വയനാട്ടിലെ ഏറ്റവും പഴക്കം ചെന്ന മഖ്ബറകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാട്ടിച്ചിറക്കല്‍ മഖാം. മാനന്തവാടിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ കോഴിക്കോട് റോഡിലെ കെല്ലൂരിനടുത്താണിത്. അസ്സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി എന്നാണ് മഹാന്റെ പേര്.
ഖബറിടത്തിന് ഒന്‍പത് മുഴം നീളമുണ്ട്. ഖബറിടത്തില്‍ ആണ്ട് നേര്ച്ചയടുക്കുമ്പോള് രണ്ട് പടുകൂറ്റന്‍ കാട്ടുപോത്തുകള്‍ വന്നു കിടക്കാറുണ്ടായിരുന്നുവത്രേ. നേര്ച്ചക്കാവശ്യമായ ഇറച്ചി സംഭരിക്കാനായി ഉപയോഗപ്പെടുത്തുന്നതിനാണ് അവ എത്തിയിരുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. കാടുവെട്ടിത്തെളിച്ചതോടെ കാട്ടുപൊത്തുകള് വരവ് നിര്‍ത്തി. ഇവിടെയുളള ചിറയിലെ വെളളം രോഗശമനത്തിന് പലരും ഉപയോഗിച്ച് ശിഫ ലഭിച്ചിട്ടുണ്ട്. പലരോഗങ്ങള്ക്കുമുളള ദിവ്യൗഷധമാണിതെന്നാണ് വിശ്വാസം. ഇത് കൊണ്ടാണ് ഈ സ്ഥലത്തിന് കാട്ടിച്ചിറക്കല്‍ എന്ന് നാമകരണം ചെയ്യപ്പെടാന്‍ കാരണമത്രെ.
മൈതാനിയിലെ ഒരു അജ്ഞാത ഖബര്‍ നീളം കൂടിത്തുടങ്ങിയതാണ് മഖാമിന്റെ ആരംഭം. നീളം കൂടിക്കൂടി വന്നപ്പോള്‍ ചിറപ്പുറത്തു മറവെട്ട ദില്ലിത്തങ്ങള് അടുത്തു ചെന്ന് ഇങ്ങനെ നീണ്ടുപോയാല്‍ അടുത്തവഴി മുട്ടിപ്പോയേക്കുമെന്ന് പറഞ്ഞുവെന്നും അതിനു ശേഷം നീളം കൂടിയിട്ടില്ല എന്നും പറയപ്പെടുന്നു. വര്‍ഷം തോറും വിപുലമായ പരിപാടികളോടെ നേര്‍ച്ച കഴിച്ചുവരുന്നു. എസ് എം പൂക്കോയ തങ്ങള്‍ക്ക് സ്വപ്നദര്‍ശനം വഴി ലഭിച്ചതാണ് സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ ബുഖാരി എന്ന പേരും ഖബറിന്റെ ഒന്‍പത് മുഴം നീളവും. സ്വപ്ന ദര്‍ശനത്തെ തുടര്‍ന്ന് അളന്നു തിട്ടപ്പെടുത്തിയപ്പോള്‍ കൃത്യം ഒന്‍പത് മുഴം നീളം തന്നെയാണ് ഖബറിന്റെ നീളമെന്ന് ബോധ്യപ്പെട്ടു.

അവലംബം: വലിയ്യുകള്‍ ധന്യമാക്കിയ വയനാടന്‍ വഴി