ഹസ്‌റത്ത് മുജദ്ദിദ് അല്‍ഫത്താനി ശൈഖ് അഹ്മദ് സര്‍ഹിന്ദി

1330

ഇസ്‌ലാം ഇന്ത്യയില്‍ പ്രതിസന്ധി നേരിട്ട കാലത്ത് സത്യമതത്തിന്റെ മഹദ് ദര്‍ശനങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയ മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഹസ്‌റത്ത് മുജദ്ദിദ് അല്‍ഫത്താനി ശൈഖ് അഹ്മദ് സര്‍ഹിന്ദി. പ്രശസ്തനായ സൂഫി വര്യന്‍, വൈജ്ഞാനിക ലോകത്തിന് ലേകോത്തര സംഭാവനകള്‍ നല്‍കിയ മികച്ച എഴുത്തുകാരന്‍, ധാരാളം ശിഷ്യന്‍മാരുളള മഹാ പണ്ഡിതന്‍, വിവിധ ത്വരീഖത്തുകളിലൂടെ അനേകം പേര്‍ക്ക് ആത്മീയ വെളിച്ചം പകര്‍ന്നു നല്‍കിയ ആത്മജ്ഞാനി തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ കൊണ്ട് ഉത്തരേന്ത്യയുടെ ഇസ് ലാമിക ചരിത്രത്തില്‍ മഹത്തായ ഇടം നേടിയ വ്യക്തി കൂടിയാണദ്ദേഹം. രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവെന്നാണ് മുജദ്ദിദ് അല്‍ഫതാനി എന്ന പദത്തിനര്‍ഥം.
പ്രമുഖ സൂഫി വര്യന്‍ മഖ്ദൂം ശൈഖ് അബ്ദുല്‍ അഹദ് എന്നവരുടെ മകനായി ഹിജ്‌റ 971 (എ ഡി 1564)മുഹറം പത്തിന് പഞ്ചാബിലെ സര്‍ഹിന്ദില്‍ ജനിച്ചു. ഇസ് ലാമിലെ രണ്ടാം ഖലീഫ ഉമറുബ്‌നു ഖത്താബി(റ)ലേക്ക് ചെന്നെത്തുന്നതാണ് അദ്ദേഹത്തിന്റെ പിതൃ പരമ്പര. സര്‍ഹിന്ദ് ഒരു കാലത്ത് ധാരാളം സിംഹങ്ങള്‍ വിഹരിച്ചിരുന്ന വനമ്പ്രദേശമായിരുന്നു. ശേറേ ഹിന്ദ് ലോപിച്ചാണ് സര്‍ഹിന്ദ് ആയത് എന്നും പറയപ്പെടുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയത് പിതാവില്‍ നിന്ന് തന്നെയയണ്. ആത്മീയവും ഭൗതികവുമായ അറിവുകള്‍ പിതാവില്‍ നിന്ന് തന്നെ അഭ്യസിച്ചു. ആത്മീയ സരണിയിലെ പിന്തുടര്‍ച്ചാവകാശം സമ്മാനിച്ച് പിതാവ് ഇഹലോക വാസം വെടിഞ്ഞു.

ഹസ്‌റത്ത് ബഖീ ബില്ലയുമായി സംഗമിച്ചതു മുതലാണ് ശൈഖ് അഹ് മദിന് ആത്മീയോത്ക്കര്‍ഷമുണ്ടായത്. ഹജ്ജ് യാത്രയാഗ്രഹിച്ച് സര്‍ഹിന്ദില്‍ നിന്നും ഡെല്‍ഹിയിലേക്ക് പോയ സമയത്ത് മൗലാനാ ഹസന്‍ കാശ്മീരിയുമൊന്നിച്ചുളള താമസം അതിനൊരു നിമിത്തമായി. ഹസ്‌റത്ത് ബഖീ ബില്ലായെക്കുറിച്ച് കേട്ടറിഞ്ഞത് മുതല്‍ അദ്ദേഹത്തെ കാണാനും ശിഷ്യത്വം സ്വീകരിക്കാനും ശൈഖ് അഹ് മദിന് അതിയായ ആഗ്രഹം ജനിച്ചു. വൈകാതെ ഹസ്‌റത്ത് ബഖീ ബില്ലയുമായി സന്ധിച്ചു. മൂന്ന് മാസക്കാലം ഹസ്‌റത്ത് ബഖീ ബില്ലയുടെ ആത്മീയ ശിക്ഷണത്തില്‍ കഴിഞ്ഞു. ശിഷ്യന്റെ ആത്മീയ ജ്ഞാനത്തിലും വ്യക്തി വിശുദ്ധിയിലും ആകൃഷ്ടനായ അദ്ദേഹം ആത്മീയ സരണിയിലെ പിന്തുടര്‍ച്ചാവകാശം നല്‍കി അനുഗ്രഹിച്ചു.

ഡല്‍ഹിയില്‍ തിരിച്ചെത്തി കൂടുതല്‍ ഔത്സുക്യത്തോടെ വിജ്ഞാന പ്രസരണ, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ജനങ്ങളെ ബോധവല്‍ക്കരിച്ചും അറിവു പകര്‍ന്നും കഴിയവേ ഹസ്‌റത്ത് ബഖീ ബില്ലയില്‍ നിന്നും തുടരെത്തുടരെ രണ്ട് കത്തുകള്‍ ലഭിച്ചു. അതില്‍ അദ്ദേഹത്തിന്റെ അടുത്തെത്താനുളള നിര്‍ദേശമായിരുന്നു കത്തിന്റെ ഉളളടക്കം. ഗുരുവിനെ ദര്‍ശിച്ചു അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം മക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഗുരുവും ശിഷ്യനും തമ്മിലുളള അവസാന സമാഗമമായിരുന്നു അത്. അദ്ദേഹം സര്‍ഹിന്ദില്‍ തിരിച്ചെത്തി. ശൈഖ് അഹ് മദ് സര്‍ഹിന്ദി ലാഹോറിലായിരുന്നപ്പോഴാണ് ഹസ്‌റത്ത് ബഖീ ബില്ലയുടെ ദേഹ വിയോഗമുണ്ടായത്. വാര്‍ത്തയറിഞ്ഞ് അദ്ദേഹം ഡെല്‍ഹിയിലെത്തി ഗുരുവിന് വേണ്ടി ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. അല്‍പ സമയം അവിടെ ചിലവഴിച്ച് യാത്രയായി.

ഹിജ്‌റ പത്താം നൂറ്റാണ്ടില്‍ അക്ബറിന്റെ ഭരണകാലത്ത് ഇസ് ലാം നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഇലാഹീ നിന്ദയും നിര്‍മതവാതവുമായി രംഗത്തെത്തിയ അക്ബര്‍ ദീനെ ഇലാഹി എന്ന പേരില്‍ പുതിയ മതവുമായി രംഗപ്രവേശം ചെയ്ത സന്ദര്‍ഭമായിരുന്നു അത്. അനിസ് ലാമിക വാതങ്ങളും അഗ്നി, മരം, ജലം തുടങ്ങിയവയെ ജനങ്ങള്‍ ആരാധിക്കുന്ന അവസ്ഥാവിശേഷവുമുണ്ടായി. ഇസ് ലാമിനെതിരെയുളള കടന്നാക്രമണത്തെ നേരിടാന്‍ നിര്‍ഭയനായ സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ രംഗപ്രവേശം വിശ്വാസികള്‍ ആഗ്രഹിച്ച സമയമായിരുന്നു അത്. ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍ ഇസ് ലാമിക മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് വിശ്വാസികളെ സത്യപാതയിലേക്ക് വഴി നടത്താന്‍ ത്യാഗം ചെയ്ത മഹാനാണ് ശൈഖ് അഹ് മദ് സര്‍ഹിന്ദി.

അനേകം കൃതികളുടെ രചയിതാവായ മുജദ്ദിദ് അല്‍ഫതാനിയുടെ കത്തുകള്‍ ഗ്രന്ഥങ്ങളെക്കാള്‍ പ്രചാരം നേടി. സൂഫികളുടെയും പണ്ഡിതരുടെയും കത്തുകള്‍ക്ക് മക്തൂബാത്ത് എന്ന് പൊതുവെ പറഞ്ഞു വരുന്നുണ്ട്. അദ്ദേഹത്തിന്റെ മക്തൂബാത്തുകള്‍ മറ്റുളളവരുടെതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ വീക്ഷണങ്ങളും ഭാഷാപരമായ മേന്‍മ കൊണ്ടുമാണ് കത്തുകള്‍ പ്രസിദ്ധമായത്. അദ്ദേഹത്തിന്റെ കത്തുകള്‍ ഗ്രന്ഥരൂപത്തില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വാല്യങ്ങളുളളതാണ് ഗ്രന്ഥ സമാഹാരം. വാല്യം ഒന്നില്‍ 313 കത്തുകളാണുളളത്. ശൈഖവര്‍കളുടെ ശിഷ്യനായ ഖാജ യാര്‍ മുഹമ്മദ് ബദക്ഷി തല്‍ഖാനി എന്ന മഹാനാണ് ഇവ ക്രോഡീകരിച്ചത്. ദുര്‍ അല്‍ മആരിഫ് എന്നാണ് ഈ വാല്യത്തിന് പേര് നല്‍കിയത്. വാല്യം രണ്ടില്‍ 99 കത്തുകളാണ് ഉള്‍ക്കൊളളിച്ചത്. നൂര്‍ അല്‍ ഖല്ലാഖ് എന്ന പേരുളള രണ്ടാം വാല്യം സമാഹരിച്ചത് ഖാജ അബ്ദുല്‍ ഹയ്യാണ്. വാല്യം മൂന്നില്‍ 124 കത്തുകളുണ്ട്. ഖാജ മുഹമ്മദ് ഹാശിം ആണ് സമാഹരിച്ചത്. മഅ#്‌രിഫത്തുല്‍ ഹഖാഇഖ് എന്നാണിതിന്റെ പേര്.

കത്തുകള്‍ക്ക് പുറമെ നിരവധി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. മുബാദോ മആദ്, മആരിഫേ ലഖ്ദിയ്യ, മകാശിഫാത്തേ ഗൈബിയ്യ, ശറഹ് റുബാഇയാത്തെ ഹസ്‌റത്ത് ഖാജ ബഖീ ബില്ല. രിസാല തെലീലിയ, രിസാല ഇസ്ബത്തുല്‍ നുബുവ്വത്ത്, രിസാല, ബാ സില്‍സിലായേ അഹാദീസ് തുടങ്ങിയവ അവയില്‍ ചിലതാണ്. സുഹ്‌റവര്‍ദിയ്യ, ഖാദിരിയ്യ, ചിശ്ത്തിയ ത്വരീഖത്തുകളുടെ ശൈഖായിരുന്നു അദ്ദേഹം. ഹനഫീ മദ്ഹബായിരുന്നു അദ്ദേഹം കര്‍മ സരണിയായി സ്വീകരിച്ചത്. ഹിജ്‌റ 1079 റബീഉല്‍ അവ്വല്‍ 9 ന്(എ ഡി 1624 ല്‍) മുജദ്ദിദ് അല്‍ഫതാനി ശൈഖ് അഹ് മദ് സര്‍ഹിന്ദി ഈ ലോകത്തോട് വിട പറഞ്ഞു. ചാണ്ഡീഗഡില്‍ നിന്നും 43 കിലോമീറ്റര്‍ ദൂരമാണ് സര്‍ഹിന്ദിലേക്കുളളത്.

SHARE