മദീനയില്‍ തിരു നബി കുടുംബ പരമ്പരയില്‍ ഇബ്രാഹിം ബാദുഷ വലി ഹിജ്റ 630 റമളാന്‍ 3 നാണ് ഭൂജാതനായതെന്ന് കരുതപ്പെടുന്നു. സയ്യിദ് അഹമ്മദ് അലിയും ഫാത്തിമാബീവിയുമാണ് മാതാപിതാക്കള്‍ . ചെറുപ്പത്തില്‍ തന്നെ മത വിജ്ഞാനവും മറ്റു അറിവുകളും കരസ്ഥമാക്കി. സത്യസന്ധത , വിനയം , ദീനീ ബോധം തുടങ്ങിയ സ്വഭാവഗുണങ്ങള്‍ ഒത്തിണങ്ങിയ ഉത്തമ പുരുഷനായി മഹാന് വളര്‍ന്നു വന്നു. മദീനയിലെ ഗവര്ണ്ണറാ യിരുന്ന പിതാവിനെ സഹായിക്കുകയും ഇസ്ലാമിക പ്രബോധനത്തില്‍ മുഴുകുകയും ചെയ്തു. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതില്‍ വ്യാപൃതനായ ഇബ്രാഹിം ബാദുഷ അനുകരണനീയമായ വ്യക്തിത്വവും ആദരവും നേടി.
സൈനബ് (റ) ആണ് മഹാനവര്‍കളുടെ പത്നി. മസ്ജിദുന്നബവി യിലായിരുന്നു മഹാന്റെ സ്ഥിരതാമസം . വിശുദ്ധ ഖുര്‍ആന്‍ പാരായണവും ദീനീ വിജ്ഞാന പ്രചാരണവുമായി കഴിഞ്ഞു കൂടവെ അബൂതാഹിര്‍ എന്ന ബാലനെ നല്കി അല്ലാഹു ആ ഭക്ത ദമ്പതികളെ അനുഗ്രഹിച്ചു.
ഇന്ത്യയില്‍ ചെന്ന് സത്യപ്രബോധനം നടത്താന്‍ പ്രവാചക സ്വപ്ന ദര്‍ശനമുണ്ടായി. മസ്ജിദുന്നബവിയില്‍ വെച്ചായിരുന്നു ഈ സംഭവം . സ്വപ്ന ദര്‍ശനത്തില്‍ പാരിതോഷികമായി വിശേഷപ്പെട്ട ഒരു കിരീടവും വാളും പ്രവാചകന് ബാദുഷാക്ക് നല്കി. തിരുനബിയാജ്ഞ ശിരസാവഹിച്ചു മൂവ്വായിരത്തോളം അനുചരന്മാരോടൊപ്പം ഇറാഖ്, ഇറാന്, ബലൂചിസ്ഥാന്‍ വഴി ഇന്ത്യയിലെത്തി.
സിന്ധിലും തുടര്‍ന്ന് ഗുജറാത്തിലും സത്യ ദീനിന്റെ പൊന്‍ പ്രഭയുമായി കടന്നു ചെന്നു . സാമ്പ്രദായിക നാടുവാഴിത്വത്തിന്റെയും ജാതീയതയുടെയും ക്ലേശങ്ങളില്‍ പൊരുതി മുട്ടിയ ജനം ഇസ്ലാമിനെ വാരിപ്പുണര്‍ന്നു. അധികാര നഷ്ടം ഭയന്ന നാടുവാഴികള്‍ യുദ്ധത്തിന് സന്നദ്ധരായി. അധികാരമല്ല ദീനീ പ്രബോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അധികാരികളെ ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നാടുവാഴികള്‍ ആഗ്രഹിച്ചത് പോലെ ഏകപക്ഷീയമായ ആക്രമണം നടന്നു. ആത്മ രക്ഷാര്‍ത്ഥം നാടുവാഴീ സൈന്യങ്ങളെ നേരിടാന്‍ ബാദുഷയും അനുയായികളും നിര്‍ബന്ധിതരായി. സിന്ധിലും ഗുജറാത്തിലും ഇപ്രകാരം ആത്മ രക്ഷാര്‍ത്ഥം പ്രതിരോധിക്കേണ്ട വന്ന സത്യപ്രബോധക സംഘത്തെ വിജയം തുണച്ചു. ഗുജറാത്തില്‍ ആലിജനാബിനെയും സിന്ധില്‍ ദുല്‍ഫുഖാര്‍ അലി ഖാനെയും തന്റെ പ്രതിനിധികളായി നിയമിച്ചു ഇബ്രാഹിം ബാദുഷ മദീനയിലേക്ക് യാത്രയായി.
അല്പ കാലങ്ങള്‍ക്കുള്ളില്‍ വന്ദ്യനായ പിതാവിന്റെ വഫാത്തോട് കൂടി മദീനയിലെ ഗവര്‍ണര്‍ സ്ഥാനമേറ്റെടുക്കേണ്ടി വന്നു. ഔദ്യോഗിക കൃത്യ നിരവ്വഹണവും ആരാധനയുമായി കഴിയവേ തെക്കേ ഇന്ത്യയിലെ പ്രബോധന ചുമതല ഏറ്റെടുക്കാന്‍ പ്രവാചക കല്പന ഉണ്ടായി. പാണ്ഡ്യ രാജ്യത്തെ കിരാത ഭരണത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിച്ച് സത്യ ദീനിലേക്ക് കൊണ്ടുവരാനുള്ള തിരുകല്പനയാണ് സ്വപ്നത്തിലൂടെ തിരുനബി നല്‍കിയത്. അവിടെയാണ് ബാദുഷയുടെ അന്ത്യ വിശ്രമ സ്ഥാനം എന്നും തിരു നബി അരുള്‍ ചെയ്തു. തിരു കല്പനയെ ത്തുടര്‍ന്ന് ഒരു വെള്ളിയാഴ്ച ജുമുഅ നിസ്കാരാന്തരം ഇബ്രാഹിം ബാദുഷയും സംഘവും തെക്കേ ഇന്ത്യയിലേക്ക് യാത്ര തുടങ്ങി. കണ്ണൂരിലാണ് അവര്‍ കപ്പലിറങ്ങിയത്. തുടര്‍ന്ന് കണ്ണൂരിലും കൊച്ചി ആലപ്പുഴ വിഴിഞ്ഞം കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ കൂടാരമടിച്ചു പ്രബോധനം നടത്തി. പിന്നീട് കായല്‍പ്പട്ടണത്തും തിരുനെല്‍വേലി മധുര രാമനാഥപുരം എന്നീ മൂന്ന് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന പാണ്ഡ്യ രാജ്യത്തുമെത്തി.
പാണ്ഡ്യ രാജ്യത്ത് ജാതീ വ്യവസ്ഥയുടെ ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വന്നവരായിരുന്നു താഴ്ന്ന ജാതിക്കാര്‍. ഉയര്‍ന്ന ജാതിക്കാരുടെ നാനാവിധ പീഢനങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന ഹരിജനങ്ങളുടെ പരിതാപകരാവസ്ഥ കണ്ട് ഇബ്രാഹിം ബാദുഷയുടെ മനം നൊന്തു. മനുഷ്യരെല്ലാം ഒന്നാണെന്നും അവരെ ജാതി തിരിച്ച് വേലി കെട്ടി നിരുത്തരുതെന്നും അദ്ദേഹം ആഢ്യന്മാരെ ഉത്ബോധിപ്പിച്ചു. എന്നാല്‍ ഇതൊന്നും പൌര മുഖ്യന്മാര്ക്ക് തീരെ സഹിച്ചില്ല .
രാമനാഥപുരം വിക്രമ പാണ്ഡ്യനും തിരുനെല്‍വേലി കുലശേഖര പാണ്ഡ്യനും മധുര തിരുപാണ്ഡ്യനുമാണ് ഭരിച്ചിരുന്നത്. പിതാവിന്റെ മരണ ശേഷം പരസ്പരം കലഹിച്ചിരുന്ന മൂവരും ഇബ്രാഹിം ബാദുഷയെയും കൂട്ടാളികളെയും നേരിടാന്‍ വേണ്ടി ഒന്നിച്ചു. മധുര പിടിച്ചടക്കാന്‍ വേണ്ടി നിരന്തരം ശ്രമിച്ചിരുന്ന ചോളന്മാരും ഒളിയാക്രമണങ്ങളുമായി രംഗത്തുണ്ടായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടത്തി ഇബ്രാഹിം ബാദുഷയെയും കൂട്ടരെയും നശിപ്പിക്കാമെന്ന വ്യമോഹമായിരുന്നു പാണ്ട്യ രാജാക്കന്മാര്ക്ക്. യുദ്ധക്കൊതി പൂണ്ട പാണ്ഡ്യപ്പടയുമായി നിവൃത്തിയില്ലാതെ ഇബ്രാഹിം ബാദുഷയും കൂട്ടരും ഏറ്റുമുട്ടുകയും പലപ്രാവശ്യം വിജയം നേടുകയും ചെയ്തു. മധുരയും മറ്റു സ്ഥലങ്ങളും ഇബ്രാഹിം ബാദുഷക്ക് കീഴ്പ്പെട്ടു. ജനക്ഷേമകരമായ പല പ്രവര്‍ത്തനങ്ങളും കാഴ്ച വെച്ചു. അധമരും അപൂര്ണ്ണരുമായി കാണപ്പെട്ടിരുന്ന ജനങ്ങളെ ഒരൊറ്റ വര്‍ഗമായി അദ്ദേഹം സ്നേഹിച്ചതു കാരണം എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചു. പൌത്രമാണിക്യപ്പട്ടണം തന്റെ ഭരണത്തിന് കീഴില്‍ ഏര്പദ് എന്ന് പുനര്‍നാമകരണം ചെയ്തു. ഇത് പിന്നീട് ഏര്‍വാടിയായി മാറി. കൂട്ടമായ ആക്രമണത്തിലൂടെയും ചതി പ്രയോഗത്തിലൂടെയും പാണ്ഡ്യര്‍ ഇബ്രാഹിം ബാദുഷയെയും അവിടുത്തെ പുത്രന്മാരെയും മറ്റു പ്രമുഖരെയും വധിച്ചു. ഏര്‍വാടിയിലും കാട്ടുപള്ളിയിലും മറ്റുമായി ആ മഹാന്മാര് അന്ത്യവിശ്രമം കൊള്ളുന്നു. ഇടക്കാലത്ത് ആരാലും അറിയപ്പെടാതെ മറഞ്ഞു കിടന്ന എര്വാടിയെ 18ാം നൂറ്റാണ്ടില്‍ ജീവിച്ച നല്ല ഇബ്രാഹിം എന്ന മഹാനാണ് പുനരുദ്ധരിച്ചത്. കീളക്കരക്കും ഏര്വാടിക്കും ഇടക്ക് ആ മഹാന് അന്ത്യ വിശ്രമം കൊള്ളുന്നു.
ഏര്‍വാടി ചരിത്രം വീഡിയോ