടില്‍ നിന്ന് വണ്ടൂര്‍ വരെ നടന്നു പോയിട്ടാണ് ഉസ്താദ് ദര്‍സിലെത്തിയിരുന്നത്.
ഉസ്താദിന്റെ ദര്‍സിന് വൈശിഷ്ഠ്യങ്ങളേറെയുണ്ടായിരുന്നു. സബ്ഖുകളില്‍(ക്ലാസ്സുകളില്‍) ഓരോ കിതാബിന്റെയും മുസ്വന്നിഫുമാര്‍(രചയിതാക്കള്‍) വന്ന് പറഞ്ഞുകൊടുക്കുന്നുണ്ടെന്ന് തോന്നുമെന്ന് വൈലത്തൂര്‍ ബാവ ഉസ്താദ് പറയുന്നു. അത്ര കൃത്യതയും അനുയോജ്യവുമായിരുന്നു ഓരോ വാക്കിനും ഉസ്താദ് നല്‍കിയിരുന്ന അര്‍ത്ഥങ്ങള്‍.
ശൈഖുനായുടെ ഇല്‍മ് ഖബൂലാണെന്ന് തെളിയിക്കുന്ന ഒരു സംഭവമുണ്ട്. രോഗശയ്യയിലുള്ള കാലം, എവിടേക്കും പോകാറൊന്നുമില്ല ഉസ്താദ്. മലപ്പുറത്തു നിന്ന് പ്രായമുള്ള ഒരു തങ്ങള്‍ വന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു പ്രശ്‌നമുണ്ട്- ഒരാള്‍ക്ക് ഭ്രാന്തുണ്ടാവും. അയാള്‍ മരിച്ചാല്‍ അസുഖം അടുത്തയാളിലേക്ക് പകരും. എല്ലാ വാതിലുകളിലും മുട്ടിനോക്കി, ഫലം കണ്ടില്ല. ഇനി ഉസ്താദ് മാത്രമാണെന്റെ പ്രതീക്ഷ. അദ്ദേഹം കരഞ്ഞു. തങ്ങന്മാരെ അതിരറ്റ് സ്‌നേഹിക്കുന്ന ശൈഖുനായെ വയോധികന്റെ വാക്കുകള്‍ വല്ലാതെ അലട്ടി. ആ അവശതയിലും ഉസ്താദ് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അവിടുത്തെ പരാധീനതകള്‍ നേരില്‍ക്കണ്ട ഉസ്താദിന്റെ ഉള്ളില്‍ തട്ടി ഒരു ദുആ പൊട്ടിപ്പുറപ്പെട്ടു: ‘അല്ലാഹ്.. എന്റെ ഇല്‍മ് നിന്റട്ത്ത് ഖബൂലാണെങ്കി ഈ രോഗം ജ്ജ് മാറ്റിക്കൊട്ക്ക’ മൂന്ന് തവണ ആവര്‍ത്തിച്ച ആ ദുആയുടെ ഫലമായി ആ രോഗം ഉടനെ സുഖപ്പെട്ടു. പിന്നീട് ഇതുവരെ ഉണ്ടായിട്ടുമില്ല. സ്വീകാര്യതയുള്ള ഇല്‍മും ഇഹ്‌സാനോടെയുള്ള (അല്ലാഹു എല്ലാം കാണുന്നുവെന്ന ഉറപ്പ്) ഇബാദത്തുമായിരുന്നു ഉസ്താദിന്റെ കൈമുതല്‍.
ഉസ്താദിന്റെ ജീവിതത്തില്‍ നിന്ന് സകലരും പകര്‍ത്തേണ്ട പാഠം സമയത്തിനോടുള്ള ഉസ്താദിന്റെ സമീപനമാണ്. ഒരാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെടുന്നത് അല്ലാഹു അയാളെ അവഗണിച്ചുവെന്നതിന്റെ അടയാളമാണെന്ന് ഇമാം ഗസ്സാലി അയ്യുഹല്‍ വലദില്‍ കുറിച്ചിട്ടുണ്ട്. ഇത്തരം അനാവശ്യ നിമിഷങ്ങള്‍ തീരെ കാണാനില്ലാത്ത ജീവിതമായിരുന്നു ശൈഖുനായുടേത്. ഒരു നിമിഷം പോലും പാഴാവാത്ത ഒരസാധാരണ ജീവിതം!. ദിവസവും സുബ്ഹിന്റെ ഏറെ മുമ്പ് ഉണര്‍ന്ന് തഹജ്ജുദിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകും. പ്രാര്‍ത്ഥനകള്‍ക്ക് ഏറ്റവും ഉചിതമായ ഇരുട്ടുള്ള രാത്രികളില്‍ ഉസ്താദ് ഏറെ കരഞ്ഞ് പരിപാലകനായ ഇലാഹിനോടുള്ള കടമകള്‍ വീട്ടും.
പിന്നീടങ്ങോട്ട് സബ്ഖുകളായിരിക്കും. ഭക്ഷണത്തിനും നിസ്‌കാരത്തിനും വേണ്ടി ചെറിയ ഇടവേളകള്‍. അത്രമാത്രം!. ജമാഅത്തിന് ദിവസവും ഒന്നാം സ്വഫില്‍ വലതു ഭാഗത്തു തന്നെ നിലയുറപ്പിക്കും. അവിടെയാണല്ലോ ഏറ്റവും പ്രതിഫലം. വൈകുന്നേരങ്ങളിലും ഏറെ നേരം സബ്ഖുകള്‍ തന്നെയായിരിക്കും. മഗ്‌രിബിന് അല്‍പം മുമ്പ് നിര്‍ത്തി, കുളി കഴിഞ്ഞ് തസ്ബീഹും മറ്റുമായി മഗ്‌രിബിനെ ഇന്‍തിളാര്‍ ചെയ്യും (പ്രതീക്ഷിച്ചിരിക്കും). ഹദീസുകളില്‍ വലിയ പോരിശയുള്ള പുണ്യമായി എണ്ണിയിട്ടുള്ളതാണ് ഇന്‍തിളാര്‍.
മഗ്‌രിബിന് ശേഷം മുസ്‌ലിം ദര്‍സുണ്ട്. ആ ദര്‍സ് ഒഴിവാക്കിയ കാലം ഉസ്താദിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇശാ നിസ്‌ക്കാരം കഴിഞ്ഞ് മുതഅല്ലിമീങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന ഇടവേളയില്‍ ഔറാദുകളില്‍ മുഴുകും. രണ്ടാം ദര്‍സില്‍(ഇശാഇന് ശേഷം കിതാബോതാന്‍ വേണ്ടി കുട്ടികള്‍ ഹല്‍ഖയായി ഇരിക്കുന്ന രീതി) കുട്ടികളെ നിരീക്ഷിച്ചും അവരുടെ സംശയങ്ങള്‍ തീര്‍ത്തു നല്‍കിയും പള്ളിയില്‍ ഉലാത്തുകയായിരിക്കും ഉസ്താദ്.
ജീവിതത്തിലെ ഹരവും വിശ്രാന്തിയുമൊക്കെ ആയി ദര്‍സ് മാറുന്ന കാഴ്ചയായിരുന്നു ഉസ്താദിന്റെ ജീവിതം. രോഗകാലത്ത് ദര്‍സില്ലാഞ്ഞിട്ട് നേരം നീങ്ങുന്നില്ലെന്ന് പരിതപിക്കുകയായിരുന്നു ഉസ്താദ്.
ആരോടെങ്കിലും സംസാരിക്കുകയാണെങ്കില്‍ പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ മാത്രമേ ഉസ്താദ് പറയുകയുള്ളൂ. തന്റെ ഗുരുക്കന്മാരുടെയും മറ്റു മഹദ് ജീവിതങ്ങളുടെയും ജീവിതമോര്‍ക്കും. കൈപ്പറ്റ ഉസ്താദ്,കാപ്പാട് ഉസ്താദ്, അറക്കല്‍ മൂപ്പര്, പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെയൊക്കെ ജീവിതത്തെക്കുറിച്ച് വിവരിക്കാന്‍ ഉസ്താദിന് നല്ല രസമാണ്. ആ രസമാണ് ഉസ്താദിന്റെ ജീവിതം തസ്വവ്വുഫിന്റെയും തഅ്‌ലീമിന്റെയും ഉല്ലാസകാലമാക്കിയത്.
ഉഖ്‌റവിയ്യായ ഇല്‍മുണ്ടായാല്‍ ദുന്‍യവിയായ കാര്യമൊക്കെ എളുപ്പമാവുമെന്ന് മുതഅല്ലിമീങ്ങളാട് എപ്പോഴും ഉപദേശിക്കും. ഹിക്മത് ലഭിച്ചവന് ധാരാളം നന്മകള്‍ കൈവരുമെന്ന ഖുര്‍ആനിക സൂക്തമാണ് അതിനു തെളിവായി ഓതുക. ആ സദുപദേശത്തിന്റെ ഹൃദ്യമായ വ്യാഖ്യാനമായിരുന്നു ഉസ്താദിന്റെ ജീവിതവും.
ഐഹിക സുഖങ്ങളും നേട്ടങ്ങളും ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഉസ്താദിന് എല്ലാം ലഭിച്ചു. ഇപ്പോള്‍ വീടും മഖാമുമൊക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം ഒരാള്‍ ഹദ്‌യ ചെയ്തതാണത്രെ! വിശാലമായ സ്ഥലം നല്‍കിയപ്പോള്‍ ഒരുപാട് തവണ ഉസ്താദ് നിരസിച്ചെങ്കിലും അയാള്‍ വകവെച്ചില്ല.
ഞാന്‍ ഹജ്ജിനു പോകുമ്പോള്‍ എന്നോട് പറയും: ‘എന്റെ ദുന്‍യാവിന് വേണ്ടി ആരും ദുആര്ക്കണ്ട, അതൊക്കെ ന്റെ റബ്ബ് തന്ന്ക്ക്ണ്. ആഖിറം നന്നായിക്കിട്ടാന്‍ ദുആര്‌ക്കേണ്ടി(പ്രാര്‍ത്ഥിക്കണേ).’ ജ്ഞാനവും സൂഫീജീവിതവും കൊണ്ട് നമുക്കിടയില്‍ സുരഭിലമായ ആത്മീയ ജീവിതം നയിച്ച മഹാത്മാവിന്റെ സ്മരണകളെ സ്വജീവിതത്തിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് ഉതവിയുണ്ടായിരിക്കട്ടേ, ഇന്നും എന്നും.
ആറ്റുപുറം അലി ബാഖവി

SHARE