ബ്രിട്ടിഷുകാരെ എതിര്‍ക്കല്‍ എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് നിര്‍ബന്ധമെന്ന് നിവര്‍ന്നുനിന്ന് പ്രഖ്യാപിച്ച, അതിനായി സെഫുല്‍ ബത്താര്‍ എന്ന ഗ്രന്ഥമെഴുതിയ, മമ്പുറം തങ്ങളുടെ ജീവിതവും പ്രവര്‍ത്തനവും ആധുനികകാലത്തും പുനര്‍വായന അര്‍ഹിക്കുന്നതാണ്. ബ്രിട്ടിഷുകാരോട് മമ്പുറം തങ്ങള്‍ ഏറ്റുമുട്ടിയതിനു സമാനമായ സാഹചര്യത്തിലൂടെ കാലം കടന്നുപോകുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കേണ്ടതാണ് മമ്പുറം സയ്യിദ് അലവി തങ്ങളെന്ന മഹാമനീഷിയുടെ ജീവിതം. അധിനിവേശശക്തികളെ തുരത്താന്‍ ചങ്കൂറ്റം കാണിച്ച ജനത നവകൊളോണിയല്‍ ശക്തികള്‍ക്കെതിരേ പ്രതികരിക്കുവാന്‍ ആര്‍ജവം നേടേണ്ടത് ഇന്നലെകളുടെ ചരിത്രത്തില്‍ നിന്നാകുമ്പോള്‍ വിശേഷിച്ചും. സമരപോരാട്ട വീഥികളില്‍ നിന്ന് അടര്‍ത്തി മാറ്റി മഖ്ബറയില് തളച്ചിടേണ്ടതാണോ മമ്പുറം തങ്ങളെന്ന സാമ്രാജ്യത്വവിരുദ്ധ പോരാളിയെന്ന് പുതിയ കാലം ചോദ്യമുയര്ത്തേണ്ടിയിരിക്കുന്നു.
കൊളോണിയല്‍ വിരുദ്ധത ജ്വലിച്ചുയര്‍ന്ന 19ാം നൂറ്റാണ്ടില്‍ മലബാറിലുണ്ടായ ചെറുത്തു നില്പ്പുകളിലെല്ലാം മമ്പുറം തങ്ങളുടെ സ്വാധീനം കാണാന്‍ കഴിയും. 1817ലെ മഞ്ചേരി കലാപത്തിലും ചേറൂരിലെ ഏറ്റുമുട്ടലിലും 1921ലെ സമരങ്ങളിലും മമ്പുറം തങ്ങളുടെയും സൈഫുല്‍ ബത്താറിലൂടെ അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളുടെയും സ്വാധീനമാണ് ഉണ്ടായിരുന്നത്. 1817ലെ മഞ്ചേരി കലാപത്തിന് പ്രചോദനമായത് മമ്പുറം തങ്ങളാണെന്നു കണ്ടെത്തിയ ബ്രിട്ടിഷുകാര്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ജെയിംസ് പോര്ഗക്കറോട് തങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. മേലധികാരികളുടെ ആജ്ഞ നടപ്പാക്കാനൊരുങ്ങിയ കലക്ടര്‍ അതേസമയം അറസ്റ്റ് നടന്നാല്‍ ഉണ്ടാകാനിടയുള്ള ഭവിഷ്യത്ത് സൂചിപ്പിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തു. വിവരമറിഞ്ഞ് കലക്ടര്‍ക്കു മുന്നില്‍ നിര്‍ഭയനായി സായുധരായ പോരാളികളോടൊപ്പം ഹാജരായ അലവി തങ്ങളെ കലക്ടര്‍ മടക്കി അയക്കുകയായിരുന്നുവെന്ന് ചരിത്രം. ഈ ഒരൊറ്റ സംഭവം മതി മമ്പുറം തങ്ങളുടെ ധീരത വ്യക്തമാകാന്‍. കോഴിക്കോട് പാളയം, നിലമ്പൂര്‍ ചന്തക്കുന്ന്, വയനാട് പോലുള്ള പ്രദേശങ്ങളില്‍ അടിമചന്തകളില്‍ കീഴാളരെ അടിമകളെപ്പോലെ ആറ് അണ കൊടുത്ത് കൃഷിയിടങ്ങളില്‍ ഉപയോഗിച്ചിരുന്ന കാലത്ത് അവര്‍ക്ക് ആശ്വാസമേകിയത് മമ്പുറം തങ്ങളായിരുന്നു. ജന്മിത്വത്തിനെതിരേ കലാപം നയിക്കുവാന്‍ കീഴാളര്‍ക്ക് ബലമേകിയത് മമ്പുറം തങ്ങളുടെ സാന്നിധ്യമാണ്. കീഴാളപക്ഷത്തെ സ്വാതന്ത്ര്യ സമരത്തിലുള്‍പ്പെടെ പങ്കെടുപ്പിക്കാനും അവരോടു സമരസപ്പെടാനും ജന്മികളല്ലാത്ത ജനവിഭാഗത്തിന് സാധിച്ചുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ജന്മിത്വത്തിനെതിരെയുള്ള മമ്പുറം തങ്ങളുടെ നിലപാടുകള്‍ കീഴാളപക്ഷത്തിന് പ്രചോദനമായി വര്‍ത്തിച്ചു.
ജാതിവിവേചനം മൂലം അധഃസ്ഥിതസമൂഹത്തില് നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെടുന്നതും ഇതേ കാലഘട്ടത്തില്‍ തന്നെയാണ്. മമ്പുറം തങ്ങളും കീഴാളപക്ഷവും തമ്മിലുള്ള ബന്ധം കളിയാട്ട ഉല്‍സവവുമായി ഇഴചേര്‍ന്നു കിടക്കുന്നു. കളിയാട്ടത്തിന് തിയ്യതി കുറിച്ച് നല്‍കിയിരുന്നത് മമ്പുറം തങ്ങളായിരുന്നു. പുരാവൃത്തങ്ങളിലും തോറ്റംപാട്ടുകളിലും ഈ ബന്ധം കാണാന്‍ കഴിയും. മതപരമായ അറിവ് മാനവികതയുടെ പക്ഷത്തേക്കു വഴി നടത്തുമെന്നതിന്റെ ഉദാഹരണമായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങളുടെ ജീവിതം. ഒരു ഹിന്ദുവിനെ കാര്യക്കാരനാക്കി നിയമിച്ച മമ്പുറം തങ്ങള്‍ക്ക് മാനവികതയുടെ പരിവേഷമാണ് കൂടുതലും ഇണങ്ങുന്നത്
മമ്പുറം സയ്യിദ് അലവി തങ്ങളും മകന് സയ്യിദ് ഫസല്‍ തങ്ങളും അമാനുഷിക പ്രവര്‍ത്തനങ്ങളിലൂടെയല്ല ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത്. നാടിനെ കീഴ്പ്പെടുത്തിയ ബ്രിട്ടിഷുകാരോടും ജന്മിത്വത്തോടും കാണിച്ച സന്ധിയില്ലാത്ത നിലപാടുകളാണ് മമ്പുറം തങ്ങളെ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഓര്‍ക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന വ്യക്തിയാക്കി മാറ്റിയത്. അധികാരത്തോടുള്ള ആര്‍ത്തിയല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള ഐക്യപ്പെടലായിരുന്നു മമ്പുറം തങ്ങളുടെ രാഷ്ട്രീയം. പീഡനത്തിനും ചൂഷണത്തിനും ഇരയാക്കപ്പെടുന്നവര്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഒരു പ്രലോഭനവും തങ്ങളെ തടഞ്ഞില്ല. മരിച്ചതിനു ശേഷമുള്ള കറാമത്തുകളുടെ പേരില്‍ തങ്ങളെ ഓര്‍ത്തെടുക്കുന്നതിനു പകരം ധീരനായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയും കീഴാളജനങ്ങളുടെ വിമോചകനുമായിട്ടാണ് മമ്പുറം തങ്ങള്‍ സ്മരിക്കപ്പെടേണ്ടത്
കൃഷ്ണന് എരഞ്ഞിക്കല്‍