സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (ഹാജിയാര്‍ ഉപ്പാപ്പ)

1089

മലപ്പുറം ഹാജിയാര്‍ പളളിക്കടുത്ത് അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനിയുടെ മഖ്ബറ ചരിത്ര പ്രസിദ്ധമാണ്. മദീനയില്‍ ഹറമിന്റെ ചുമതലയുണ്ടായിരുന്ന മഹല്‍ വ്യക്തിയാണദ്ദേഹം. നാട്ടുകാര്‍ ആദരപൂര്‍വം ഹാജിയാര്‍ ഉപ്പാപ്പ എന്ന് വിളിക്കുന്നു.

മലപ്പുറം നാട്ടുരാജാവ് പാറനമ്പി നിര്‍മിച്ചു നല്‍കിയതാണ് പളളി. മിനിക്കുത്ത് പുഴയില്‍ രാജാവിന്റെ ഖജനാവിന്റെ താക്കോല്‍ക്കൂട്ടം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോള്‍ രാജാവ് ഹാജിയാര്‍ ഉപ്പാപ്പയോട് സഹായം തേടിയെന്നാണ് ചരിത്രം. ഹാജിയാര്‍ ഉപ്പാപ്പ ആഗ്രഹിക്കുന്നതെന്തും തരാമെന്ന് പാറനമ്പി വാഗ്ദാനം നല്‍കി. ഹാജിയാര്‍ ഉപ്പാപ്പ താക്കോല്‍ മുങ്ങിയെടുത്തു തല്‍കുകയും ആവശ്യപ്പെട്ടതു പ്രകാരം പാറനമ്പി പളളി നിര്‍മിച്ചു നല്‍കി വാക്കു പാലിക്കുകയും ചെയ്തു. മിനിക്കുത്ത് പുഴക്കടവ് നിറഞ്ഞു നില്‍ക്കുന്ന മഴക്കാലത്തായിരുന്നുവത്രെ ഈ സംഭവം.

ഹാജിയാര്‍ ഉപ്പാപ്പ മദീനയില്‍ നിന്ന് മലപ്പുറത്തെത്തിയതിനു പിന്നിലും ഒരു സംഭവമുണ്ട്.
മലപ്പുറം ശുഹദാക്കളുടെ ഖ്യാതി കേട്ടറിഞ്ഞ് അവരുടെ ഖബര്‍ സിയാറത്തിനായാണ് ഉപ്പാപ്പ മലപ്പുറത്തെത്തുന്നത്.
നബി (സ) യുടെ സ്വഹാബാക്കള്‍ ഹദീസ് പഠനം നടത്താനായി ഇരുന്നിരുന്ന അഹ് ലു സ്സുഫ്ഫയുടെ തിണ്ണയില്‍ ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് കുടിക്കാന്‍ പതിവായി സംസം വെളളം ഒരു കൂജയില്‍ വെക്കാറുണ്ടായിരുന്നു. ഇത് നിര്‍വഹിച്ചിരുന്നത് അന്ന് ഹറമിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സയ്യിദ് ശരീഫുല്‍ മദനി എന്നവരായിരുന്നു. അദ്ദേഹം പതിവു പോലെ വെളളം നിറച്ചു വെച്ചു. വെളളം ആവശ്യമായ ഒരാള്‍ പതിവു പോലെ കൂജയില്‍ നോക്കുമ്പോള്‍ വെളളം കണ്ടില്ല. ഈ സംഭവം നടന്നത് ശഅ്‌ബാന്‍ 9 നായിരുന്നു. അന്നേദിവസം ഏതെങ്കിലും നാടുകളില്‍ അത്ഭുത സംഭവങ്ങള്‍ നടന്നിരുന്നുവോ എന്ന് അദ്ദേഹം ഹജ്ജിന് വന്നവരോട് അന്വേഷിച്ചപ്പോഴാണ് മലപ്പുറം സ്വദേശികളില്‍ നിന്ന് മലപ്പുറം പടയെക്കുറിച്ചും ശുഹദാക്കളെക്കുറിച്ചും അറിഞ്ഞത്. ഇതാണ് മലപ്പുറത്തെത്താണ് ഹാജിയാരുപ്പാപ്പയെ പ്രേരിപ്പിച്ചതത്രെ.

മലപ്പുറം നാടുവാഴി നിര്‍മിച്ചു നല്‍കിയ ഹാജിയാര്‍ പളളിക്ക് സമീപം മുഹമ്മദ് ശരീഫുല്‍ മദനിയെന്ന ഹാജിയാര്‍ ഉപ്പാപ്പയുടെ ഖബര്‍ സിയാറത്തിനായി ധാരാളം വിശ്വാസികളെത്തുന്നു.

അവലംബം : മലപ്പുറം ശുഹദാക്കള്‍ മൗമൈത്രിയുടെ മാതൃകാ പൂക്കള്‍ (രചന : യോഗ്യന്‍ ഹംസ മാസ്റ്റര്‍)

SHARE