പരലോകത്തുളള ശുപാര്‍ശ പൊതുവെ അഞ്ച് ഇനങ്ങളാണെന്ന് പണ്ഡിതന്മാര് വിശദീകരിക്കുന്നു. തഖിയുദ്ദീന് സുബുകി ഇമാം ശിഫാഉസ്സിഖാം ഫീ സിയാറത്തി ഖൈറില്‍ അനാം എന്ന ഗ്രന്ഥങ്ങളില്‍ ഖാളി ഇയാളിനെ ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ശഫാഅത്തിന്റെ വിവിധ വകഭേദങ്ങളില്‍ ചിലത് നബി (സ) ക്ക് മാത്രമുളളതും മറ്റൊരാള്‍ക്കും പങ്കില്ലാത്തതുമാണ്. ചിലതില്‍ നബി(സ) യോടൊപ്പം മറ്റുളളവരും പങ്കുകാരാകും. പക്ഷെ എല്ലാത്തിന്റെയും തുടക്കം മുത്ത് നബി തങ്ങളായിരിക്കും. പൊതുവെ ശഫാഅത്തെന്നാല് നബി തങ്ങളുടെ പ്രത്യേകതയായാണ് പറയാറുളളത്. കാരണം ശഫാഅത്തുകളുടെ തുടക്കവും മടക്കവും നബിതങ്ങളുടെ ശഫാഅത്തിലേക്കാണ്.
ഖാളി ഇയാള്‍ (റ) പറഞ്ഞതു പ്രകാരം ശഫാഅത്ത് 5 ഇനമാണ്.
നബി(സ) ക്ക് മാത്രമുളള അതിശ്രേഷ്ഠമായ ശഫാഅത്ത് ആണ് ഒന്നാമത്തെ ഇനം. മഹ്ശറിലെ ദീര്‍ഘമായ നില്പ് അവസാനിപ്പിച്ച് വിചാരണ പെട്ടെന്ന് നടത്താനുളളതാണീ ശഫാഅത്ത്. ഇതിനെ ആരും നിഷേധിച്ചിട്ടില്ല.
വിചാരണ കൂടാതെ ജനങ്ങളെ സ്വര്‍ഗത്തില്‍ കടത്താന്‍ സഹായിക്കുന്ന ശഫാഅത്ത്. നബി (സ) പറഞ്ഞു എന്റെ സമുദായത്തില്‍ നിന്നും വിചാരണ കൂടാതെ 70,000 പേര് സ്വര്‍ഗത്തില്‍ കടക്കും. അപ്പോള്‍ ഒരു സഹാബി നബി (സ)യോട് പറഞ്ഞു. റസൂലെ ആ വിഭാഗത്തില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ അങ്ങ് പ്രാര്‍ഥിച്ചാലും. അപ്പോള്‍ നബി (സ) പ്രാര്‍ഥിച്ചു. അല്ലാഹുവേ, ഇദ്ദേഹത്തെ നീ ആ വിഭാഗത്തില്‍ പെടുത്തണേ. ഉക്കാശ (റ) ആയിരുന്നു ആ സ്വഹാബി. ഇവ്വിഷയകമായി വേറെയും ഹദീസുകളുണ്ട്.
നരകം അനിവാര്യമായ ആളുകള്‍ നരക പ്രവേശനത്തിനു മുമ്പുളള ശഫാഅത്ത്. നബി(സ) തങ്ങളും അല്ലാഹു ഉദ്ദേശിച്ച മറ്റു മഹത്തുക്കളും ഈ ശഫാഅത്ത് ചെയ്യും. ഹദീസുകളില്‍ വന്നതനുസരിച്ച് അന്നേ ദിവസം നബി (സ) നബിമാരുടെ ഇമാമാണ്. ശഫാഅത്ത് ചെയ്യുന്ന എല്ലാവരും ശഫാഅത്ത് ചെയ്യുന്നത് നബി (സ) കാരണമാണ്. മറ്റുളളവരുടെ ശഫാഅത്തും നബി (സ)യുടെ ശഫാഅത്തില്‍ പെടും. അതിനാല്‍ നബി(സ) യെ ശുപാര്‍ശകരുടെ ശുപാര്ശകന് എന്ന് പറയുന്നു.
നരകത്തില്‍ കടന്നവര്‍ക്ക് വേണ്ടിയുളള ശഫാഅത്ത്. ഇവര്‍ക്ക് വേണ്ടി നബി (സ)യും മറ്റു അമ്പിയാക്കന്മാരും സത്യവിശ്വാസികളും ശഫാഅത്ത് ചെയ്യും. അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം കൊണ്ട് അവശേഷിക്കുന്ന വിശ്വാസികളും രക്ഷപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നരകത്തില്‍ പിന്നീട് അവിശ്വാസികള്‍ മാത്രമാകും.
സ്വര്‍ഗത്തില്‍ പ്രവേശിച്ചവര്‍ക്ക് പദവി വര്‍ദ്ധനവിന് വേണ്ടിയുളള ശഫാഅത്ത്.
സ്വര്‍ഗത്തില്‍ നബി (സ)ക്കാണ് ഏറ്റവും ഉന്നതമായ പദവി. സ്വര്‍ഗത്തിലെ ഏതനുഗ്രഹങ്ങള്ക്കും നബി (സ) മുഖേനയാണ് ലഭിക്കുന്നത്. ഖാളി ഇയാളും മറ്റുളളവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുഅ#്തസിലുകള് പോലും ഇക്കാര്യം നിഷേധിച്ചിട്ടില്ല. അബ്ദുല്‍ ജലീലുല് ഖസ് രിയുടെ ശുഅബുല്‍ ഈമാനില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ ശഫാഅത്തും നബി(സ)ക്ക് മാത്രമുളളതാണ്.
ഖിയാമത്തിലുടനീളം നബി(സ)യുടെ മഹത്വമാണ് പ്രകടമാകുന്നത്.
നബി (സ) പറഞ്ഞു ‘ശഫാഅത്താണോ താങ്കളുടെ സമുദായത്തില്‍ നിന്നുളള പകുതി ആളുകള്‍ സ്വര്‍ഗത്തില്‍ കടക്കുന്നതാണോ താങ്കള്‍ തിരഞ്ഞടുക്കുന്നതെന്ന് എന്നോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ ശഫാഅത്ത് തിരഞ്ഞെടുത്തു. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കാതെ മരണപ്പെട്ട എല്ലാവര്ക്കും എന്റെ ശഫാഅത്ത് ലഭിക്കും.
ഇതേ ആശയമുളള മറ്റു ഹദീസുകളുമുണ്ട്.
ചുരുക്കത്തില്‍ 5 ശഫാഅത്തുകളിലും മൂന്നും നബി (സ) ക്ക് മാത്രമുളളതാണ്. ഇതില്‍ നിന്നും ലോകാനുഗ്രഹിയായ പ്രവാചക പുംഗവരുടെ ശ്രേഷ്ഠതയും മാഹാത്മ്യവും ഉള്ക്കൊളളാവുന്നതാണ്. ഇഹ ലോകത്ത് നബി(സ)യെ വേണ്ടത്ര ഉള്‍ക്കൊളളാന്‍ കഴിയാത്തവര്‍ക്കും പരലോകത്ത് വെച്ച് തിരുനബിയുടെ മാഹാത്മ്യം ബോധ്യപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. അല്ലാഹു അവിടുത്തെ ശഫാഅത്ത് നല്കി നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. ആമീന്‍
മുഹമ്മദ് റഫീഖ് നിസാമി അക്കരയില്‍, പുതു പൊന്നാനി
അവലംബം : ശിഫാഉസ്സിഖാം ഫീ സിയാറത്തി ഖൈരില്‍ അനാം
( ശൈഖുല്‍ ഇസ് ലാം തഖിയ്യുദ്ദീനു സുബുക്കി)