എല്ലാവരെയും സ്നേഹിക്കുവീന്‍
ആരെയും വെറുക്കരുതേ.
അധരം കൊണ്ടുളള സമാധാന വചനങ്ങള്‍ ഒരു ഗുണവും ചെയ്യില്ല. സാന്ത്വനം ഹൃദയത്തില്‍ നിന്നാണ് തുടങ്ങേണ്ടത്.
ദൈവത്തേയും മതത്തേയും കുറിച്ചുളള കേവല സംസാരങ്ങള്‍ എവിടെയുമെത്തിക്കില്ല.
നിന്നില്‍ അന്തര്‍ലീനമായ ശക്തി മുഴുവന്‍ പുറത്തെടുക്കൂ. എന്നിട്ട് സ്വയം അനശ്വരനാകൂ.
നിന്നില്‍ നിന്നും ശാന്തിയും സന്തോഷവും ബഹിര്‍ഗമിക്കട്ടെ. അതിന്റെ സൗരഭ്യം നീ എവിടെപ്പോയാലും പ്രസരിച്ചു കൊളളും.
സത്യത്തിന്റെ കത്തിജ്ജ്വലിക്കുന്ന അഗ്നിയാകൂ. സ്നേഹത്തിന്റെ സൗന്ദര്യമുളള പുഷ്പമാവൂ. സമാധാനത്തിന്റെ ലേപനമാവൂ.
ആത്മീയ പ്രകാശം കൊണ്ട് നീ അജ്ഞതയുടെ അന്ധകാരം ഇല്ലാതാക്കുക. യുദ്ധത്തിന്റെയും വിദ്വേഷത്തിന്റെയും മേഖങ്ങളെ സ്നേഹത്തില്‍ ലയിപ്പിക്കുക.
ജനങ്ങള്‍ക്കിടയില്‍ നന്മയും സമാധാനവും സൗഹൃദവും സ്ഥാപിക്കുക.
നീ സഹായവും ധര്‍മവും സമ്മാനങ്ങളും സ്വീകരിക്കരുത്; ദൈവത്തില്‍ നിന്നല്ലാതെ. രാജാക്കന്മാരുടെ കൊട്ടാരങ്ങളില്‍ കയറരുത്. അശരണരേയും അനാഥകളെയും വിധവകളെയും അനുഗ്രഹിക്കാനും സഹായിക്കാനും മടിക്കരുത്. നിന്റെ ലക്ഷ്യം ജനസേവനമാവണം.
ദൈവത്തിന്റെ സ്നേഹിതന് സൂര്യനെപ്പോലെ സ്നേഹമുണ്ടാവണം. നിങ്ങള്‍ സൂര്യനെ നോക്കൂ. അത് എല്ലാ മതക്കാര്‍ക്കും ജീവജാലങ്ങള്‍ക്കും ഒരുപോലെ വെളിച്ചം പകരുന്നു.
ദൈവത്തിന്റെ സ്നേഹിതന് നദിയെപ്പോലെ ഔദാര്യമുണ്ടാകണം. നദിയെ കണ്ടില്ലേ, അത് ശക്തനും ദുര്‍ബലനും ദുഷ്ടനും ഗുണവാനും ഒരുപോലെ പാനജലം നല്കുന്നു.
ദൈവത്തിന്റെ സ്നേഹിതന് ഭൂമിയെപ്പോലെ വിനയം വേണം. ഭൂമിയുടെ മടിയിലാണ് നാം ജനിച്ചതും വളര്‍ന്നതും എന്നിട്ടും ഭൂമി നമുക്ക് ചവിട്ടാന്‍ നിന്നു തരുന്നു.
ഒരു വ്യക്തിക്കുണ്ടാകേണ്ട നാലു ഗുണങ്ങളുണ്ട്. 1. ദാരിദ്ര്യം വന്നാലും യാചിക്കാതിരിക്കുക. 2. വിശപ്പുളളപ്പോഴും വിശപ്പ് പുറത്തു കാണിക്കാതിരിക്കുക. 3. വിഷമമുണ്ടാകുമ്പോഴും സന്തോഷവാനായിരിക്കുക. 4. ശത്രുവിനോടും ചങ്ങാത്തം സ്ഥാപിക്കുക.
ഒരു ആത്മീയ ശിഷ്യനെ സൂഫി എന്ന് വിളിക്കണമെങ്കില്‍ അവന് ഈ ലോകത്ത് ഒരു സ്വാര്‍ഥതയും പാടില്ല.
ദൈവ ഭക്തന്മാര് ദൈവത്തില്‍ നിന്ന് നേരിട്ട് സംസാരം കേള്‍ക്കും.
ദൈവ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ നീ മൂന്ന് മാര്‍ഗങ്ങള്‍ സ്വീകരിക്കണം. 1. വിശന്നവനെ തീറ്റുക 2. വിഷമിക്കുന്നവന് സാന്ത്വനമരുളുക. 3.നിരാശ്രയന് ആശ്രയം നല്‍കുക.
നിസ്കാരം നിര്‍വഹിക്കാതെ ആര്‍ക്കും അല്ലാഹുവിനെ സമീപിക്കാന്‍ കഴിയില്ല. ഭക്തന്മാര്ക്ക് നിസ്കാരമാണ് ദൈവ സാമീപ്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനം. നിസ്കാരത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത്തരം നിസ്കാരക്കാരുടെ പുറത്ത് ദൈവശിക്ഷകള്‍ വര്‍ഷിച്ചു കൊണ്ടിരിക്കും.
മര്‍ദ്ദിതര്‍ക്ക് സംരക്ഷണം നല്‍കുന്നത് അല്ലാഹുവിനിഷ്ടപ്പെട്ട ആരാധനയാണ്.
ഉദാരമതികളുടെ ഭണ്ഡാരത്തിന്റെ താക്കോലാണ് ദാനം.
ഭക്തിയില്ലാതെ കര്‍മങ്ങള്‍ ചെയ്യുന്നവന്റെ ജീവിതം പാപ പങ്കിലമാണ്.
തെറ്റ് ചെയ്തിട്ടും പശ്ചാത്തപിക്കാതെ ഞാന്‍ ദൈവത്തിന്റെ ആളാണെന്ന് പറഞ്ഞ് ഞെളിയുന്നവന് ഏറ്റവും വലിയ പാപിയാണ്.
ആവശ്യക്കാരനെ നിരാകരിക്കാത്തവനാണ് യഥാര്‍ത്ഥ സൂഫി.
എന്ത് ദുഖമുണ്ടാകുമ്പോഴും ആരോടും പറയാതെ സ്വയം സഹിക്കുന്നതാണ് യഥാര്‍ത്ഥ ക്ഷമ.
ഏതൊരു വസ്തുവിന്റെയും സത്തയെക്കുറിച്ച് പഠിക്കുമ്പോഴാണ് ആര്‍ക്കും അത്ഭുതമുളവാകുക.
യഥാര്‍ഥ സൂഫി മരണത്തെ സ്നേഹിനായി കാണുന്നു. ആഢംബരത്തെ ശത്രുവായി കാണുന്നു. ദൈവസ്മരണയെ മഹത്വമായും കാണുന്നു.
വിജ്ഞാനം ആഴക്കടല്‍ പോലെയാണ് പ്രബുദ്ധത അതിലെ തിര പോലെയും. കടല്‍ ദൈവത്തിനവകാശപ്പെട്ടതാണ്. എന്നാല്‍ തിരയോ മനുഷ്യന് മാത്രമവകാശപ്പെടുന്നതും.
ദൈവ സന്നിധിയിലേക്കുളള ഗോവണിയാണ് നിസ്കാരം.
മുടി നന്നായി വൃത്തിയാക്കണം. കാരണം ഓരോ മുടിക്കടിയിലും മാലിന്യമുണ്ട്.
നിസ്കാരം നീ നിഷ്ഠയോടെ തന്നെ നിര്‍വഹിക്കൂ. എങ്കില്‍ നിന്റെ പശ്ചാത്താപം വളരെ വേഗം സ്വീകരിക്കും.
സൂഫി മാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നവര് ഭൗതിക ലോകത്തെ ത്യജിക്കാന്‍ തയ്യാറാകണം. പിന്നെ പരലോക സുഖങ്ങളും വേണ്ടെന്ന് വെക്കണം. പിന്നെ സ്വത്വത്തേയും ഉപേക്ഷിക്കണം. ഇതിന് തയാറാകാത്തവന് സൂഫി മാര്‍ഗം ആഗ്രഹിക്കരുത്.
മനുഷ്യന് ഹൃദയം നല്‍കിയത് ദൈവത്തെ സ്മരക്കാനാണ്. ദൈവ സ്മരണയില്ലാത്തവന്റെ ഹൃദയം വെറും മാംസക്കഷ്ണമാണ്.