മാസിന്‍ ബിന്‍ ഗുദൂബ അല്‍ താഈ (റ)

1308

പ്രവാചകന്‍ (സ) ന്റെ കാലത്ത് തന്നെ ഇസ്ലാം പുല്‍കാന്‍ ഭാഗ്യം ലഭിച്ച രാജ്യമാണ് ഒമാന്‍. ഒമാന്റെ ഇസ് ലാമാശ്ലേഷണത്തെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ചരിത്രത്തിലുണ്ട്. പ്രവാചകന്റെ (സ) ഒമാന്‍ ഭരണാധികാരികളെ ഇസ് ലാമിലേക്ക് ക്ഷണിച്ചു കത്തയച്ചിരുന്നു. തിരുനബിയുടെ ദൂതനായി കത്തുമായി വന്ന അംറുബിന്‍ ആസ് (റ) മുഖേനയാണ് ഒമാനിലെ അക്കാലത്തെ ഭരണാധികാരികള്‍ ഇസ്ലാം പുല്‍കിയത്. അല്‍ ജുലന്ത ബിന്‍ കര്‍ക്കാര്‍ ബിന്‍ അല്‍ മുസ്തക്ബിറിന്റെ മക്കളായ ജൈഫര്‍, അബ്ബാദ് എന്നിവരാണ് അക്കാലത്ത് ഭരണം കയ്യാളിയിരുന്നത്. ഒമാനിലെ ഭരണാധികാരികളുമായുളള കൂടിക്കാഴ്ചയുടെ വിവരണം അംറുബ്‌നു ആസ് (റ) രേഖപ്പെടുത്തിയത് ചരിത്രഗ്രന്ഥങ്ങളിലുണ്ട്. ശൈഖ് റാഗിബു സര്‍ജാനിയുടെ സില്‍സിലത്തു സീറ അന്നബവിയ്യ അത്വരീഖു ഇലല്‍ മക്ക എന്ന ഗ്രന്ഥത്തിലും ഈ സംഭവം പ്രതിപാദിക്കുന്നു. ഒമാന്റെ ഔദ്യോഗിക വെബ് സൈറ്റുകളിലും ഇത് കാണാം. ഹിജ്‌റ വര്‍ഷം 8 നാണ് ഈ സംഭവം നടന്നത്.

അതേ സമയം ഒമാനിലെ ആദ്യത്തെ ഇസ് ലാം മത വിശ്വാസി മാസിന്‍ ബിന്‍ ഗുദൂബ അല്‍ താഈ ആണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. വിഗ്രഹത്തില്‍ നിന്നും കേട്ട ശബ്ദമാണ് ഇസ്ലാം പുല്‍കാന്‍ അദ്ദേഹത്തിന് നിമിത്തമായതത്രെ!. അദ്ദേഹം വിഗ്രഹങ്ങളെ തകര്‍ത്ത് തിരു നബിയുടെ ദൂതന്റെ സന്നിധിയിലെത്തി ഇസ് ലാമാശ്ലേഷിച്ചുവെന്നാണ് ചരിത്രം. തുടര്‍ന്ന് തിരു നബിയുടെ സന്നിധിയില്‍ ചെന്നും തന്റെ വിശ്വാസ ദാര്‍ഢ്യം വ്യക്തമാക്കി. അവിശ്വാസികള്‍ക്കിടയില്‍ ഇസ് ലാം പ്രചരിപ്പിക്കുമെന്നും പ്രവാചക സന്നിധിയില്‍ വെച്ച് പ്രതിജ്ഞ ചെയ്തു. വിശ്വാസത്തോടെ തിരുനബിയെ കാണാനവസരം ലഭിച്ചതിനാല്‍ സ്വഹാബിയെന്ന പദവിക്കര്‍ഹനാണ്. സത്യമതത്തിന്റെ പ്രചരണത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച മാസിന്‍ ബിന്‍ ഗുദൂബയോട് ഒമാനിലെ വിശ്വാസി സമൂഹം കടപ്പെട്ടിരിക്കുന്നു.

സമാഇലില്‍ ഈത്തപ്പനകള്‍ തണല്‍ വിരിക്കുന്ന പ്രശാന്തസുന്ദരമായ ഒരിടത്താണ് അദ്ദേഹത്തിന്റെ ഖബറുളളത്. ദാഖിലിയ റീജിയണിലെ സമാഇല്‍ വിലായത്തില്‍ പെട്ട പ്രദേശമാണിത്. മസ്‌കത്തില്‍ നിന്നും ഏകദേശം 92 കിലോമീറ്റര്‍ ദൂരമാണ് സമാഇലിലേക്കുളളത്. ഒരു മണിക്കൂര്‍ ആണ് യാത്രക്ക് വേണ്ട ശരാശരി സമയം. ഈത്തപ്പന വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന പ്രദേശമായതിനാല്‍ ഈത്തപ്പഴ സംസ്‌കരണ കേന്ദ്രങ്ങളും സമാഇലിലുണ്ട്. മാസിന്‍ ബിന്‍ ഗുദൂബ നിര്‍മിച്ച ഒമാനിലെ ആദ്യത്തെ മസ്ജിദ് മഖ്ബറയില്‍ നിന്നും അല്പം അകലെയാണ്. കമനീയമായ രീതിയില്‍ പുനരുദ്ധാരണം നടത്തി സംരക്ഷിക്കപ്പെടുന്ന മസ്ജിദ് നിരവധി സഞ്ചാരികളെയാകര്‍ഷിക്കുന്നു. ചരിത്ര കുതുകികള്‍ക്ക് വിസ്മയം സമ്മാനിക്കുന്ന നിരവധി കോട്ടകളും സമാഇലിലുണ്ട്.

ഇബ്‌നു കസീര്‍ ഉള്‍പ്പെടെയുളള പണ്ഡിതരുടെ ഗ്രന്ഥങ്ങളിലും മഖ്ബറയെക്കുറിച്ച വിവരണങ്ങള്‍ കാണാം. ഒമാനി വിദ്യാര്‍ഥികളുടെ പാഠ പുസ്തകങ്ങളിലും അദ്ദേഹത്തിന്റെ ചരിത്രം പാഠ്യവിഷയമാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ സന്ദര്‍ശനത്തിനായി മാസിന്‍ (റ) വിന്റെ സന്നിധിയിലെത്തുന്നു.

 

SHARE