മമ്പുറം മഖാമിനകത്തെ മഹാരഥന്‍മാര്‍

2927

സയ്യിദ് അലവി തങ്ങളുടെ വഫാത്തിനു മുമ്പും ശേഷവും മഖാമിനകത്ത് മഹത്തുക്കളെ മറവ് ചെയ്തിട്ടുണ്ട്. തങ്ങളുമായി ബന്ധമുളള ജിഫ് രി, മൗലദ്ദവീല കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ അന്ത്യ വിശ്രമം കൊളളുന്നത്. തങ്ങളുടെ നാലു ഭാര്യമാരും ഇവിടെ മറവ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍ മൂന്നുപേരും തങ്ങളുടെ ജീവിതകാലത്താണ് മരണപ്പെട്ടത്. ഒരാള്‍ മാത്രമാണ് വഫാത്ത് സമയം ജീവിച്ചിരുന്നത്.
തങ്ങളുമായി ബന്ധപ്പെട്ട പല മഹാരഥന്‍മാരെക്കുറിച്ചും മുമ്പ് വിവരിച്ചിട്ടുണ്ട്. മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന മഹത്തുക്കളെക്കുറിച്ചും അവര്‍ കിടക്കുന്ന സ്ഥലഭാഗങ്ങളെക്കുറിച്ചും ചെറിയൊരു വിവരണമാണിവിടെ.

1. മമ്പുറം സയ്യിദ് അലവിതങ്ങള്‍
വാദീ ഹളര്‍മൗത്തിലെ തരീമില്‍ ജനിച്ചു.
ജനനം: ഹി. 1166, ദുല്‍ഹിജ്ജ/ 1753 ഡിയംബര്‍ 24 ശനി
വഫാത്ത്: 1260, മുഹറം 7 / 1844 ഫെബ്രുവരി 25 ശനി
മഖാമിന്റെ കിഴക്കുഭാഗം, കവാടമുഖത്തെ ആദ്യഖബര്‍

2.സയ്യിദ ഫാത്തിമ ജിഫ് രി
സയ്യിദ് അലവി തങ്ങളുടെ പ്രഥമ ഭാര്യയാണ്. സയ്യിദ് ഹസന്‍ ജിഫ്‌രിയാണ് പിതാവ്. തന്റെ മകള്‍ക്ക് ഭര്‍ത്താവായി ഒരാള്‍ ഹളര്‍മൗത്തില്‍ നിന്ന് വരുമെന്നും അദ്ദേഹത്തിന് മാത്രമേ അവളെ വിവാഹം ചെയ്തു കൊടുക്കാന്‍ പാടുളളൂവെന്നും ഹസന്‍ ജിഫ് രി വസിയ്യത്ത് ചെയ്തിരുന്നത് ഇവരെക്കുറിച്ചാണ്. പതിനഞ്ചാമത്തെ വയസിലാണ് സയ്യിദ് അലവി തങ്ങളുമായി വിവാഹം നടന്നത്. ഇതില്‍ രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു. രണ്ടും പെണ്‍കുട്ടികളാണ്. ഒരാള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. ശരീഫ എന്നായിരുന്നു പേര്. പിന്നെയുണ്ടായിരുന്നത് ശരീഫകുഞ്ഞിബീവി എന്ന മകളാണ്. അലവി ജിഫ്രി എന്ന പുതിയാപ്പിളക്കോയ തങ്ങളായിരുന്നു ഇവരുടെ ഭര്‍ത്താവ്. സയ്യിദ ഫാത്തിമ ജിഫ്രി സയ്യിദലവി തങ്ങളുടെ ജീവിത കാലത്ത് തന്നെ മരണപ്പെട്ടു. ഖബര്‍ മഖാമിന്റെ മധ്യത്തില്‍ സയ്യിദ് ഹസന്‍ ജിഫ് രിയുടെ ഖബറിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.

3. സയ്യിദ് ശരീഫ അലവിയ്യ
ഫാത്തിമ ജിഫ്രിയില്‍ നിന്ന് സയ്യിദ് അലവി തങ്ങള്‍ക്കുണ്ടായ ആദ്യ സന്താനമാണിത്. ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. അതുകൊണ്ടാവാം, ചില ചരിത്രകാരന്‍മാര്‍ ഇവരെ സയ്യിദ് അലവി തങ്ങളുടെ സന്താനങ്ങളുടെ ഗണത്തില്‍ എണ്ണിയതായി കാണുന്നില്ല. ഇവരുടെ ഓര്‍മക്കായി രണ്ടാമത്തെ മകള്‍ക്കും ഇതേ പേരാണ് അലവി തങ്ങള്‍ നല്‍കിയത്. ഖബ്ര്‍ സയ്യിദ് അലവി തങ്ങളുടെ ഖബറിനോട് ചേര്‍ന്ന് കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സയ്യിദ ഫാത്വിമ ജിഫ്രിയുടെയും സയ്യിദ ശരീഫ അലവിയ്യയുടെയും ഖബ്‌റുകള്‍ പരസ്പരം ചേര്‍ന്നാണ് നില കൊളളുന്നത്. സയ്യിദ് അലവി തങ്ങളുടെയും സയ്യിദ് ഹസന്‍ ജിഫ് രി തങ്ങളുടെയും ഖബറുകള്‍ക്കിടയിലാണിവ.

4. ഹസന്‍ ബിന്‍ അലവി ജിഫ്രി
സയ്യിദ് അലവി തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമാണ്.
ജനനം ഹളര്‍മൗത്തിലെ തരീമില്‍
വഫാത്ത് ഹി 1180 ശഅബാന്‍ 18 / എ ഡി 1767 ഏപ്രില്‍ 18 വ്യാഴം
മഖാമിന്റെ മധ്യനിരയില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് ചേര്‍ന്നാണ് മഖ്ബറ സ്ഥിതി ചെയ്യുന്നത്.

5. സയ്യിദ് മുഹമ്മദ് മൗലദ്ദവീല
സയ്യിദ് അലവി തങ്ങളുടെ പിത്യസഹോദര പുത്രനാണിത്. ഫദ്ല്‍ പൂക്കോയ തങ്ങള്‍ അറേബ്യയിലേക്ക് പോകുന്ന സമയത്ത് താന്‍ നിര്‍മിച്ച് മമ്പുറം പളളിയില്‍ ഖുതുബ നിര്‍വഹിക്കാനും ഇമാമത്ത് നില്‍ക്കാനും ഇദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ചില രേഖകളില്‍ മുഹമ്മദ് അലി മൗലദ്ദവീല എന്നും കാണുന്നുണ്ട്.
മഖാമിന്റെ മധ്യനിരയില്‍ പടിഞ്ഞാറെ അറ്റത്താണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.

6.ആയിശ മലബാരിയ്യ.
സയ്യിദ് അലവി തങ്ങളുടെ മൂന്നാമത്തെ ഭാര്യയാണിത്. 50ാം വയസിലാണ് തിരൂര്‍ പൊന്‍മുണ്ടം സ്വദേശിനിയായ ഇവരെ തങ്ങള്‍ വിവാഹം ചെയ്തത്.ഇവര്‍ ചേറൂര്‍ ശുഹദാക്കളില്‍ മുഹ്യുദ്ദീന്‍ എന്നയാളുടെ സഹോദരി കൂടിയാണ്. ഫാത്വിമ, സ്വാലിഹ എന്നീ രണ്ടുമക്കളുണ്ട്. ആയിശമലബാരിയ്യ സയ്യിദ് അലവി തങ്ങളുടെ ജീവിതകാലത്ത് തന്നെ മരണപ്പെട്ടു. ഖബര്‍ മഖാമിന്റെ ഇടതു നിരയില്‍ കിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്നു.

7. അബ്ദുല്ല ജിഫ് രി
സയ്യിദ് അലവി തങ്ങളുടെ പൗത്രനാണ് അബ്ദുല്ല ജിഫ് രി എന്ന അബ്ദുല്ലക്കോയതങ്ങള്‍. മാതാവ് ശരീഫ എന്ന കുഞ്ഞി ബീവി. പിതാവ് സയ്യിദ് അലവി ജിഫ് രിയെന്ന പുതിയാപ്പിളക്കോയ തങ്ങള്‍.
വിദ്യാസമ്പന്നനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരു്ന്നു അബ്ദുല്ലക്കോയതങ്ങള്‍. മുസ് ലിംകള്‍ക്കിടയില്‍ മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും വളര്‍ന്നു വരാന്‍ അദ്ദേഹം വഴികളാവിഷ്‌കരിച്ചു. തന്റെ പൂര്‍വ പിതാക്കള്‍ക്കു വിരുദ്ധമായി ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും വിധേയത്വപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് മമ്പുറം ജാറം സ്വത്തുക്കളുടെ മുക്ത്യാര്‍ അവകാശം നല്‍കി. ഇക്കാലത്ത് അബ്ദുല്ലക്കോയ തങ്ങള്‍ ഏറനാട് വളളുവനാട് പൊന്നാനി ത്ാലൂക്കുകളില്‍ ചുറ്റി സഞ്ചരിച്ച് മുസ് ലിംകള്‍ക്കിടയില്‍ ഒരു ബ്രിട്ടീഷ് അനുകൂല നിലപാടുണ്ടാക്കാന്‍ യത്‌നിച്ചിരുന്നു. അദ്ദേഹം നിര്‍ദേശിക്കുന്ന ആര്‍ക്കും ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉദ്യോഗങ്ങളും സ്ഥാനങ്ങളും നല്‍കിയിരുന്നു.സയ്യിദ് ഫദ്‌ലിനെ ബ്രിട്ടീഷുകാര്‍ നാടുകടത്തി 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങുന്നത്.
മലയാളത്തിലും അറബി മലയാളത്തിലും നല്ല കഴിവുണ്ടായിരുന്നു അബ്ദുല്ലക്കോയ തങ്ങള്‍ക്ക്. 1886 ല്‍ അല്‍ ഇല്‍മു വല്‍ ഇസ് ലാം എന്ന പേരില്‍ മലയാളത്തിലും അറബി മലയാളത്തിലും അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. സര്‍ക്കാര്‍ ചെലവിലാണ് ഇത് പ്രസിദ്ധീകരിച്ചത്. മുസ് ലിംകളുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം ശക്തമായി ഇടപെട്ടിരുന്നു. മമ്പുറത്തെ നാഗരികമായ പല പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നതിലും അബ്ദുല്ലക്കോയ തങ്ങള്‍ മുന്നിട്ടിറങ്ങുകയുണ്ടായി. അദ്ദേഹത്തിന്റെ പ്ലാനിംഗ് അനുസരിച്ചാണ് മമ്പുറം മഖാം നിര്‍മിക്കപ്പെട്ടത്. മമ്പുറം ഒറ്റത്തൂണ്‍ പളളി പുനര്‍നിര്‍മാണം നടത്തിയതും അദ്ദേഹമാണ്. (മധ്യത്തില്‍ ഒറ്റത്തൂണിലാണ് ആദ്യം ഈ പളളി നിര്‍മിക്കപ്പെട്ടിരുന്നത്. മഖാമിന്റെ സുമാര്‍ 250 മീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ജുമുഅത്തു പളളിയാണിത്) തിരൂരങ്ങാടി കേന്ദ്രമാക്കി പ്രവര്‍ത്തിച്ച അദ്ദേഹം ഹിദായത്തുല്‍ ഇഖ്‌വാന്‍ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അറബി മലയാളത്തിലായിരുന്നു ഇത്. അറബി മലയാളത്തിലെ പ്രഥമ മാസിക ഇതാണെന്നാണ് ചരിത്രം. അദ്ദേഹം 1908 ല്‍ മരണപ്പെട്ടു. ഖബ്ര്‍ മഖാമിന്റെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

8.സ്വാലിഹ തിമോരിയ്യ.
സയ്യിദ് അലവി തങ്ങളുടെ നാലാമത്തെ ഭാര്യ. ഇന്തോനേഷ്യയിലെ തിമോര്‍ സ്വദേശിനിയാണ്. തങ്ങള്‍ മരിക്കുമ്പോള്‍ ഇവര്‍ മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുളളൂ. ഖബ് ര്‍ മഖാമിന്റെ ഇടതു നിരയില്‍ മധ്യത്തിലായി സ്ഥിതിചെയ്യുന്നു. (കിഴക്കുനിന്ന് മൂന്നാമത്തേത്)

9. സയ്യിദ ഫാത്വിമ മദനി
സയ്യിദ് അലവി ത്ങ്ങളുടെ രണ്ടാമത്തെ ഭാര്യയാണിത്. കൊയിലാണ്ടിയിലെ അമ്പക്കാന്റകത്ത് സയ്യിദ് അബൂബക്കര്‍ മദനിയുടെ മകളാണ്. ഇതില്‍ സയ്യിദലവി തങ്ങള്‍ക്ക് പിറന്ന മകനാണ് വിശ്വപ്രസിദ്ധനായ സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറേബ്യയിലേക്ക് നാടുകടത്തി. സയ്യിദ് അലവി തങ്ങളുടെ ജീവിത കാലത്ത് തന്നെ ഫാത്വിമ മദനി മരണപ്പെട്ടു. ഖബ് ര്‍ മഖാമിന്റെ ഇടതു നിരയില്‍ പടിഞ്ഞാറു ഭാഗത്ത്, മധ്യത്തിലേക്ക് അല്‍പം തെറ്റി ഹസന്‍ ജിഫ് രിയുടെ ഖബ്‌റിനോട് ചേര്‍ന്നു കിടക്കുന്നു.

10. സയ്യിദ് അലി ബിന്‍ മുഹമ്മദ് മൗലദ്ദവീല
സയ്യിദ് അലവി തങ്ങളുടെ പിതൃവ്യ പുത്രനാണിത്. കൂടാതെ ആയിശ മലബാരിയ്യയില്‍ പിറന്ന ഫാത്വിമ എന്ന മകളുടെ ഭര്‍ത്താവും. ഖബ് ര്‍ മഖാമിന്റെ ഇടതുനിരയില്‍ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്നു.

11. സയ്യിദ മൈമൂന ഉമ്മുഹാനി
സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങളുടെ ഭാര്യയാണിത്. തങ്ങളുടെ ജീവിത കാലത്തു തന്നെ മരണപ്പെട്ടു. ഫള്ല്‍ പൂക്കോയ തങ്ങള്‍ അറേബ്യയിലേക്ക് പോയപ്പോള്‍ അവരുടെ മക്കളായ സയ്യിദ് ഹസന്‍, സയ്യിദ് ഹസന്‍ എന്നിവരുമായാണ് പോയത്. ഖബ് ര്‍ മഖാമിനുളളില്‍ വലതുവശം പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്നു.

മമ്പുറം മഖാമിലെ സയ്യിദുമാരുടെ ഖബ്‌റുകള്‍ ഇങ്ങനെ ഗ്രഹിക്കാവുന്നതാണ്.

 

അവലംബം : മമ്പുറം തങ്ങള്‍,ജീവിതം ആത്മീയത പോരാട്ടം..

SHARE