
കേരളത്തിലെ ഇസ്ലാം മതപ്രബോധകരില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം മതപ്രബോധനം നടത്തുകയുണ്ടായി. ലോക പൈതൃക മാപ്പില്‍ ഇടം പിടിച്ച ചെമ്പിട്ടപ്പളളി പുനര്‍നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ വെണ്ണല, നെട്ടൂര്‍, ആലപ്പുഴ ജില്ലയിലെ വടുതല, തിരുവിതാംകോട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പളളികള്‍ നിര്‍മ്മിച്ചു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം ഇതരമതപുരോഹിതന്മാരടക്കം നിരവധി പേര് ഇസ്ലാം ആശ്ളേഷിക്കുകയുണ്ടായി. ഈ മഹാനുഭാവനോടുളള ബഹുമാനാര്‍ത്ഥം മാതാപിതാക്കള്‍ തങ്ങളുടെ ആണ് സന്തതികള്‍ക്ക് അദ്ദേഹത്തിന്റെ നാമം വെയ്ക്കുവാന്‍ വളരെ താല്പര്യം കാണിച്ചിരുന്നു. തന്മൂലം തിരുവിതാംകൂറില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ സെയ്തു മുഹമ്മദ് എന്ന നാമം പ്രചാരം നേടി. മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. യുദ്ധക്കളത്തിലേക്ക് പോകുന്നതിന് മുമ്പ് ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടായിരുന്നുവത്രെ.
തമിഴ്നാട്ടിലെ കായല്‍പട്ടണം, കീളക്കര, മേലെപ്പാളയം തുടങ്ങിയ മുസ്ലിം കേന്ദ്രങ്ങളിലും, ശ്രീലങ്ക, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ ദേശങ്ങളിലെ തമിഴ് മുസ്ലിം കേന്ദ്രങ്ങളിലും സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി ഇന്നും പ്രശസ്തനാണ്. കായല്‍ പട്ടണം സ്വദേശിയും അല്ലഫല്‍ അലിഫ്”തുടങ്ങിയ കൃതികളുടെ കര്‍ത്താവും പ്രമുഖ സൂഫീ വര്യനുമായ ഉമറുല്‍ ഖാഹിരി ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. പ്രമുഖ സൂഫിവര്യനും ഉമറുല്‍ ഖാഹിരിയുടെ പേരമകനുമായ കീളക്കര് മാപ്പിള ലബ്ബ ആലിം സാഹിബിനെ പോലെ നിരവധി പേര് അദ്ദേഹത്തിന്റെ മരണാനന്തരം അദ്ദേഹത്തെ സംബന്ധിച്ച വിലാപകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ദൈവപ്രകീര്ത്തനങ്ങളാല് നിബിഡവും സാഹിത്യസമ്പന്നവുമായ ‘റാത്തീബ്ബല് ജലാലിയ്യ’എന്ന കൃതി മാപ്പിള ലബ്ബ ആലിം സാഹിബ് സമര്‍പ്പിച്ചിരിക്കുന്നത് സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ പേരിലാണ്. കണ്ണൂര്‍ സിറ്റിയിലെ അറയ്ക്കല്‍ കൊട്ടാരത്തിന് സമീപമുളള മഖ്ബറയിലാണ് ഇദ്ദേഹം അന്ത്യ വിശ്രമം കൊളളുന്നത്.