സഹാദര്യവും മതമൈത്രിയും കളിയാടുന്ന സംഘര്‍ഷ രഹിത ഭൂമി. വര്‍ഗീയതയോടും തീവ്ര വാദത്തോടും വിട്ടുവീഴ്ച ചെയ്യാത്ത നാട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലെകള്‍ സമ്മാനിച്ച വീറുറ്റ ഓര്‍മകളെ നെഞ്ചിലേറ്റുന്ന സമൂഹം. ഇത് ധീര രക്ത സാക്ഷികളുടെ രക്തം വീണു ചുവന്ന മണ്ണ്.
സമാധാനപ്രേമികളായ ഒരു സമൂഹം നേരിടേണ്ടി വന്ന കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും കഥകള്‍ നമ്മോട് പറയുകയാണ് മലപ്പുറം. ഒരു കാലത്ത് സാമൂതിരിപ്പാടിന്റെ കീഴില്‍ നാടുവാഴിയായി പാറനമ്പി ഭരിച്ചിരുന്നു ഇവിടെ. സാമൂതിരിയെപ്പോലെ തന്നെ പാറനമ്പിയും മുസ്ലിംകളോട് പ്രത്യേക താല്പര്യവും സ്നേഹവും വച്ചു പുലര്‍ത്തിയിരുന്നു. പാറനമ്പിയുടെ ഭരണത്തില്‍ മുസ്ലിംകള് സഹായികളുമായിരുന്നു. ഇതൊന്നും സവര്‍ണര്‍ക്ക് രസിച്ചില്ല . അവര്‍ പാറനമ്പിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നിഷ്ഫലമായി. എല്ലാവരില്‍ നിന്നും നികുതി പിരിക്കുകയും നികുതി നല്കാത്തവരെ തടവില്‍ വെക്കുകയുമായിരുന്നു അന്നത്തെ നിയമം. സാമൂതിരിയുടെ നികുതി പിരിവുകാരനായ അലി മരക്കാര്‍ നികുതി നല്‍കാത്ത സവര്‍ണരില്‍ പെട്ട ഒരാളെ തടവില്‍ വച്ചതാണ് മലപ്പുറം സംഭവത്തിന്റെ തുടക്കം.
അലിമരക്കാരെ തന്ത്രപരമായി വധിക്കാന്‍ പദ്ധതി ഒരുക്കുകയായിരുന്നു ചിലര്‍. തുടര്‍ന്ന് നായര്‍ പടയാളികളും അലിമരക്കാരും തമ്മില്‍ ഏറ്റുമുട്ടി . സഹായത്തിനെത്തിയ കുഞ്ഞഹമ്മദും അലിമരക്കാരോടൊപ്പം കൊല്ലപ്പെട്ടു. നായര്‍ പടയിലൊരു വിഭാഗവും കൊല്ലപ്പെടുകയുണ്ടായി . ഇതോടെ പാറനമ്പിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് മുസ്ലിംകള്ക്കെതിരാക്കി മാറ്റി. മുസ്ലിംകളുടെ കൈവശമുണ്ടായിരുന്ന വയലും തോട്ടങ്ങളും ബലമായി ഒഴിപ്പിക്കാനും മുസ്ലിം കോളനിയും പള്ളിയും ചുട്ടെരിക്കാനും ഉത്തരവിട്ടു. അവര്‍ ഒരു യുദ്ധത്തിനു തന്നെ വട്ടം കൂട്ടുകയായിരുന്നു. ഇതോടെ മുസ്ലിംകള് ഭയചകിതരായി . സ്ത്രീകളെയും കുട്ടികളെയും നാടു കടത്തി . ബാക്കിയുള്ളവര്‍ പള്ളിയില്‍ അഭയം തേടി. പാറനമ്പിയോട് സമാധാന തിനപെക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
പാറനമ്പിയുടെ സൈന്യം പള്ളി ഉപരോധിച്ചു.കുടി വെള്ളം പോലും മലിനമാക്കപ്പെട്ടു. ഗതിയില്ലാതെ വന്നപ്പോള്‍ മുസ്ലിംകള് വിശുദ്ധ യുദ്ധത്തിനു സന്നദ്ധരായി. പാരംഭ ഘട്ടത്തില്‍ തോറ്റോടിയ നായര്‍ പട വന്‍ സന്നാഹവുമായി തിരിച്ചെത്തി 44 മുസ്ലിംകളെയും കൊലപ്പെടുത്തി. അവസാന മുസ്ലിമും രക്ത സാക്ഷിയായത്തിനു ശേഷം അവര്‍ പള്ളി ചുട്ടെരിച്ചു.കിഴിശ്ശേരിയില്‍ നിന്നുമെത്തിയ ജലാലുദ്ദീന്‍ മൂപ്പനും സംഘവുമാണ് രക്ത സാക്ഷികളുടെ ജനാസ ഖബറടക്കിയത്. മലപ്പുറം വലിയങ്ങാടി പള്ളിയുടെ തെക്ക് വശത്തായി ശുഹദാക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്നു.