പന്തലായനിയും പാറപ്പള്ളിയും

ഹാഫിസ് മുബഷിര്‍ ചാലിയം

580

കേരള മുസ്‌ലിം ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത നാമമാണ് പന്തലായനി. കൊയിലാണ്ടിയില്‍ നിന്ന് അരനാഴിക അകലെയുള്ള പന്തലായനി കോഴിക്കോട് ജില്ലയിലെ ലോക പ്രശസ്ത വാണിജ്യ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രശസ്ത ഭൂമിശാസ്ത്രജ്ഞനായ അല്‍ ഇദ്‌രീസിയുടെ ‘നുഹ്‌സത്തുല്‍ മുഷ്താഖ് ഫീ ഇഖ്തിറാക്കുല്‍ ആഫാഖ്’ എന്ന ഗ്രന്ഥത്തില്‍ പന്തലായനി കൊല്ലത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അദ്ദേഹം പന്തലായനി കൊല്ലത്തെ ഫന്റരൈര എന്ന് വിശേഷിപ്പിച്ചു. ഇബ്‌നു ബത്തൂത്ത ഫന്തറീന, പോര്‍ച്ചുഗീസുകാര്‍ പണ്ടാരാണി, ചൈനക്കാര്‍ ഫന്റലൈന എന്നും വിളിച്ചത് പന്തലായനി കൊല്ലത്തെയാണ്. വിവിധ കാലയളവില്‍ മലബാറില്‍ എത്തിയ സഞ്ചാരികളുടെ വിവരണങ്ങളില്‍ നിന്ന്, പന്തലായനി കൊല്ലം അറബികളുടെയും ചൈനക്കാരുടെയും ജൂതന്മാരുടെയും വ്യാപാര താവളമായിരുന്നുവെന്നും കുരുമുളക്, ഏലം മുതലയാവ കയറ്റി അയച്ചിരുന്ന തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നുവെന്നും മനസിലാക്കാം. ചൈനക്കാരുടെയും അറബികളുടെയും ചരിത്ര ശേഷിപ്പുകള്‍ ഇന്നും കൊല്ലത്ത് കാണാവുന്നതാണ്. ചൈനക്കാരുടെ ചരിത്ര ശേഷിപ്പായി ചീനപള്ളികള്‍ കോളം കടപ്പുറത്തിനടുത്തും, അവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയും കാണാം. അത് കൂടാതെ പന്തലായനി കൊല്ലത്ത് നടത്തിയ ചരിത്ര ഗവേഷണ ഖനനത്തില്‍ നാഗേശ്വര ക്ഷേത്രത്തിനും – ജുമുഅ മസ്ജിദിനും ഇടയിലുള്ള പ്രദേശത്തു നിന്നും ചീന പാത്രങ്ങള്‍ ശേഖരിക്കുകയുണ്ടായി. കൊല്ലത്തെ പാറപള്ളി ഇന്ത്യയിലെ തന്നെ പ്രാചീന മുസ്‌ലിം പള്ളികളില്‍ ഒന്നാണ്. വിദേശ വ്യാപാരികളുടെ പ്രതാപ കാലത്ത് ഇവിടത്തെ ഖാസിയും മറ്റു പ്രധാനികളും ഒമാനികള്‍ ആയിരുന്നു. ഒട്ടെറെ ഐതിഹ്യങ്ങള്‍ ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. മയ്യിത്ത് കുന്ന്, കൗലമല എന്ന പേരിലും പാറപ്പള്ളി അറിയപ്പെടുന്നുണ്ട്. പാറപ്പള്ളിയുടെ ചരിത്രം പന്തലായനി കോളം കടപ്പുറത്തിന്റെയുംകൂടി ചരിത്രമാണ്. പുരാതന കാലത്ത് പ്രസിദ്ധമായ കച്ചവട കേന്ദ്രമെന്നറിയപ്പെട്ട പന്തലായനിയും കോളം കടപ്പുറവും വിദേശ ചരിത്രരേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രാചീനകാലം മുതല്‍ പത്തേമാരികള്‍ വാണിജ്യാര്‍ഥം ഇവിടെ വന്നിരുന്നു.
പന്തലായനി കൊല്ലം ഉള്‍പ്പെട്ട കോളം കടപ്പുറത്തിന്റെ പ്രകൃതിഭംഗിയാണ് ഇവിടുത്തേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ഉള്ളോട്ട് വളഞ്ഞ് ശാന്തമായ കോളം കടപ്പുറം സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്. അറബികളും ചൈനക്കാരും പറങ്കികളും പന്തലായനിയുടെ തീരങ്ങളില്‍ കച്ചവടം നടത്തിയിരുന്നു. പ്രസിദ്ധ സഞ്ചാരികളായ ഇബ്‌നുബത്തൂത്തയും ഇബ്‌നു ഖുര്‍ദ്ദാദ്‌ബെയും പന്തലായനി തുറമുഖത്തെ പരാമര്‍ശിച്ചിട്ടുണ്ട്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഇവിടം ഇസ്‌ലാം എത്തിയിട്ടുണ്ടന്നാണ് ചരിത്രം. മാലിക് ദീനാറിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെവിവിധ ഇടങ്ങളില്‍ നിര്‍മിക്കപ്പെട്ട പത്ത് പള്ളികളില്‍ ഒരു പള്ളി പന്തലായനിലാണ്. ചില ചരിത്ര വിവരണങ്ങളില്‍ വാസ്‌കോഡഗാമ സാമൂതിയിരുടെ നിര്‍ദേശ പ്രകാരം കപ്പല്‍ നങ്കൂരമിട്ടത് കാപ്പടല്ല, പന്തലായനി കൊല്ലത്താണെന്ന് രേഖപ്പെടുത്തുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, വില്ല്യം ലോഗന്‍, ചരിത്രകാരന്‍ ഡോ. എം ആര്‍ രാഗവ വാര്യര്‍, ഡോ. എന്‍ എം നമ്പൂതിരി എന്നിവര്‍ ഈ അഭിപ്രായക്കാരാണ്. ‘ഗാമ തന്റെ കപ്പലുകളെ കുറച്ചുനാഴികകള്‍ വടക്കോട്ട് നീക്കി പന്തലായനി കൊല്ലത്തിനടുത്ത് കടലിലേക്ക് തള്ളി കിടക്കുന്ന ചേറ്റുകരയില്‍ നങ്കൂരമിട്ടു’ എന്ന ഗാമയുടെ യാത്രയുമായി ബന്ധപ്പെട്ട കോറിയയുടെ വിവരണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് ലോഗന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നത്. കുഞ്ഞാലി മരക്കാന്‍മാര്‍ പന്തലായനി കൊല്ലത്തുകാര്‍ ആയിരുന്നെന്നും പോര്‍ച്ചുഗീസ്‌കാര്‍ പന്തലായനി കൊല്ലം ആക്രമിച്ചു നശിപ്പിച്ചപ്പോള്‍ അവര്‍ കോട്ടക്കലിലേക്ക് താമസം മാറ്റിയതായും പറയപ്പെടുന്നു. പോര്‍ച്ചുഗീസുകാരുടെ നിരന്തരആക്രമണവും കൊള്ളയുമാണ് പന്തലായനി കൊല്ലത്തിന്റെ തകര്‍ച്ചക്ക് കാരണമായതന്നാണ് ചരിത്രം.
18 ഏക്കര്‍ വിസ്താരമുള്ള കുന്നിന് മുകളിലാണ് പള്ളി. കുന്നിന് മുകളിലെ 14 മഖ്ബറകള്‍ സ്വഹാബാത്തുകളുടെതാണെന്നാണ് വിശ്വാസം.
മഖ്ബറകളില്‍ ഒന്ന് ‘ഒരു കെട്ടിടത്തിനുള്ളിലാണ്. ഇത് ഇസ്‌ലാം മത പ്രചാരണത്തിന് ഇവിടെ എത്തിച്ചേര്‍ന്ന മതപണ്ഡിതനും പ്രബോധകനുമായ തമീമുല്‍ അന്‍സാരിയുടെതാണെന്ന് പറയപ്പെടുന്നു.
പന്തലായനികൊല്ലത്തെ കടല്‍തീരത്ത് മാലിക് ഇബ്‌നുദീനാറിന്റെ കാര്‍മികത്വത്തിലാണ് പാറപള്ളി പണിതത്. വലിയൊരു പാറക്കു മുകളില്‍ ആയതുകൊണ്ടാണ് പാറപ്പള്ളി എന്ന പേര് ലഭിച്ചത്. പ്രസിദ്ധ സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത ഈ പള്ളിയില്‍ 40 ദിവസം താമസി ച്ചിട്ടുണ്ടെന്നാണ് ചരിത്രം. അദ്ദേഹത്തിന്റെ യാത്രാരേഖകള്‍ ഇങ്ങനെ കാണാം. ‘പന്തലായനിയിലെ വലിയ ജുമാഅത്ത് പള്ളി കടലോരത്താണ്. അത് വളരെ ആശ്ചര്യകമായതാണ്. കാഴ്ച കാണാം പള്ളിയുടെ മുന്‍വശത്ത് ഉല്ലാസ സ്ഥലങ്ങളും ഇരിപ്പിടവും വലിയ പ്രാര്‍ഥനാഹാളും ചുറ്റിലും കോലായയും. കെട്ടിപ്പൊക്കിയപതിനാലോളം മഖ്ബറകള്‍ പാറപള്ളിയില്‍ നമുക്കു കാണാനാവുന്നതാണ്. അതില്‍ ഒന്ന് ബദര്‍ പോരാളികളില്‍ പെട്ട തമീമുല്‍ അന്‍സാരിയുടേതാണന്ന് പറയപ്പെടുന്നു.’ പാറപ്പള്ളിക്കു പുറമേ കുന്നിന്‍മുകളില്‍ പഴക്കംചെന്ന മറ്റു രണ്ടു പള്ളികള്‍ കൂടെയുണ്ട്. ഔലിയാപള്ളിയും ഖിള്ര്‍ പള്ളിയും.
പ്രധാന പള്ളിയുടെ മുറ്റത്ത് പാറയില്‍ ഒരു കാലടയാളം കാണപ്പെടുന്നുണ്ട്. അത് ആദം നബിയുടെ താണന്നാണ് കേള്‍വി. മറ്റൊന്ന് ഔലിയാ വെള്ളമാണ്. ഔലിയാപള്ളിയുടെ താഴെ ഒരു പാറ പൊത്തില്‍ നിന്നാണ് ഈ വെള്ളത്തിന്റെ ഉത്ഭവം. ഏത് കാലാവസ്ഥയിലും ഒഴുകിക്കൊണ്ടിരിക്കുന്ന ഈ ശുദ്ധജലത്തിന് കടല്‍ത്തീരത്തായിട്ടും ഉപ്പുരസം ഇല്ല എന്നതാണ് അദ്ഭുതം.
അവിടെ അവര്‍ പള്ളികള്‍ നിര്‍മിച്ചു. കൊല്ലത്തെ കടല്‍ക്കരയില്‍ അവര്‍ നിര്‍മിച്ച പള്ളി ഇന്നും ചീനംപള്ളി എന്നാണ് അറിയപ്പെടുന്നത്. ചൈനയില്‍ നിന്നും വന്ന മുസ്‌ലിം കച്ചവടക്കാര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് ഇവിടത്തെ മുസ്‌ലിംകളായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ സാധനങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇവിടുത്തെ ചില ഭാഗങ്ങളില്‍ കണ്ടെത്തിയിരുന്നു.
പച്ചപുതച്ച കുന്നിന്‍ ചെരുവുകളും ചെറു വൃക്ഷങ്ങളും ആകാശ പരപ്പും പാറക്കൂട്ടങ്ങള്‍ തിങ്ങിയ കടല്‍ത്തീരവും ലാസ്യമായ പ്രകൃതി ഭംഗിയും അതിലേറെ ചരിത്ര പ്രധാന്യവുമുള്ള പാറപ്പള്ളി ഇന്ന് തീര്‍ഥാടന കേന്ദ്രത്തിനു പുറമേ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ് . അനേകം വിനോദ സഞ്ചാരികള്‍ ദിനേനെ പാറപ്പള്ളി സന്ദര്‍ശിക്കാന്‍ എത്തുന്നു. പാറപള്ളിയുടെ ചരിത്രത്തിന്റെ പിന്തുടര്‍ച്ച എന്നോണം ധാരാളം മത ഭൗതിക സ്ഥാപനങ്ങള്‍ പാറപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാന പ്പെട്ടതാണ് ജാമിഅ മര്‍ക്കസിന് കീഴിലുള്ള മര്‍കസ് മാലിക് ദീനാറും നന്തി ദാറുസ്സലാമിനു കീഴിലുള്ള ദഅ്‌വാ കോളേജും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജും .
നിരവധി മഹത്തുക്കളെ കാലത്തിന് സമര്‍പ്പിച്ച മണ്ണാണ് കൊയിലാണ്ടിയുടേത്.കുഞ്ഞാലി മരക്കാര്‍ ഒന്നാമനെ പോലുള്ള ചരിത്ര പുരുഷന്മാരും കേളപ്പജി, അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ഹാഷിം ബാഫഖി തുടങ്ങിയ രാഷ്ട്രീയ നായകരും ജനിച്ചതും ജീവിച്ചതും ഈ മണ്ണിലാണ്. മലയാളത്തിലെ ആദ്യ നോവലിസ്റ്റ് ചന്തുമേനോന്റെ ബാല്യകാലം ഈ നാട്ടിലായിരുന്നു . ചരിത്രം വികലമാക്കപ്പെടുകയും ചരിത്ര പുരുഷന്‍മാരുടെ പേരുകള്‍ ബോധപൂര്‍വം മറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തംവേരുകളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടാവുകയും ഇന്നലകളെ കുറിച്ച് ശരിയായ ധാരണ ഉണ്ടാവുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്

കടപ്പാട് pravasirisala.com
SHARE