Holy LivesMausoleum മലപ്പുറം പടയുടെ ആത്മവീര്യം തേടി… 2020 Share on Facebook Tweet on Twitter മലപ്പുറം മേല്മുറിക്കടുത്ത ആലത്തൂര്‍ പടിയിലെ പുള്ളിത്തൊടി അലവി എന്ന ബാപ്പുട്ടി ഹാജിക്ക് ഇപ്പോള്‍ വയസ്സ് 87. ഒരുകാലഘട്ടത്തിലെ മലബാറിലെ പ്രധാന ആഘോഷമായി കൊണ്ടാടപ്പെട്ടിരുന്നമലപ്പുറം നേര്‍ച്ചയുടെ ചരിത്രവും ഓര്മവെച്ചതുമുതലുള്ള തന്റെ അനുഭവങ്ങളും അയവിറക്കുകയാണ് ഹാജിയാര്. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും വിലയിരുത്തുകയും ചെയ്യുന്ന ബാപ്പുട്ടി ഹാജി നേര്ചയോടനുബന്ധിച്ച ചടങ്ങുകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമാണ് പറഞ്ഞു തുടങ്ങിയത്. ഒരു ദേശത്തിന്റെ ആഘോഷമെന്നതിലപ്പുറം ഒരു വലിയ സംസ്കാരമാണ് മലപ്പുറം നേര്‍ച്ച പ്രതിഫലിപ്പിക്കുന്നത്. ജന്മിത്വത്തിന്റെ മിഥ്യാധാരണകളെ തിരുത്തിക്കുറിച്ച മലപ്പുറത്തെ 44 ശുഹദാക്കള്‍. ഇവരുടെ ശൂരത നിറഞ്ഞ ഓര്‍മകള്‍ അയവിറക്കാനും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും വര്‍ഷത്തിലൊരിക്കല്‍ മലപ്പുറവും പരിസര പ്രദേശങ്ങളും ആഘോഷപൂര്‍വ്വം ഒത്തുകൂടിയിരുന്നു. ആയിരത്തി എഴുന്നൂറിന്റെ പ്രാരംഭകാലത്ത് നടന്ന ഐതിഹാസികമായ മലപ്പുറം പടയുടെ വീരസ്മരണകള്‍ പിന്മുറക്കാര് നെഞ്ചേറ്റിയത് നേര്‍ചക്ക് വേണ്ടിയുള്ള ഒത്തുകൂടലിലൂടെയാണ്. ആവേശാഹ്ലാദം അലയടിച്ചുയര്‍ന്ന ആ പഴയ നേര്ചക്കാലത്തെ ഹാജിയാര് ഓര്‍ത്തെടുക്കുന്നതിങ്ങനെ: “നേര്‍ച്ചയുടെ വിളംബരം മലപ്പുറം പള്ളിക്കമ്മിറ്റിയും നാട്ടിലെ പൗരപ്രമുഖരും ചേര്‍ന്ന് നടത്തും. പിന്നെ ആഘോഷങ്ങളാണ്. കല്യാണങ്ങളോ മറ്റു ആഘോഷങ്ങളോ നേര്‍ച്ച കാലത്ത് നടത്തില്ല. നേര്‍ച്ചയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ഭയങ്കര രസമാണ്. നെലമ്പൂര് കോയിലകത്ത്ന്ന് ആനനെ കൊണ്ടുവരും. എല്ലാ ഭാഗത്ത് നിന്നും മലപ്പൊറം പള്ളീക്ക് വരവുകളുണ്ടാകും. വരവിന്റെ ഭാഗമായി പെട്ടികളുണ്ടാകും. ശുഹദാക്കളെ ഓര്‍മ്മക്കായി ഓരോ വീട്ടില്‍നിന്നും 44 പത്തിരിയും ഒരു കോഴിയും പെട്ടിയില്‍ നിക്ഷേപിക്കും. നാടിന്റെ പല ഭാഗങ്ങളില്‍നിന്നും ചന്തക്കാര് വരും. പിന്നെ പൊടിപൊടിക്കുന്ന കച്ചവടമാണ്. വരവിന്റെ കൂടെ. ആന, കുതിര പോലോത്ത മൃഗങ്ങളിലാണ് വരവുകളുടെ എഴുന്നള്ളിപ്പ്. മേല്‍മുറി ഭാഗത്തെ അഞ്ച് മുക്കുകളില്നിന്ന് അഞ്ചുവരവുണ്ടാകും. എല്ലാവരും പരസ്പരം മത്സരിക്കും. മത്സരം ജയിക്കുന്നത് കൊടി കയറ്റത്തിലാണ്. ആദ്യം കൊടികയറ്റി ഉയരത്തിലെത്തിച്ചവര് ജയിക്കും. അതൊരു വാശിയായിരുന്നു. പിന്നെ കുടുംബങ്ങളെല്ലാം വരും…” ഈ പെട്ടിവരവിനെക്കുറിച്ചുള്ള അന്നത്തെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ കുറിച്ചു പറയുമ്പോള്‍ ഹാജിയാര്‍ക്ക് ആവേശം. “വലിയ പണ്ഡിതനും ഹറമിലൊക്കെ പോയി പഠിച്ച അരിപ്ര മൊയ്തീന് ഹാജിയൊക്കെ മലപ്പുറം നേര്‍ച്ചയുടെ കാര്യങ്ങളെ ശരിവെച്ചിരുന്നു… 1935 മുതല്‍ ഇന്നേവരെ ആലത്തൂര്‍പടി പള്ളിയില്‍ മുദരിസുമാരായവരെക്കുറിച്ച് എഴുതിയ സ്വന്തം ഡയറിയെടുത്ത് ബാപ്പുട്ടി ഹാജി സാക്ഷിപ്പെടുത്തിയപ്പോള് ഏറെ അതിശയം തോന്നി. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മലപ്പുറത്തിന്റെ പ്രാദേശിക ചരിത്രത്തെക്കുറിച്ചും ഇത്രയധികം ധാരണയുള്ള ഒരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ! മലപ്പുറം പട പതിനെട്ടാം നൂറ്റാണ്ടിലാണ് മലപ്പുറം പടക്കാസ്പദമായ സംഭവമുണ്ടായത്. മലബാര്‍ ഭരിച്ചിരുന്ന സാമൂതിരിയുടെ ഉപഭരണാധികാരിയായിരുന്ന പാറനമ്പിയുടെ ഭരണപ്രദേശമായിരുന്നു അന്ന് മലപ്പുറവും പരിസര പ്രദേശങ്ങളും. അന്നത്തെ ഉപഭരണാധികാരികളുടെ സ്ഥാനപ്പേരായിരുന്നു പാറനമ്പി. പാറനമ്പിയും മുസ്ലിംകളും ഏറെ സൗഹൃദത്തിലായിരുന്നു. രണ്ട് കൂട്ടരും ഏറെ സൗഹാര്‍ദ്ദപൂര്‍വ്വം സാമൂഹിക ജീവിതകം നയിച്ചു. മുസ്ലിംകളുടെ സാന്നിധ്യം ഏറെ ഗുണകരമായി കണ്ട പാറനമ്പി ഹിജ്റ 1144-ല്‍ അവര്‍ക്കൊരു പള്ളി നിര്‍മിച്ചു നല്കി. മലപ്പുറത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്താണ് പള്ളി നിര്‍മ്മിച്ചത്. ആരാധനക്കായി പള്ളിയായതോടെ പള്ളിയെ ചുറ്റിപറ്റി മുസ്ലിം ഗ്രാമം വളര്‍ന്നുവന്നു. പെട്ടെന്നാണ് നാടുവാഴിയായ പാറനമ്പി മരണപ്പെട്ടത്. മുസ്ലിംകളുടെ പെട്ടന്നുള്ള വളര്‍ച്ച അധികാരശ്രേണിയില്പെട്ട ചിലരെയെങ്കിലും അസ്വസ്ഥമാക്കി. നാടുവാഴി മരിച്ചതോടെ പുതിയ പാറനമ്പി അധികാരത്തില്‍ വന്നു. അദ്ദേഹവും മുസ്ലിംകളുമായി അടുത്തിടപഴകി. പക്ഷെ, പലര്‍ക്കും ഈ ബന്ധംകണ്ട് ഉറക്കം വന്നില്ല. വിഘടന ചിന്താഗതിക്കാര്‍ രഹസ്യമായി യോഗം ചേര്‍ന്നു. ഭരണത്തില്‍ മുസ്ലിംകള് പിടിമുറുക്കുകയാണെന്ന് പലരും ഭയന്നു. ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് തന്നെ ഈ ബന്ധം പൊളിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഇവര്‍ മതപുരോഹിതന്മാരെ സമീപിച്ച് കാര്യലാഭം നേടാന്‍ തീരുമാനിച്ചു. ചില വെളിച്ചപ്പാടുകള്‍ തുള്ളി മുസ്ലിംകള്ക്കെതിരെ മനപ്പൂര്‍വ്വം അപരാധം പറഞ്ഞു. പാറനമ്പി ഇതിനൊന്നും ചെവിക്കൊടുത്തില്ല. അതിനിടയില്‍ മറ്റൊരു സംഭവം നടന്നു. പാറനമ്പി നികുതി പിരിവിനായി അലി മരക്കാരെന്ന മറു നാട്ടുകാരനായ മുസ്ലിമിനെ ഏല്പിച്ചു. ശക്തനും ധീരനുമായ അലിമരക്കാരുടെ സാന്നിധ്യം ഭരണത്തിന് ഏറെ ഉപകാരപ്രദമാണെന്ന് പാറനമ്പിക്ക് ബോധ്യപ്പെട്ടു. നികുതി പിരിവ് കാര്യക്ഷമമായതോടെ ഖജനാവ് സമ്പന്നമായി. പക്ഷെ, നേരത്തെ വിഘടന ചിന്ത പുലര്‍ത്തിയ പലരും പാറനമ്പിയുടെ നടപടിയില്‍ അസംതൃപ്തരായി. ഇനിയാണ് ചരിത്രം വഴിമാറുന്നത്. അന്നത്തെ നാട്ടുനിയമമനുസരിച്ച് നികുതി തരാന്‍ വിസമ്മതിച്ചാല്‍ അടിമയാക്കാമെന്നതാണ് നിയമം. അലി മരക്കാര്‍ തന്റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ ഇങ്ങനെ പലര്‍ക്കെതിരെയും നിയമനടപടിയെടുത്തിട്ടുണ്ട്. പക്ഷെ, ഇത്തവണയെടുത്തത് പാറനമ്പിയുടെ അടുത്ത ബന്ധുവിനെതിരെയായിരുന്നു. ഇത് പലര്‍ക്കും സുവര്‍ണാവസരമായി. അവര്‍ കൂട്ടമായി രാജസന്നിധിയിലെത്തി അലി മരക്കാര്‍ക്കെതിരെ ശക്തമായ നടപടിക്ക് സമ്മര്‍ദ്ദം ചെലുത്തി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അലി മരക്കാരെ കൊല്ലാന്‍ പാറനമ്പി തീരുമാനിച്ചു. കാര്യങ്ങള്‍ വഷളായപ്പോള്‍ പാറനമ്പി അലി മരക്കാരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അപകടം മണത്തറിഞ്ഞ അലി മരക്കാര്‍ ആയുധസജ്ജനായി തന്നെ പാറനമ്പിയുടെ സാന്നിധ്യത്തിലെത്തി. ആയുധ ധാരിയായി മരക്കാരെ കണ്ടപ്പോള്‍ തന്നെ ആര്‍ക്കും അടുക്കാന്‍ ധൈര്യം വന്നില്ല. പാറനമ്പി ആയുധം നിലത്ത് വെക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ മരക്കാര്‍ അപകടം തിരിച്ചറിഞ്ഞു. തന്നെ നിരായുധനാക്കിക്കൊല്ലാനാണ് തീരുമാനമെന്നറിഞ്ഞപ്പോള്‍ അലി മരക്കാര്‍ പതറാതെ നിലകൊണ്ടു. ആയുധ സജ്ജരായ രാജാവിന്റെ സ്വന്തക്കാര് കലിമൂത്ത് ചോര തിളച്ച് നില്‍ക്കുകയായിരുന്നു. മരക്കാരെ എങ്ങനെയെങ്കിലും വകവരുത്തിയാലേ രോഷം തീരൂ. അലി മരക്കാര്‍ തന്റെ കാര്യം തുറന്ന് പറഞ്ഞു. അധികാരി ഏല്പിച്ച ഉത്തരവാദിത്തം മുഖം നോക്കാതെ നടപ്പാക്കിയെന്നതില്‍ ഒരു കുറ്റവും കാണുന്നില്ലെന്ന് മരക്കാര്‍ തീര്‍ത്തു പറഞ്ഞു. പാറനമ്പി അനാവശ്യമായി ചോദ്യം ചെയ്ത് വഷളാക്കിയപ്പോള്‍ മരക്കാരുടെ സിരകളില്‍ കോപം നിറഞ്ഞു. അദ്ദേഹം പരിസരം മറന്നു. അട്ടഹസിച്ചു. പാറനമ്പിയെ ആഞ്ഞുവെട്ടി. തെന്നിമാറിയ പറനമ്പിയുടെ കരത്തിന് വെട്ടേറ്റു. കൈ അറ്റു തൂങ്ങി. പിന്നെ കൊട്ടാരത്തില്‍ വലിയൊരു പോരാട്ടം തന്നെ നടന്നു. മരക്കാര്‍ സ്വന്തം നിന്ന് പലരെയും വെട്ടി. മരക്കാരുടെ കൂടെ രണ്ട് മുസ്ലിം ചെറുപ്പക്കാരും ചെറുത്തുനിന്നു. അവസാനം മരക്കാര്‍ക്ക് കാലിന് വെടിയേറ്റു. വെടിയേറ്റ് വീണു കിടക്കുമ്പോഴും അദ്ദേഹം ചിലരെ വകവരുത്തി. അവസാനം മരക്കാര്‍ ശഹീദായി. ഈ സംഭവം പാറനമ്പിക്ക് ഏറെ നാണക്കേടായി. അയാളുടെ കോപം വര്‍ഗീയമായി ഉണര്‍ന്നു. കാലങ്ങളോളം സൗഹാര്‍ദ്ദത്തില്‍ ജീവിച്ച മുസ്ലിംകളോട് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. നിസ്സഹായരായ മുസ്ലിംകള് ഒരു യുദ്ധംപോയിട്ട് ഒരു ചെറിയ ഏറ്റമുട്ടലിന് പോലും പ്രാപ്തരായിരുന്നില്ല. മുസ്ലിംകള് ഇവിടെ സൈന്യസേവകരോ കുടിയാന്മാരോ മാത്രമായിരുന്നു. പക്ഷെ, അതൊന്നും ഉള്‍ക്കൊള്ളാന്‍ നാടുവാഴി തയ്യാറായില്ല. പാറനമ്പി സമീപത്തുള്ള നാടുവാഴികള്ക്കൊക്കെ സഹായാഭ്യര്‍ത്ഥനയുമായി കത്തെഴുതി. അയാള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു പ്രതികരണങ്ങള്‍. നാടുവാഴികളുടെ ജന്മിത്വ സ്വഭാവവും ജാതിവൈര്യവും ഇതിലൂടെ വായിച്ചെടുക്കാം. താമസിയാതെ മലപ്പുറം ഒരു സൈനിക താവളമായി. അതിനിടയില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ വെളിച്ചപ്പാടുകള്‍ ഉറഞ്ഞുതുള്ളി. പള്ളിപൊളിക്കണമെന്ന് തുള്ളിപ്പറഞ്ഞു. സൈന്യത്തിന് ആവേശമായി. സൈനിക കാമ്പില്‍ മദ്യം വിളമ്പിയും പാട്ടും കൂത്തുമായി അവര്‍ കഴിച്ചുകൂടി. മുസ്ലിംകള്, നിരപരാധികളാണെന്ന് പറഞ്ഞ് പാറനമ്പിക്ക് ദയാഹരജി സമര്‍പ്പിച്ചു. അയാളുടെ മനം മാറിയില്ല. എങ്ങനെയെങ്കിലും ഒരു സംഘട്ടനമൊഴിവാക്കാനും നാട്ടിലെ സൈ്വര്യം വീണ്ടെടുക്കാനും അവര്‍ വീണ്ടും ഹരജി സമര്‍പ്പിച്ചു. ഒരു തവണ സ്ത്രീകളെ മാത്രം പറഞ്ഞയച്ച് ദയാഹരജി നല്കി. പക്ഷേ, അതെല്ലാം പുച്ചിക്കുകയാണ് അയാള്‍ ചെയ്തത്. തങ്ങളുടെ നാട്ടുകാരനല്ലാത്ത ഒരാള്‍ ചെയ്ത കാര്യത്തിന്റെ പേരില്‍ തങ്ങള്‍ അക്രമിക്കപ്പെടുന്നതില്‍ മലപ്പുറത്തെ മുസ്ലിംകള് ഖേദിച്ചു. അവസാനം അവരൊരു തീരുമാനത്തിലെത്തി. പലരും നാടുവിട്ടു. പള്ളി സംരക്ഷണാര്‍ത്ഥം പലരും അവിടെ തന്നെ നിന്നു. അതില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ആത്മരക്ഷക്കും അല്ലാഹുവിന്റെ ഭവന സംരക്ഷണത്തിനും അവര്‍ പ്രതിജ്ഞയെടുത്തു. എല്ലാവരും പള്ളി സംരക്ഷണാര്‍ത്ഥം മലപ്പുറം പള്ളിയിലെത്തി. അതിനിടെ പ്രതിരോധ സംഘത്തിനായി ഒരു നായകന് രൂപപ്പെട്ടിരുന്നു. മങ്കരത്തോപ്പില് യൂസുഫ്. അദ്ദേഹവും പോരാളികളും ഉറ്റവരെ യാത്രയാക്കി. പള്ളിയില്‍ തമ്പടിച്ചു. നേതാവിന്റെ കല്പനകള് അനുസരിച്ച് മുസ്ലിം യുവാക്കള്‍ പള്ളിയില്‍ സംയമനം പാലിച്ചിരുന്നു. പള്ളിയുടെ ഒരു ഓലതൊട്ടാല് അടര്‍ക്കളത്തില്‍ കാണാമെന്ന നിലപാടിലായിരുന്നു അവര്‍. അതിനിടയില്‍ പാറനമ്പി സൈന്യം മുസ്ലിം വീടുകള്‍ കൊള്ളയടിച്ചു. പള്ളിയിലേക്ക് വെള്ളം വരുന്ന തോട് തടഞ്ഞുനിര്‍ത്തി. ഇത് പള്ളിക്കകത്തുള്ളവര്ക്ക് പ്രയാസമായി. അതിനിടയിലും മുസ്ലിം യുവാക്കള്‍ അനുരജ്ഞനത്തിന് മുതിര്‍ന്നു. അതിനയാള്‍ ഒരു ഉപാധിവെച്ചത് ഇങ്ങനെ: ഞങ്ങള്‍ പള്ളിയുടെ ഒരു ഓല കത്തിക്കും. ശേഷം സംഘട്ടനമില്ലാതെ പിരിയാം. മുസ്ലിം യുവാക്കള്‍ വിട്ടുവീഴ്ച ചെയ്തില്ല. ശഅ്ബാന്‍ 9-ന് രാത്രി പാറനമ്പി സൈന്യത്തിലെ ചിലര്‍ കാത്തുനിന്ന മനംമടുപ്പോടെ പള്ളിയുടെ ഓലയില്‍ കൈവെച്ചു. ആക്രോഷത്തോടെ മുസ്ലിംകളെ വെല്ലുവിളിച്ചു. അവര്‍ക്ക് ക്ഷമയുടെ എല്ലാം കൈവിട്ടു. പതിനൊന്ന് യുവാക്കള്‍ അര്‍ദ്ധരാത്രിയില്‍ ശത്രുനിരയിലേക്ക് ഇരച്ചുകയറി. അപ്രതീക്ഷിത ആക്രമണത്തില്‍ പാറനമ്പി സൈന്യം ചിതറിയോടി. യോദ്ധാക്കള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത രീതിയില്‍ പടപൊരതി. അവസാനം പള്ളിയിലുള്ളവരെല്ലാം അടര്‍ക്കളത്തിലിറങ്ങി. പാറനമ്പി സൈന്യം അദ്ദേഹത്തിന്റെ ആസ്ഥാനമായ മണ്ണൂര്‍ വരെ ഓടി. കൈ അറ്റ പാറനമ്പി യുദ്ധവിശേഷം ചോദിച്ചറിഞ്ഞു കോപാകുലനായി. അയാള്‍ രണ്ടാമതൊരു പടയൊരുക്കത്തിന് തയ്യാറായി. മുസ്ലിം യോദ്ധാക്കള്‍ പള്ളിയില്‍ സംയമനത്തോടെ ഇരുന്നു. ഇത്തവണ പാറനമ്പി സൈന്യം കരുതലോടെ തന്നെയായിരുന്നു. അവര്‍ വീണ്ടും പള്ളിക്ക് നേരെ തിരിഞ്ഞു. ആദ്യം കല്ലെറിഞ്ഞു വാതിലിന് തീയിട്ടു. പള്ളിക്ക് നേരെ വെടിയുതിര്‍ത്തു. മുസ്ലിംകള് കഴിയുംവിധം തിരിച്ചടിച്ചു. പിന്നെ രൂക്ഷമായ പോരാട്ടംമായിരുന്നു. മുസ്ലിംകള് ഓരോരുത്തരായി ശഹീദായി. ശത്രുക്കള്‍ അനവധി പേര് കൊല്ലപ്പെട്ടു. പള്ളി കത്തിച്ചാമ്പലാക്കി. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. 44 യോദ്ധാക്കള്‍ ശഹീദായിരിക്കുന്നു. പള്ളി നാമാവശേഷമായിരിക്കുന്നു. സമീപ പ്രദേശങ്ങളിലെ മുസ്ലിംകള് മലപ്പുറത്തെത്തിയപ്പോള്‍ ഇതാണ് കണ്ടത്. അവര്‍ ശുഹദാക്കളെ എടുത്ത് ഖബറടക്കി. പാറനമ്പിയുടെ സന്തോഷം അധികം നീണ്ടില്ല. കുടുംബത്തിലുള്ളവര്‍ക്ക് മാറാവ്യാധി പിടിപെട്ടു. അവസാനമയാള്‍ പൂജ നടത്തി. വെളിച്ചപ്പാട് തുള്ളി മുസ്ലിംകളുടെ ശാപം പിടിപെട്ട കാര്യം ബോധിപ്പിച്ചു. മുസ്ലിംകളെ പുനരധിവസിപ്പിക്കുകയും പള്ളി നിര്‍മ്മിക്കുകയും ചെയ്യാതെ ഇതില്‍നിന്ന് മോചനം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ പാറനമ്പി മനോഹരമായൊരു പള്ളി നിര്‍മിച്ചു നല്കി. സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനത്തില്‍ ആത്യന്തിക വിജയം എപ്പോഴും സത്യത്തിന്റെ കൂടെയായിരിക്കുമെന്ന മഹത്തായ സന്ദേശമാണ് മലപ്പുറം പട നല്‍കുന്നത്. മലപ്പുറം ശുഹദാക്കള്‍: 1- മായിന്‍ യൂസുഫ്. 2- രായിന്‍. 3- മൂസ. 4- കുഞ്ഞാലന്‍. 5- മൊയ്തീന്. 6- സെയ്തു മകന് കുഞ്ഞാലന്‍. 7- മൊയ്തീന്‍കുട്ടി ഗുരുക്കള്‍. 8- രായിന്‍. 9- അവറാന്. 10- പോക്കര്. 11- ആലിക്കുട്ടി ഗുരുക്കള്‍. 12- മായിന്‍. 13- കുഞ്ഞിസൂഫി. 14- സൂപ്പി. 15- മൂസ മകന് മായിന്‍. 16- കുഞ്ഞിമായിന്‍. 17- കുഞ്ഞാലന്‍. 18- അവലന്. 19- ചെറിയ മുഹമ്മദ്. 20- മാടമ്പി രായിന്‍. 21- അഹമ്മദ്. 22- ഇബ്രാഹീം. 23- അഹ്മദ്. 24- കമ്മദ്. 25- മമ്മദ്. 26- മൊയ്തീന്. 27- മരക്കാര്‍. 28- മൊയ്തീന്. 29- മുഹ്യുദ്ദീനുബ്നു മുഹ്യിദ്ദീന്. 30- മരക്കാര്‍. 31- ഖാജാ അഹ്മദ്. 32- തറിവായി. 33- ഹസ്സന്. 34- ഹൈദ്രോസ്. 35- ചേക്കു. 36- അഹമ്മദ്. 37- കുഞ്ഞാപ്പ. 38- കൈലാനി. 39- ആലി മൂസ. 40- കുട്ടി ആലി. 41- കുഞ്ഞാലി. 42- മൂസ. 43- ഉമ്മര്‍കുട്ടി. 44- കുഞ്ഞാലി. മലപ്പുറം പടയെക്കുറിച്ച് ഏറ്റവും ആധികാരികമായ ചരിത്രരേഖ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ടാണ്. മാസങ്ങള്‍ നീണ്ടുനിന്ന ഗവേഷണനിരീക്ഷണങ്ങളുടെ ഫലമായി ഹിജ്റ 1300 റബീഉല്‍ അവ്വല്‍ മാസത്തിലാണ് കവി മലപ്പുറം പടപ്പാട്ട് എഴുതിത്തീര്‍ത്തതെന്ന് അദ്ദേഹത്തിന്റെ ചരിത്രം പരിശോദിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നു. അറുപത്തെട്ട് ഇശലുകളുടെ അകമ്പടിയോടെ രചിച്ച ഈ മനോഹര കാവ്യം പഴയ കാലത്തെ മലപ്പുറത്തിന്റെ സാമൂഹിക സാംസ്കാരിക ചലനങ്ങളെയും മലബാറില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തെയും സൂചിപ്പിക്കുന്നു. മലപ്പുറം ശുഹദാക്കള്‍ അധികാരിയായി പാറനമ്പിയുമായി നടത്തിയ നിരന്തര സംയമനനീക്കങ്ങളെ വാഴ്ത്തുന്ന കാവ്യം സത്യത്തിനു വേണ്ടി ഏതറ്റംവരെ പോകാനും മടിക്കാത്ത മുസ്ലിം യുവാക്കളുടെ പോരാട്ട വീര്യത്തെ പുകഴ്ത്തുകയും ചെയ്യുന്നു. പാറനമ്പിയുടെ സദസ്സില്‍ അലിമരക്കാരുടെ മാസ്മരിക പ്രതികരണത്തെ കവി വര്‍ണിക്കുന്നത് ഒന്നു വേറെത്തന്നെ. അവസാനം അലിമരക്കാരുടെ കാലിന് വെടിയേല്‍ക്കുന്ന രംഗം കവി ഇങ്ങനെ പറയുന്നു. -ചിലര്ചാകപ്പെടുകയും- പടവിനെക്കൊടുമയില്- വീരനലിമരക്കാരെഖദമില്- വെടികൊണ്ടേ,അതിഗമയുണ്ടേ…. കൂടാതെ കാടായിക്കല്‍ മൊയ്തീന് കുട്ടി ഹാജി രചിച്ച ഒരു കാവ്യത്തിലും മലപ്പുറം പടയെക്കുറിച്ച് പരാമര്‍ശമുണ്ട്. പക്ഷെ പ്രസ്തുത കാവ്യം ഇന്ന് ആധികാരിക രേഖകളായി പരിഗണിക്കുന്ന രേഖകളിലൊന്നും കാണുന്നില്ല. മലപ്പുറം പടയെക്കുറിച്ച് രചിക്കപ്പെട്ട ചരിത്രാഖ്യാനങ്ങളത്രയും മോയിന്‍കുട്ടി വൈദ്യരുടെ കാവ്യത്തെ ചുവടുപിടിച്ചാണെന്ന കാര്യം ശ്രദ്ദേയമാണ്. ആധുനിക മാപ്പിള ചരിത്രപഠനങ്ങളിലൊക്കെയും മലപ്പുറം പടയുടെ ചില പരാമര്‍ശങ്ങളെങ്കിലും കാണാന്‍ കഴിയും. മലബാര്‍ മുസ്ലിംകള് ഒരു സമൂഹമായി രൂപപ്പെട്ടത് 16-17 നൂറ്റാണ്ടുകളിലാണെന്നും ഈ കാലഘട്ടത്തില്‍ പ്രഥമ സ്ഥാനം തിരൂരങ്ങാടിക്കായിരുന്നെന്നും ശേഷമാണ് മലപ്പുറം ഒരു മുസ്ലിം കേന്ദ്രമായി മാറിയതെന്നും കാണാവുന്നതാണ്. ഈ വാദം എത്രമാത്രം ശരിയെന്ന് പറയാനൊക്കില്ല. കാരണം അതിനും എത്രയോ കാലം മുമ്പ് മുസ്ലിംകള് മലബാര്‍ തീരത്തെത്തുകയും സാമൂഹിക വ്യവഹാരങ്ങളില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം നേര്ചയെക്കുറിച്ച് നടന്ന ഒരു അക്കാദമിക പഠനം ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊ. സ്റ്റീഫന്‍ എഫ് ഡെയ്ലിയും പ്രമുഖ ചരിത്രകാരന് ഡോ.എം ഗംഗാധരന് സംയുക്തമായി നടത്തിയ പഠനമാണ്. എന്നാല്‍ ഈ പഠനം മലപ്പുറം നേര്ച്ചമാത്രം കേന്ദ്രീകരിച്ചല്ല. കൊണ്ടോട്ടി, പൂക്കോട്ടൂര്‍, കൂട്ടായി തുടങ്ങിയവയും പഠനത്തില്‍ പെടുന്നു. ഈ പഠനത്തിന്റെ ഒരു പരിമിതി, പഠനം കേവലം നേര്ച്ചകേന്ദ്രീകൃതമാണ്. നേര്ചയുടെ ആചാരങ്ങള്‍, ചടങ്ങുകള്‍ എന്നിവയില്‍ ഒതുങ്ങുമ്പോള്‍ പഠനം ചരിത്രപശ്ചാത്തലം അവതരിപ്പിക്കുവാന്‍ രണ്ടു പേരും മടികാണിക്കുന്നു. ലക്ഷണമൊത്ത ഒരു മാപ്പിള ചരിത്രകാരന്റെയും നിഷ്പക്ഷമായി ചരിത്രരചന നടത്തുന്നവരുടെയും ഒരു വലിയ പരിമിതി മലപ്പുറം പടയുടെ കാര്യത്തില്‍ കാണാവുന്നതാണ്. അവലംബ കൃതികള്‍: 1) മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍- കെ. അബൂബക്കര്‍ 2) മലപ്പുറംപട: ഒറ്റമാളിയേക്കല് മുത്തുക്കോയ തങ്ങള്‍, അഷ്റഫി ബുക്ക് സെന്റര്‍ തിരൂരങ്ങാടി 3) മാപ്പിള പഠനങ്ങള്‍: എം ഗംഗാധരന്, വചനം ബുക്സ് കോഴിക്കോട് 4) മാപ്പിള പാരമ്പര്യം: ഡോ. കെ. കെ. എന്‍ കുറുപ്പ്, ഇര്‍ഷാദ് ബുകിസ്റ്റാള് കോഴിക്കോട് 5) മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും: സൈനുദ്ദീന്‍ മന്ദലാംകുന്ന്, പൂങ്കാവനം ബുക്സ് 6) അറബി മലയാളത്തിലെ അതുല്യ പ്രതിഭകള്‍ അബ്ദുസ്സമദ് ടി. കരുവാരകുണ്ട് കടപ്പാട് : സത്യധാര