ശഹീദ് കുഞ്ഞി മരക്കാര്‍

1697

പാശ്ചാത്യ അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച മലബാറിലെ ധീര ദേശാഭിമാനികളില്‍ ഒരാളായിരുന്നു ശഹീദ് കുഞ്ഞി മരക്കാര്‍. മാലിക് ഇബ്‌നു ദീനാര്‍ സംഘാംഗങ്ങളില്‍ ചിലര്‍ തങ്ങള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലങ്ങളിലെ അന്തര്‍ജനങ്ങളെ വിവാഹം കഴിക്കുകയും അവിടങ്ങളില്‍ ആദ്യ മുസ് ലിം ഭവനങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ ചാലിയത്തുണ്ടായിരുന്നൊരു തറവാടാണ് മമ്മസ്രായിലത്ത് തറവാട്. ഈ തറവാട്ടില്‍ അബ്ദുല്ലയുടെ പുത്രനായാണ് കുഞ്ഞിമരക്കാരിന്റെ ജനനം.

ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ചാലിയത്തു നിന്നു വെളിയങ്കോട്ട് മാനാത്തുപറമ്പിലേക്ക് താമസം മാറി. മാതാപിതാക്കളുടെ ശിക്ഷണത്തില്‍ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കി. അന്നത്തെ പതിവനുസരിച്ച് കായികാഭ്യാസവും പഠിച്ചു. പത്താം വയസില്‍ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് മാതാവിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്.

ഒരു ദിവസം പന്ത്രണ്ട് വയസെത്തിയ മകനെ വിളിച്ച് കുറച്ചു പണം കൊടുത്ത് മത്സ്യം വാങ്ങി കച്ചവടം നടത്താന്‍ പറഞ്ഞു. മത്സ്യക്കച്ചവടത്തിനിടെ പൊന്നാനി വലിയ ജുമുഅത്ത് പളളിയുടെ അരികിലൂടെ നടന്നു പോകുമ്പോള്‍ സൈനുദ്ദീന്‍ മഖ്ദൂം അദ്ദേഹത്തെ കാണാനിടയായി. മഖ്ദൂം കുഞ്ഞിമരക്കാരെ വിളിപ്പിച്ച് ആലിംഗനം ചെയ്യുകയും നെറ്റിയില്‍ ചുംബിക്കുകയും ചെയ്തു.
എന്നിട്ട് പറഞ്ഞു ഈ പാവനമായ ശിരസ് മത്സ്യക്കുട്ട ചുമക്കാനുളളതല്ല. വിശ്വാസത്തിന്റെ താഴികക്കുടമാണ്. ഉടന്‍ നല്ല വസ്ത്രങ്ങള്‍ നല്‍കി വീട്ടിലേക്കയച്ചു.

മഖ്ദൂമിന്റെ തൊട്ടടുത്തുണ്ടായിരുന്ന അബ്ദുല്‍ ഖാദിര്‍ ശൈഖ് ജിജ്ഞാസയോടെ പ്രസ്തുത ബാലനെപ്പറ്റിയുളള രഹസ്യം സൈനുദ്ദീന്‍ മഖ്ദൂമിനോട് ആരാഞ്ഞു. മഖ്ദൂം പറഞ്ഞു. ഈ നില്‍ക്കുന്ന വ്യക്തിക്ക് അത്യുത്ക്കൃഷ്ടമായൊരു പൈതൃക മുഖമുണ്ട്. സിദ്ധന്‍മാരില്‍ ഉന്നത പദവി അലങ്കരിക്കാനുതകുന്ന പാവനത്വം ഇക്കാലത്തു തന്നെ ഈ കുട്ടിയില്‍ നിക്ഷിപ്തമാണ്. ഇസ് ലാമിക ദര്‍ശനങ്ങള്‍ക്കും അവയുടെ നില നില്‍പ്പിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന ഒരു ത്യാഗിവര്യനായിത്തീരുന്ന ഈ ബാലന്‍ നമ്മുടെയെല്ലാം സ്‌നേഹാദരങ്ങള്‍ക്ക് അര്‍ഹനാണ്. ഇയാളില്‍ നിന്നുണ്ടാകുന്ന നിസ്തുല സേവനങ്ങള്‍ക്ക് ലോകം എന്നും പ്രകീര്‍ത്തനം ചെയ്യും.
വീട്ടിലെത്തിയ കുഞ്ഞിമരക്കാര്‍ നടന്ന കഥ ഉമ്മയോടു പറഞ്ഞു. ഉമ്മയുടെ സമ്മതപ്രകാരം തന്റെ അഭിലാഷം അനുസരിച്ചു പിന്നീടുളള കാലം മഖ്ദൂമിനോടൊപ്പം ജീവിച്ചു. മഖ്ദൂമിന്റെ ശിക്ഷണത്തില്‍ കുഞ്ഞിമരക്കാര്‍ പണ്ഡിതനും ആരിഫുമായിത്തീര്‍ന്നു.

തന്റെ ജീവിത കാലത്ത് കേരളത്തിനു നേരെ തങ്ങളുടെ കരാള ഹസ്തങ്ങള്‍ നീട്ടിയ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടുന്നതില്‍ കുഞ്ഞിമരക്കാര്‍ തന്റെ ജീവായുസ് ബലിയര്‍പ്പിച്ചു. മാപ്പിള മലബാര്‍ എന്ന ഗ്രന്ഥത്തില്‍ ഡോ ഹുസൈന്‍ രണ്ടത്താണി കുഞ്ഞിമരക്കാരുടെ രക്തസാക്ഷിത്വം ഇപ്രകാരം വിവരിച്ചിരിക്കുന്നു.
വിവാഹ ദിവസമാണ് സംഭ്രമ ജനകമായ ആ വാര്‍ത്ത കുഞ്ഞിമരക്കാരിന്റെ ചെവിയിലെത്തുന്നത്. പറങ്കി നാട്ടുകാര്‍ മലബാറില്‍ എത്തിയിരിക്കുന്നു. അവര്‍ ജനങ്ങളെ കൊന്നും കൊളളിവെച്ചും സംഹാര താണ്ഡവമാടുകയാണ്. രണ്ടു പേര്‍ കൂടി ഒരു മുസ് ലിം കന്യകയെ പിടിച്ചു കൊണ്ടുപോയിരിക്കുന്നു. കുഞ്ഞി മരക്കാരുടെ മനസു പിടച്ചു. അദ്ദേഹം മൂത്രമൊഴിക്കാനെന്ന വ്യാജേന വിവാഹപ്പന്തലില്‍ നിന്ന് പുറത്തിറങ്ങി. ഉമ്മയെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങി. അരയില്‍ വാള്‍ തൂക്കി കടല്‍ക്കരയില്‍ ചെന്ന് തോണിയില്‍ കയറി അകലെ നിറുത്തിയിട്ടിരുന്ന പറങ്കിക്കപ്പലിനെ ലക്ഷ്യമാക്കി തുഴഞ്ഞു.

സമയം രാത്രി വളരെ വൈകിയിരിക്കുന്നു
കുഞ്ഞിമരക്കാര്‍ കപ്പലിലേക്ക് ചാടിക്കയറി. നോക്കുമ്പോള്‍ എല്ലാവരും മദ്യപിച്ച് നിദ്രയിലാണ്ടിരിക്കുന്നു. എല്ലാവരെയും കുഞ്ഞിമരക്കാര്‍ വകവരുത്തി. പെണ്‍കുട്ടിയെ കരക്കെത്തിച്ചു. മറ്റൊരു പറങ്കിക്കപ്പല്‍ ലക്ഷ്യമാക്കി കുഞ്ഞിമരക്കാര്‍ കടലിലേക്ക് തിരിച്ചു. ഈ കപ്പലിലുളളവരെയും വകവരുത്തി. പക്ഷെ ഒരാള്‍ മാത്രം മരക്കാരുടെ കണ്ണില്‍ പെടാതെ നില്‍പുണ്ടായിരുന്നു. അയാള്‍ വാളുകൊണ്ട് ആഞ്ഞുവെട്ടി. മരക്കാര്‍ പിടഞ്ഞു വീണു രക്തസാക്ഷിയായി. തന്റെ മൃതശരീരം ഏഴു തുണ്ടങ്ങളാക്കി കടലിലെറിഞ്ഞു. ആഭാഗങ്ങള്‍ പിന്നീട് പലയിടങ്ങളിലായി കരക്കടിഞ്ഞുവെന്നും അവിടങ്ങളിലെല്ലാം ഖബറിടങ്ങള്‍ തീര്‍ത്തുവെന്നുമാണ് പറയപ്പെടുന്നത്. യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ജീവന്‍ ത്യജിച്ച ആദ്യത്തെ രക്തസാക്ഷി കുഞ്ഞിമരക്കാര്‍ തന്നെയായിരിക്കും.

വെളിയങ്കോട്, താനൂര്‍, മീഞ്ചന്ത (കോട്ടുപളളി), വടകര, ബേപ്പൂര്‍, വൈപ്പിന്‍, കോട്ട എന്നിവിടങ്ങളിലാണ് കുഞ്ഞിമരക്കാരുടെ ഖബ്‌റുകളുളളത്.

അലവംബം : ചാലിയത്തിന്റെ ചരിത്ര ചലനങ്ങള്‍,
മാപ്പിള മലബാര്‍

SHARE