ഖാജാ മേരേ ഖാജാ…

1014

ഖാജ എന്നെ വിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സൂഫികളെ കുറിച്ച് വായിച്ചറിഞ്ഞപ്പോഴൊക്കെ അജ്മീറിലെ ഖാജയെ കുറിച്ചുള്ള എന്റെ താല്‍പര്യം കൂടിക്കൂടി വന്നു. ആരാണ് മുഈനുദ്ദീന്‍ ചിശ്തി എന്ന് ഞാന്‍ പഠിക്കുന്നത് വളരെ വൈകിയാണ്. അജ്മീര്‍ ശൈഖിനോടുള്ള ഇഷ്ടം മനസ്സില്‍ പടര്‍ന്നു പന്തലിച്ച് എത്രയോ കാലം കഴിഞ്ഞിട്ട്. അല്ലാ രഖാ റഹ്മാന്‍ ഖാജയെ കുറിച്ച് പാടിയപ്പോള്‍ ഇനിയും ഞാന്‍ അവിടുത്തെ കുറിച്ചറിയാതിരിക്കരുത് എന്ന് തോന്നി. അല്ലാ രഖാ റഹ്മാന്‍ എന്ന് പേരും വിശ്വാസവും മാറിയ ദിലീപ് കുമാറിന്റെ സംഗീത സൗഭാഗ്യം ഖാജയുടെ പ്രീതിയാണത്രെ. എ ആര്‍ റഹ്മാന്‍ ഇന്ന് ലോകം വാഴ്ത്തുന്ന സംഗീതജ്ഞനായി. സിഡ്‌നിയിലും ന്യൂയോര്‍ക്കിലും കേപ്ടൗണിലും സംഘടിപ്പിച്ച കൂറ്റന്‍ മ്യൂസിക് കണ്‍സര്‍ട്ടുകളിലും തന്റെ സംഗീതത്തിന്റെ മധുരമായ ഖാജയെ പറ്റി വാഴ്ത്തുകയായിരുന്നു എ ആര്‍ റഹ്മാന്‍. ‘ഖാജാ മേരേ ഖാജാ…’ ആയിരക്കണക്കിന് സംഗീതജ്ഞര്‍ക്ക് മധുരതാളമാണ് ഖാജ. അതിലുമെത്രയോ അധികം ബാവുല്‍ ഗായകര്‍ക്ക് ആവേശമാണ് ഖാജ. എത്രയോ ഖവ്വാലികളുടെ ആത്മാവാണ് ഖാജ.

ഭാരതത്തിന്റെ മതമൈത്രിയുടെ സ്വരലയതാളമാണ് ഖാജ. ഇന്ത്യയുടെ ആത്മാവുറങ്ങുന്ന അനേകായിരം സാത്വിക ജന്മങ്ങളിലൊരുജ്ജ്വല ദീപ്തി. ഞാന്‍ വായിച്ചു. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ശാന്തി ദൂതുമായി വന്ന ഖാജയെ കുറിച്ച്. അധഃസ്ഥിതരുടെയും നിരാലംബരുടെയും ആശ്രയമായിരുന്ന ഗരീബ് നവാസിനെക്കുറിച്ച്. ഇന്ത്യയുടെ ചരിത്രത്തിലെ വലിയ വഴിത്തിരിവായ ദില്ലി സുല്‍ത്താന്മാരുടെ കിങ് മേക്കറെക്കുറിച്ച്. ഓരോ തവണ വായിച്ചപ്പോഴും ഖാജയെക്കുറിച്ചുള്ള പാട്ടുകള്‍ കേട്ടപ്പോഴും എങ്ങനെയെങ്കിലും അജ്മീറിലെത്താനുള്ള കൊതിയും പെരുത്തു.

പൊതു ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അങ്ങനെയൊരു യാത്രയുടെ സമയം ഒത്തില്ല. എന്നാലോ, ആഗ്രഹം അടങ്ങിയതുമില്ല. ഓരോന്നും അതിന്റെ സമയത്തല്ലേ സംഭവിക്കൂ. അങ്ങനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതതില്ലെന്ന് തീരുമാനിച്ചു. തുടര്‍ച്ചയായ പതിനഞ്ചുവര്‍ഷത്തെ നിയമസഭാ സാമാജികനെന്ന തിരക്കുകളൊഴിഞ്ഞു.

എന്തായാലും കുറെ സമയം കയ്യിലുണ്ട്. അങ്ങനെയാണ് യുവ സുഹൃത്ത് എന്‍ എസ് സലീമുദ്ദീന്‍ ഒരു അജ്മീര്‍ യാത്രയെക്കുറിച്ച് പറയുന്നത്. ഇതുതന്നെയാണ് സമയമെന്ന് എനിക്കും തോന്നി. മാത്രവുമല്ല, ആയിടക്കാണ് ഡല്‍ഹിയില്‍നിന്ന് പാര്‍ട്ടിയുടെ ചില പ്രധാന ചുമതലകളേല്‍പ്പിക്കാനിരിക്കുന്നു എന്ന നിര്‍ദേശം ലഭിക്കുന്നത്. അതെന്തായാലും ഖാജയുടെ അനുഗ്രഹാശിസ്സുകളോടെയാകട്ടെ എന്ന് ഞാന്‍ കരുതി.

കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍ ചേര്‍ത്തതുതന്നെയാണ് അതിലൊരു കാര്യമെന്ന് മനസ്സിലായി. തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിന്റെ മേല്‍നോട്ടമുള്ള മുകുള്‍ വാസ്‌നികിനോട് യാത്രയെപ്പറ്റി പറഞ്ഞു. സമ്മതം വാങ്ങിച്ചു. അദ്ദേഹം അവിടെ പോയിട്ടുണ്ടെന്നും ഓരോ ഇന്ത്യക്കാരനും ഒരിക്കലെങ്കിലും പോകേണ്ട ഇടമാണെന്നും പറഞ്ഞ് യാത്രക്ക് എല്ലാ മംഗളങ്ങളും ആശംസിച്ചു.

വ്യാഴാഴ്ച രാത്രിയാണ് ഞാന്‍ ഡല്‍ഹിയില്‍ വിമാനമാര്‍ഗമെത്തിയത്. അവിടെ ചെന്നപ്പോള്‍ റോഡുകള്‍ നിറയെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. വിമുക്ത ഭടന്മാര്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്കിടെ ആത്മഹത്യ ചെയ്ത ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ പ്രതിഷേധിച്ച രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ക്ഷുഭിതരാണ് നൂറുക്കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും. രാഹുല്‍ ഗാന്ധിയെ വൈകാതെ തന്നെ മോചിപ്പിച്ചു. നേരത്തെ തന്നെ ഡല്‍ഹിയിലെത്തിയ സലീമിനെ ഞാന്‍ ഫോണില്‍ വിളിച്ചു. തുഗ്ലക്ക് ലെയ്‌നില്‍ സമരം കഴിഞ്ഞിട്ട് മടങ്ങുന്ന സലീമിനെ ഞാന്‍ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പിറ്റേന്ന് രാവിലെയുള്ള യാത്രക്ക് വട്ടംകൂട്ടി.

രാവിലെ ആറേ പത്തിനായിരുന്നു ട്രെയിന്‍. ആറുമണിക്കൂര്‍ യാത്രയുണ്ട് അജ്മീറിലേക്ക്. യാത്രക്കിടയില്‍ ഇനിയും നല്ലൊരു വിശ്രമം വേണമെന്ന് ശരീരം ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. നല്ല തളര്‍ച്ചയുണ്ടെങ്കിലും ഖാജയെക്കുറിച്ച് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് വെച്ചു. സലീം പറഞ്ഞ അധിക കാര്യങ്ങളും ഞാന്‍ നേരത്തെ അറിഞ്ഞതു തന്നെയായിരുന്നു.

പ്രവാചകന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് ഇന്ത്യയിലെ നവോത്ഥാന ദൗത്യമേറ്റെടുക്കുകയായിരുന്നത്രെ ഖാജ. നബിയുടെ വിശ്വ സാഹോദര്യവും സമാധാന സങ്കല്‍പവും ലോകം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവിടുത്തെ കാലത്ത് തന്നെ നടന്നിരുന്നുവല്ലോ. നമ്മുടെ കേരളത്തിലും നബി സഖാക്കള്‍ എത്തിയത് അങ്ങനെയായിരുന്നു. മാനവ മോചനത്തിന്റെ ഏറ്റവും മഹത്തരമായ പ്രഖ്യാപനം നടന്ന നബിയുടെ ഒടുവിലത്തെ പ്രസംഗത്തില്‍ തന്റെ മതം ഇന്ന് പൂര്‍ത്തീകരിക്കപ്പെടുകയാണെന്നു കൂടി നബി പ്രഖ്യാപിച്ചുവത്രെ. അന്നത്തെ ആ അറഫാ സംഗമത്തില്‍ ഒരുമിച്ചുകൂടാന്‍ ഭാഗ്യമില്ലാതിരുന്നവര്‍ക്ക് നബിയുടെ മാനവികതാ സന്ദേശമെത്തിക്കണമെന്ന് അവിടുന്ന് ആഹ്വാനം ചെയ്തതിന്റെ ഫലമായിരുന്നു നബി ശിഷ്യന്മാരുടെ പ്രയാണങ്ങള്‍. അവര്‍ സാര്‍ത്ഥവാഹകരായ അറബികള്‍ക്കൊപ്പം കടലുതാണ്ടി. മരുഭൂമിയും മലമടക്കുകളും കടന്നു. നാടുകള്‍ തോറും ഈ മതത്തിന്റെ വിശുദ്ധിയും വെളിച്ചവും പരന്നു. അവരെ സ്വീകരിക്കാനും സല്‍ക്കരിക്കാനും അവരുടെ മാര്‍ഗത്തില്‍ കൂടാനും എല്ലാ നാട്ടുകാരും ഉത്സാഹിച്ചു. അങ്ങനെയുള്ള സച്ചരിതരായ നബി സഖാക്കളുടെ പാരമ്പര്യം എല്ലാ കാലത്തും ഉണ്ടാകും. അവരാണ് ഓരോ നൂറ്റാണ്ടിലെയും നവോത്ഥാന നായകരായി വരിക. അവരിലൊരാളാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി. അറിവില്ലായ്മയുടെയും ചൂഷണാധിഷ്ടിത പാശ്ചാത്യാധിനിവേശങ്ങളുടെയും കീഴില്‍ അമര്‍ന്നുപോയ ഇന്ത്യന്‍ ജനതക്ക് അറിവിന്റെയും ആത്മാഭിമാനത്തിന്റെയും ഉത്ഥാനം നല്‍കിയത് ഖാജയായിരുന്നു. ഒപ്പം മതങ്ങള്‍ പരസ്പരം അകലാനും അകറ്റാനുമായി ഉപയോഗിക്കപ്പെട്ട കാലങ്ങളിലെല്ലാം മതമൈത്രിയുടെ വെളിച്ചം തന്നതും ഖാജ തന്നെ. ഇന്നും, കൂരിരുട്ട് പരന്ന ഈ ഫാഷിസ്റ്റു കാലത്തും ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് തീ കൊടുക്കാനുള്ള ശ്രമമുണ്ടാകുന്നിടത്തെല്ലാം മഹത്തായ ഈ സൂഫീ സാന്ത്വനം ഉണ്ടാകാതിരിക്കില്ലല്ലോ.

ഭാരതത്തിലെ മഹത്തായ അധ്യാത്മിക മുന്നേറ്റങ്ങളായിരുന്ന ഭക്തി പ്രസ്ഥാനങ്ങള്‍ വരെ സൂഫിസത്തില്‍ പ്രചോദിതരായാണ് സംഘടിപ്പിക്കപ്പെട്ടത്.

ഇന്ത്യയില്‍ ഖാജ വന്നപ്പോള്‍ പൃഥ്വിരാജ് ചൗഹാനായിരുന്നു ഇവിടം ഭരിച്ചിരിക്കുന്നത്. ഡല്‍ഹി ഭരിച്ച അവസാനത്തെ ഹിന്ദു രാജാവായിരുന്നു അദ്ദേഹം. ഖാജയുമായി ചില പിണക്കങ്ങളുണ്ടായിരുന്നു രാജാവിന്. അസാധാരണമാം വിധം ജനങ്ങള്‍ക്കിടയില്‍ സ്വാധീന ശക്തിയാര്‍ജിച്ച ഒരു വിദേശിയെ നോക്കി അസൂയപ്പെടാതിരിക്കാന്‍ നിര്‍വാഹവുമില്ലല്ലോ. എന്നാല്‍ ഇന്ത്യക്കാരനായി ഇന്ത്യയില്‍തന്നെ കഴിയാന്‍ വന്ന ഖാജയെപ്പറ്റി ചിലര്‍ എന്തെല്ലാമോ തെറ്റിദ്ധാരണകളാണ് രാജാവിന്റെ മുമ്പിലെത്തിച്ചത്. അവരെ വിശ്വസിച്ച രാജാവിന് തെറ്റുപറ്റി. അവര്‍ ഖാജയെ അപായപ്പെടുത്താനാണ് പിന്നീട് ശ്രമിച്ചത്.

ഖാജയോട് പോരിനിറങ്ങിയ ചൗഹാന്‍ രാജാവ് എല്ലായ്‌പ്പോഴും പരാജയപ്പെട്ടു. ആയുധങ്ങളായിരുന്നില്ല ഖാജയുടെ കരുത്ത്. അറിവും വിശ്വാസവുമായിരുന്നു. ജനങ്ങള്‍ കൂട്ടത്തോടെ ഖാജയുടെ കൂടെ കൂടുന്നത് കണ്ട് രാജാവിന് ഇരിക്കപ്പൊറുതിയില്ലാതായി. ആ സമയത്ത് ചില രാജവംശങ്ങള്‍ ഇന്ത്യയിലെത്തി. അവരോട് യുദ്ധം ചെയ്ത് പൃഥ്വിരാജ് ചൗഹാന്‍ പരാജയപ്പെട്ടു. അങ്ങനെ തറൈന്‍ യുദ്ധം ഇന്ത്യന്‍ ചരിത്രത്തില്‍ പുതിയൊരു യുദ്ധത്തിന് നാന്ദികുറിച്ചു. പുതിയ രാജാക്കന്മാര്‍ ഡല്‍ഹി സല്‍ത്തനത്തിന് വഴിയൊരുക്കി. ഖാജയുടെ അനുഗ്രഹവും നിയന്ത്രണങ്ങളും അവര്‍ക്കുണ്ടായി.

ഭാരത ചരിത്രത്തില്‍ വളരെ പ്രധാന സ്ഥാനമുള്ള ജനപഥങ്ങളിലൂടെയാണ് ഇപ്പോള്‍ ട്രെയിന്‍ കടന്നുപോകുന്നത്. ചരിത്രാതീത കാലം മുതല്‍ക്കേ ജീവനുള്ള ഇടങ്ങള്‍. നാഗരികതയുടെ തുടിപ്പും രാജഭരണത്തിന്റെ ഗരിമയും അറിഞ്ഞ ദേശങ്ങള്‍. ഒരുപാട് ചരിത്ര സ്മാരകങ്ങളും അവക്കു പിന്നില്‍ മഹത്തരമായ ചരിത്ര കഥകളുമുള്ള ഡല്‍ഹിയില്‍നിന്ന് വലിയ പ്രതാപശാലികളായിരുന്ന രാജപ്രമുഖന്മാരുടെ നാടായ രാജസ്ഥാനിലേക്കാണ് ഈ യാത്ര.

ട്രെയിന്‍ അജ്മീറിലെത്തി. രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ദര്‍ഗയിലെത്താന്‍. വെള്ളിയാഴ്ച ദിവസമാണല്ലോ. കൂടെയുള്ള സലീമിന് ജുമുഅയുണ്ട്. ഞങ്ങള്‍ ഓട്ടോറിക്ഷക്കടുത്ത് ചെന്നു. രണ്ട് കിലോമീറ്റര്‍ യാത്രക്ക് നൂറ്റമ്പത് രൂപയാണെന്ന് പറയുന്നു. സലീം അവരോട് തര്‍ക്കിച്ചുനില്‍ക്കുകയാണ്. നമ്മള്‍ ഇന്ത്യക്കാരോട് ഇത്ര കത്തിയാണെങ്കില്‍ വിദേശികളുടെ അടുക്കല്‍ നിന്ന് എത്ര ചോദിക്കുന്നുണ്ടാകും. എനിക്ക് ചിരിവന്നു. ജുമുഅയുടെ കാര്യം ഞാന്‍ സലീമിനെ ഓര്‍മിപ്പിച്ചു. അവര്‍ പറയുന്ന കാശിന് പോകാമെന്ന് സലീമിനെക്കൊണ്ട് സമ്മതിപ്പിച്ചു. പൊടി ചുഴറ്റിയുയരുന്ന നിരത്തിലൂടെ ഓട്ടോറിക്ഷ തള്ളിനീങ്ങി. ദര്‍ഗ എത്തും വരെ ഞങ്ങളാരും പരസ്പരം ഒന്നിനും സംസാരിച്ചില്ല. മനസ്സ് നിറയെ ഖാജയെക്കുറിച്ചുള്ള ആലോചനകളായിരുന്നു. പള്ളിയോട് അടുക്കും തോറും നല്ല തിരക്ക് കണ്ടുതുടങ്ങി. ഓട്ടോറിക്ഷ മുന്നോട്ട് പോകാന്‍ വീര്‍പ്പുമുട്ടുന്നത് കണ്ട് ഞങ്ങള്‍ ഇറങ്ങി നടക്കാമെന്ന് വെച്ചു. പള്ളിക്കകത്ത് നിന്ന് ജനങ്ങള്‍ പുറത്തുവരികയാണെന്ന് മനസ്സിലായി. ഒഴുക്ക് നിരത്തിലേക്കാണ്. അപ്പോള്‍ സലീമിന്റെ ജുമുഅ? എനിക്കെന്തോ വല്ലാതായി. ‘പ്രതാപേട്ടാ, ഞാന്‍ യാത്രക്കാരനല്ലേ. എനിക്ക് ചില ഇളവുകളൊക്കെയുണ്ട്.’ ഈ മതം ആരെയും ബുദ്ധിമുട്ടിക്കുന്നില്ലെന്നും മനുഷ്യന്റെ സഹജമായ സാഹചര്യങ്ങളെ നല്ല ബോധ്യത്തോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും യാത്രയടക്കമുള്ള ചില സന്ദര്‍ഭങ്ങളില്‍ നിസ്‌കാരങ്ങള്‍ക്കും നോമ്പുകള്‍ക്കും ഇളവുകളുണ്ടെന്നും സലീം എന്നെ പറഞ്ഞു മനസ്സിലാക്കി.

ഞങ്ങള്‍ ദര്‍ഗയിലേക്കുള്ള റോഡില്‍ പ്രവേശിച്ചു. ഒന്നാം ഗേറ്റിന്റെ മുമ്പിലാണ് ഞങ്ങള്‍ നിന്നിരുന്നത്. ഇവിടെ അങ്ങനെ ഏഴ് കവാടങ്ങളുണ്ടത്രെ. ഗേറ്റിന്റെ ഒരമ്പതു മീറ്റര്‍ മുമ്പിലായി പോലീസ് ഒരു ചെറിയ ബാരിക്കേഡ് ഉണ്ടാക്കിയിരിക്കുന്നു. തിരക്ക് നിയന്ത്രിക്കാനാണ്. ഞങ്ങള്‍ കുറച്ചുകൂടി മുമ്പിലേക്ക് നടക്കവെ ഇപ്പോള്‍ ആരെയും ആ ബാരിക്കെഡിനപ്പുറത്തേക്ക് കടത്തിവിടുന്നില്ലെന്ന് മനസ്സിലായി. പി എസ് കെ ഉസ്താദും സംഘവും ദര്‍ഗയിലുണ്ട്. അവരെന്നെ പ്രതീക്ഷിച്ച് നില്‍ക്കുകയുമാണ്. എതിരെ വരുന്ന വലിയ ജനപ്രവാഹത്തിനകത്തേക്ക് പോലീസുകാര്‍ സമ്മതിച്ചാല്‍ തന്നെ എങ്ങനെ കയറാനാണെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. ബാരിക്കേഡിനടുത്ത് വെച്ച് പോലീസ് ഞങ്ങളെയും തടഞ്ഞു. എന്തുതന്നെയായാലും ഇപ്പോള്‍ അങ്ങോട്ട് കടത്തിവിടില്ലെന്ന് പറഞ്ഞു. എങ്കില്‍ അല്‍പം കഴിയട്ടെ എന്ന് ഞാനും കരുതി. പക്ഷേ ഇത്ര അടുത്ത് വന്ന് മാറിനില്‍ക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്ത് എനിക്ക് സങ്കടമായി. മാത്രവുമല്ല ഒരുപാട് നേരം എനിക്കിവിടെ ചിലവഴിക്കാനുമില്ലല്ലോ.

സലീം പോലീസുകാരെ ചെന്ന് കണ്ടു. ഒടുവില്‍ അകത്ത് കടക്കാനുള്ള സമ്മതമായി. സലീം എന്താണിവരോട് പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചു. വെറുതെ ഒരു ചിരി മാത്രമായിരുന്നു. എന്തോ ആവോ, ഞാനും വെറുതെ ചിരിച്ചു. ബാരിക്കേഡ് കടന്ന് അകത്തേക്ക് തിക്കിക്കയറിയപ്പോഴാണ് ഇത്രനേരമായിട്ടും തിരക്കുതീരാത്തതിന്റെ കാര്യം പിടികിട്ടിയത്. പുറത്തേക്ക് വരുന്ന എല്ലാവരും പുറത്തേക്ക് പോകുന്നില്ല. ചിലരൊക്കെ തിരിച്ച് ദര്‍ഗയിലേക്ക് തന്നെ നടക്കുന്നു. വേറെ ചിലര്‍ റോഡിനിരുവശത്തുമുള്ള കച്ചവടക്കാരില്‍നിന്ന് പര്‍ച്ചേസ് ചെയ്യുന്നു.

കവാടം മനോഹരമാണ്. ശാന്തിയുടെ ലോകത്തേക്ക് ആനയിക്കുന്ന ഒരു സൗന്ദര്യമുണ്ടതിന്. കവാടത്തിന്റെ വാസ്തുശില്‍പ്പ സൗന്ദര്യം ആസ്വദിക്കും മുമ്പ് കറുത്ത തൊപ്പിയും നീണ്ട വെള്ള കുര്‍ത്തയുമിട്ട ഒരാള്‍ ഞങ്ങളെ സ്വീകരിച്ചു. സയ്യിദ് ഫഹദ് ചിശ്തി. അതാണയാളുടെ പേര്. ഖാജയുടെ കുടുംബമാണെന്നറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായി. അവിടുന്ന് എന്നെ സ്വീകരിച്ചല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സ് നിറയെ. ഓരോ ഗേറ്റിലും ഓരോ ആളുകളാണ് നിയന്ത്രിക്കാനുണ്ടാവുക. ഒന്നാം ഗേറ്റില്‍ സയ്യിദാണ്. എടക്കഴിയൂര്‍ കാരനായ മുഹമ്മദ് എന്നെ അവര്‍ക്ക് ഉറുദുവില്‍ പരിചയപ്പെടുത്തി. സയ്യിദിന് എന്നെ കൂടുതല്‍ ഇഷ്ടപ്പെട്ടതുപോലെ. കവാടത്തിന്റെ നിയന്ത്രണ ചുമതലകള്‍ തന്റെ ശിഷ്യനെ ഏല്‍പിച്ച് അവര്‍ ഞങ്ങളെ ദര്‍ഗയിലേക്ക് ആനയിച്ചു:

ഇവിടെ എന്നും തിരക്കാണ്. വെള്ളിയാഴ്ചയാകുമ്പോള്‍ പിന്നെ പറയണ്ട. പോരാത്തത് ദീപാവലി അവധിയും കൂടെയാണ്. ദര്‍ഗ ജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയായിരിക്കും എപ്പോഴും. ഞാന്‍ കൂടി വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അകത്തേക്ക് എത്താന്‍ ചിലപ്പോള്‍ പ്രയാസമാകും.

ഞാനപ്പോഴേക്കും ഒരു താലം പൂ വാങ്ങിച്ചു. ദര്‍ഗയിലേക്കുള്ള കാണിക്കയാണ്. ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകണം. ഈ പുക്കളുടെ സൗരഭ്യം മനസ്സിലും നിറയണം.

ദര്‍ഗക്കടുത്തെത്തിയപ്പോള്‍ പി എസ് കെ ഉസ്താദും ശിഷ്യന്മാരും ഞങ്ങളെ സ്വീകരിച്ചു. ഇത്രയുമധികം യുവ പണ്ഡിതര്‍ക്കൊപ്പം ഖാജയുടെ ദര്‍ബാറിലെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി. ഞങ്ങള്‍ ഖാജയുടെ അരികിലേക്ക് ചെല്ലുകയാണ്. എന്റെ ധമനികളില്‍കൂടി ഒരു വൈദ്യുത പ്രവാഹം ഉണ്ടാകുന്നതുപോലെ മനസ്സിലെന്തോ കുളിരു നിറയുന്നു. ഒരാത്മ നിവൃത്തിയുടെ ഭാഷാതീതമായ അനുഭവം ഞാനറിയുന്നു. ഖാജയുടെ പട്ടുവിരിച്ച കുടീരത്തിനരികെ ചെന്നുനിന്ന് ഞാന്‍ കണ്ണുകളടച്ചു.

ആര്‍ക്കൊക്കെ വേണ്ടിയാണ് ശുപാര്‍ശ പറയേണ്ടത്? ആര്‍ക്കൊക്കെ വേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്? ഇഷ്ടപ്പെട്ടവരൊക്കെ മനസ്സില്‍ വന്നു. ആഗ്രഹങ്ങളും ആശങ്കകളും അവതരിപ്പിച്ചു. എന്നെ സ്‌നേഹിക്കുന്നവരെ തിരിച്ചു സ്‌നേഹിക്കാന്‍ കഴിയണമേ എന്ന് വിങ്ങി. മതാന്ധതയുടെ ഭീകര സ്വത്വങ്ങള്‍ ഭാരതം ഭരിക്കുന്ന കലികാലത്ത് മതമൈത്രിയുടെ സന്ദേശങ്ങള്‍ ഞങ്ങള്‍ക്ക് തണലൊരുക്കണേ എന്ന് കേണു. എല്ലാം നിശബ്ദമായി കണ്ണുകളടച്ചു പിടിച്ചിട്ടും അകമേ വെളിച്ചം നിറക്കുന്ന ഒരു യുഗത്തിന്റെ മുഴുവന്‍ സുകൃതവും എന്നെ കടാക്ഷിച്ചുകാണുമോ? എന്റെ കണ്ണുകള്‍ സജലമായി. പൂത്താലം അവിടെ സമര്‍പ്പിച്ചു. പി എസ് കെ ഉസ്താദിന്റെ ഹൃദയ നിര്‍ഭരമായ പ്രാര്‍ത്ഥനയുമുണ്ടായി. ഒടുവില്‍ അവിടെ നിന്ന് തിരികെ ഇറങ്ങാനൊരുങ്ങവെ സയ്യിദ് ഖബ്‌റിനു മുകളില്‍നിന്ന് ഒരു ശാളെടുത്ത് ഉസ്താദിന്റെ കയ്യില്‍ കൊടുത്തു. ഉസ്താദ് എനിക്കത് തലപ്പാവായി അണിയിച്ചുതന്നു. ഖാജയുടെ സമ്മാനം!

ഖബറ് വിട്ട് ഞങ്ങള്‍ പള്ളിക്കു പുറത്തേക്കിറങ്ങി. ഖാജയുടെ കുടീരത്തിനു മുകളില്‍ സ്വര്‍ണ നിറത്തിലൊരു മകുടമുണ്ട്. സുല്‍ത്വാനുല്‍ഹിന്ദ് അഥവാ ഇന്ത്യയുടെ സുല്‍ത്വാന്‍ എന്ന് വിശ്രുതനായ ഖാജയുടെ കീരീടമാണത്. ശാന്തിയുടെയും സ്‌നേഹത്തിന്റെയും സ്തംഭം.

ഇവിടെ മതഭേദങ്ങളില്ല തന്നെ. ഖാജ എല്ലാവരുടെയും നേതാവാണ്. രാഷ്ട്രീയമേതായാലും ഭാരതത്തിന്റെ ഭരണാധികാരികളെല്ലാം അജ്മീറിലെത്തും. അജ്മീര്‍ ഉറൂസായ ഛട്ടീ ശെരീഫിന് കുടീരത്തിലേക്കുള്ള പ്രധാന അലങ്കാര വിരിപ്പുകള്‍ ഡല്‍ഹിയിലെ ഭരണാധികാരികളുടെ വകയാണെന്ന് കേട്ടിരുന്നു. അടുത്ത കാലം വരെ അത് സോണിയ ഗാന്ധിയുടെ വകയായിരുന്നു. അക്ബര്‍ രാജാവ് മുതല്‍ക്കുള്ള ശീലമാണത്രെ. ഖാജയെ ആദരിച്ച ആളായിരുന്നു ചക്രവര്‍ത്തി. ദില്ലിയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍ നടയായി വന്നുകൊണ്ടാണ് ചക്രവര്‍ത്തി ഖാജയുടെ ഉറൂസ് നടത്തിയിരുന്നതത്രെ.

നാലായിരത്തി അഞ്ഞൂറ് കിലോ അരിയിട്ട് വേവിക്കാവുന്ന ഒരു കൂറ്റന്‍ ചെമ്പ് കണ്ടു അവിടെ. അതില്‍ ആളുകള്‍ കാശിടുന്നത് കണ്ടു. ഒരു രസകരമായ വിശ്വാസം അത്രയേയുള്ളൂ. എനിക്കും അങ്ങനെ ഇട്ടാല്‍ കൊള്ളാമെന്ന് തോന്നി. ഉസ്താദ് തന്റെ പോക്കറ്റില്‍നിന്ന് ആയിരം രൂപയെടുത്ത് കയ്യില്‍ തന്നിട്ട് ഇടാന്‍ പറഞ്ഞു.

അന്നം കിട്ടാത്ത അശരണര്‍ക്ക് നല്‍കുന്ന ഖാജയുടെ പ്രസാദമാണിതില്‍. അതില്‍നിന്ന് നല്ലൊരുപങ്കും ആത്മീയതയുടെ ദാരിദ്ര്യം അനുഭവിക്കുന്നവരും കഴിക്കുന്നു. ദിവ്യജ്ഞാനം തേടി അജ്മീറിലെത്തിയ സൂഫി വര്യരെ കാണാം ഇവിടെ. പക്ഷേ തിരിച്ചറിയാന്‍ പ്രത്യേക സിദ്ധി വേണ്ടിവരും. ദൈവസ്മൃതിയാണ് അവരുടെ അന്നവും വെള്ളവുമെന്ന് കേട്ടിട്ടുണ്ട്. ചിലര്‍ ലൗകികമായതെല്ലാം വെടിഞ്ഞ് അനന്തതയിലേക്ക് നോട്ടമെറിഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ നല്ല ഖവ്വാലികള്‍ പാടി പരിസരം മറക്കുന്നുണ്ടാകും. ചിലര്‍ യാചകരെപ്പോലെ നമ്മെ പരീക്ഷിക്കും. അതൊരു വേറെ ലോകമാണത്രെ. നമുക്കറിയാത്ത ഒരു ലോകം. ഈ ഭൗതിക ലോകത്തിനപ്പുറത്തുള്ള സര്‍വ ശക്തനെ തേടിയുള്ള യാത്രയുടെ ലോകം.

വൈകുന്നേരം ബാവുല്‍ ഗായകന്മാരുടെ ഖവ്വാലിയുണ്ടാകുമെന്ന് കേട്ടു. പക്ഷേ നേരമില്ല. പെട്ടെന്ന് തിരിക്കണമല്ലോ. നാട്ടില്‍ ഗൗരവമേറിയ പണികള്‍ കുറെയുണ്ട്. ഇനിയുമൊരു ദീര്‍ഘമായ അവസരത്തിന് കാത്തുനിന്നാല്‍ എന്റെ ആഗ്രഹം നീണ്ടുപോകത്തേയുള്ളൂ എന്ന് കരുതിയാണ് ഇത്ര തിരക്കിട്ട് ഒരു സന്ദര്‍ശനം നടത്തിയത്. ഇവിടെ കാണാനൊരുപാട് സ്ഥലങ്ങള്‍ ഇനിയുമുണ്ടെന്ന് ഉസ്താദും പറഞ്ഞു. ഖാജയുടെ അത്ഭുത സിദ്ധികള്‍ പ്രകടമായെന്ന് പറയപ്പെടുന്ന തടാകം. അനേകം സൂഫിയോഗികള്‍ തപസ്സിരുന്ന ഛില്ലാ ശരീഫുകളുള്ള മല. അങ്ങനെ കുറെ. എല്ലാം കാണണം. എല്ലാത്തിനും വേണ്ടി പിന്നീടൊരിക്കല്‍ വരണം. ഖാജയെ കാണാന്‍ ഒരുപാട് തവണ വേറെയും.

കവാടവും കടന്ന് പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സ് വലിയ തോതില്‍ ശാന്തമായിരുന്നു. വഴിയുടെ ഇരുവശങ്ങളിലും കച്ചവടക്കാരാണ്. പൂതാലം വില്‍ക്കുന്നവര്‍, മധുര പലഹാരങ്ങളുടെ വിപണി, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, ചിത്രങ്ങള്‍… എല്ലായിടത്തും തിരക്കുണ്ട്. എല്ലാവരുടെയും കണ്ണുകളില്‍ ഒരു പ്രതീക്ഷയുണ്ട്. ഒരു മഹാ സാന്നിധ്യത്തിന്റെ സുരക്ഷിതത്വമുണ്ട്. തിരക്കുകള്‍ക്കിടയില്‍ പുറത്തേക്ക് നടക്കവെ ആരൊക്കെയോ കൈ തന്നു. അഭിവാദ്യങ്ങള്‍ പറഞ്ഞു. ഒന്നും കണ്ടില്ല. ഒന്നും ശ്രദ്ധിച്ചില്ല. ഒരു ഹ്രസ്വ സന്ദര്‍ശനത്തിന്റെ നഷ്ടബോധം എന്നെ സങ്കടപ്പെടുത്തുകയായിരുന്നു. നന്നേ ചുരുങ്ങിയതെങ്കിലും സ്‌നേഹാര്‍ദ്രമായ ഒരു അനുഭവത്തെ വിടപറയുന്നതോര്‍ത്ത് വിമ്മിഷ്ടപ്പെടുകയായിരുന്നു ഞാന്‍.

ഇനി വേളാംകണ്ണിയിലേക്കാണ്. പിന്നെ ശബരിമലക്ക്. പരമസത്യത്തെ തേടിയുള്ള അലച്ചിലാണ്. സ്‌നേഹമെന്ന യാഥാര്‍ത്ഥ്യത്തെ കണ്ടെത്താനുള്ള പ്രയാണം എന്ന് എവിടെ ചെന്ന് നില്‍ക്കുമോ ആവോ?
ഖാജാ മേരേ ഖാജാ…

ടി എന്‍ പ്രതാപന്‍

SHARE