ഇന്ത്യന്‍ പ്ളാനിംഗ് കമ്മീഷന് അംഗവും അക്കാഡമിക്കും സമകാലിക ആംഗ്ളോ ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖയുമായ കാവേരി ഗില്ലിന്റെ അജ്മീര്‍ യാത്രയും ഉറൂസനുഭവങ്ങളും അവരുടെ യുക്തിവാദ ചിന്തകളെ തകിടം മറിച്ചിരിക്കുകയാണ്. ആര്‍ദ്രമായ ആധ്യാത്മിക അനുഭൂതി പകര്‍ന്ന, അതുല്യമായ സാംസ്കാരികാനുഭവമായ അജ്മീര്‍, വര്ഗീയതയിലാണ്ട ഇന്ത്യന്‍ പൊതു മണ്ഡലത്തെ തനിമയാര്‍ന്ന പാരമ്പര്യത്തിലേക്ക് പുനരാഗമനം ചെയ്യിക്കാന്‍ ഉപയുക്തമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു.
കാവേരി ഗില്‍/ വിവ. മുഹ്സിന് എളാട്
ഉറൂസ് ആഘോഷങ്ങളുടെ തലേന്നാള്‍ ആയതിനാല്‍ ഒരു വലിയ ജനക്കൂട്ടം തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഒരു പോലീസ് സെല്ലിന് മുന്‍വശമാണ് ഞങ്ങളെ സ്കൂട്ടര്‍ ഇറക്കി വിട്ടത്. പഴയ അജ്മീര്‍ നഗരത്തിന്റെ ഇടുങ്ങിയതും ജനനിബിഢവുമായ ഗല്ലികളിലൂടെ പോകുന്ന സന്ദര്‍ശക നിര അവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇരു വശങ്ങളിലുമുള്ള ഓടകളില്‍ നിന്ന് മലിന ജലത്തിന്റെ രൂക്ഷമായ ദുര്‍ഗന്ധം നാസാരന്ധ്രങ്ങളെ വീര്‍പ്പ് മുട്ടിച്ചു. രണ്ടു ദശകക്കാലത്തെ ഇന്ത്യയുടെ അഭിമാനകരമായ പുരോഗതി വൈക്കോല്‍ കൂനകള്‍ കൊണ്ട് നിര്‍മിച്ച പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ബാക്കിവെച്ച നേരിയ അടയാളങ്ങളിലൊന്നായിരിക്കാം ഈ ഓടകള്‍! ദര്‍ഗയുടെ മുന്‍വശത്തോട് കുറേക്കൂടി അടുത്തപ്പോള്‍ സമൂഹത്തിലെ ബലഹീനരും യാചകരും മുതല്‍ സമ്പന്നര്‍ വരെ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഈ നിരയിലുടനീളം തോളുരുമ്മി നില്ക്കുന്ന, ഇന്ത്യാ മഹാരാജ്യത്തെ ഒരപൂര്‍വ്വമായ കാഴ്ചകാണാന്‍ കഴിഞ്ഞു. ജനക്കൂട്ടത്തിനിടയില്‍ നിന്നുള്ള സ്വാഭാവികമായ ഉന്തും തള്ളിനുമിടയില്‍ എല്ലാവരും സ്വന്തത്തെ പിടിച്ചു നിര്‍ത്താന്‍ വ്യഗ്രത കാണിച്ചു.
ഞാനൊരു ‘ഖാദിമി’ നെ തെരെഞ്ഞെടുത്തു. ഇവര്‍ക്കു മാത്രം പ്രത്യേകം സംവരണം ചെയ്യപ്പെട്ട കവാടത്തിലൂടെ മസാറിന്റെ പവിത്രമായ ഉള്ളറയിലേക്ക് എത്തിച്ചേരുന്നതിനായിരുന്നു ഇത്. പ്രഭാപൂരിതമായ മസാറിനുള്ളിലെ സ്റാളുകളില്‍ നിന്ന് ഞങ്ങള്‍ നേര്‍ച്ച നേരാനുള്ളതെല്ലാം കരുതിയിരുന്നു. വര്‍ണ്ണ വൈവിധ്യമായ മാലകളാല്‍ അലങ്കരിക്കപ്പെട്ട ഇവകളില്‍ റോസാപ്പൂ ദളങ്ങള്‍ കുമിഞ്ഞു കൂടിയിരുന്നു. സന്ധ്യാര്ക്കന്റെ വെളിച്ചത്തില്‍ മിന്നി മറയുന്ന തിളങ്ങുന്ന ജപമാല മുത്തുകള്‍ സന്ദര്‍ശക നയനങ്ങള്‍ക്ക് മനോഹാരിത പകര്‍ന്നു. വളര്‍ന്നു പ്രായമായ പേരാല്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ വഴികണ്ടെത്തി. ഇടുങ്ങിയ ശവക്കല്ലറകളില്‍ ചവിട്ടുന്നത് തടയാന്‍ വേണ്ടി അവ നടുമുറ്റം സ്പര്‍ശിക്കും വിധം കരുതലോടെ തടവു സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ പളുങ്ക് സമാനമായ മാര്‍ബിളില്‍ പണിതീര്‍ത്ത ജാലക വാതിലിലൂടെയാണ് ഞങ്ങള്‍ പ്രവേശിച്ചത്. ഇളംകാറ്റില്‍ ചാഞ്ചാടുന്ന നിഗൂഢമായതെന്തോ ആവാഹിച്ച ചുവപ്പു നൂലുകള്‍ അതില്‍ തൂക്കിയിട്ടിരുന്നു.
ബഹുസ്വരതയുടെ അത്യുന്നത പ്രതീകമായി മാറിയ അജ്മീര്‍ മത, ജാതി , വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ വൈജാത്യങ്ങള്‍ക്കപ്പുറം എല്ലാവരുടെയും ലക്ഷ്യസ്ഥാനമാണ്. സമ്പന്നരും ദുര്‍ബലരും, സന്തുഷ്ടരും ദുഃഖിതരും, സംതൃപ്തരും വ്യാമോഹികളും, മുസ്ലിംകളും അമുസ്ലിംകളും, വിശ്വാസികളും അവിശ്വാസികളും, ആവശ്യക്കാരും ആവശ്യമില്ലാത്തവരും എന്നിങ്ങനെ എല്ലാവരും ദര്ഗയിലണയുന്നത് ഒരേയൊരു ലക്ഷ്യവുമായി. ഒരു പക്ഷേ, തീവ്ര കമ്യൂണിസ്റുകളെ പോലും നിങ്ങള്‍ക്ക് ആ സന്ദര്‍ശക കൂട്ടത്തില്‍ കാണാം. മേല്‍ പറഞ്ഞ പോലെയുള്ള ദ്വിഗുണ ദ്വന്ദങ്ങള്‍ പരസ്പരാശ്രിതമായ ദ്വൈതഭാവത്തോടെ മാത്രമാണ് നിലനില്ക്കുന്നതെങ്കില്, സമസ്ത വേര്‍തിരിവുകള്‍ക്കുമപ്പുറം ജൈവികതയുടെ അനന്ത വിശാലമായ ആകാശത്തിന് കീഴിലുള്ള പരശ്ശതം കോടി ജീവനുകള്‍ക്കും ഇവിടമൊരു ആശ്രമമാണ്. അവരനുഭവിക്കുന്ന സകലമാനസിക വ്യഥകളില്‍ നിന്നും മുക്തി നേടാനുള്ള ഇടം. മത, ജാതി, വര്‍ഗ്ഗങ്ങളുടെ പേരില്‍ വ്യക്തികളെയും സമൂഹങ്ങളെയും തരം തിരിക്കുകയും ജനാധിപത്യത്തിന്റെ നാരായവേര് അറുത്തുമാറ്റും വിധം അതിനെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും അജ്മീര്‍ അടയാളപ്പെടുത്തുന്നത്/പ്രതിനിധീകരിക്കുന്നത് മുന്‍വിധിയിലധിഷ്ഠിതമായ വിഭജനങ്ങള്‍ക്ക് അതീതമായി എല്ലാവര്ക്കും പുതുജീവന്‍ പകരുന്ന അദ്വിതീയമായ ഒരു സാംസ്കാരിക സൌധമാണ്! ഇതെല്ലാം, അന്ത്യ വിശ്രമം കൊള്ളുന്ന മഹാമനസ്കനായ സൂഫിയുടെയും ആ മഹാമനീഷി രൂപം നല്കിയ ആജ്ഞേയമായ തത്വചിന്തയുടെയും സഹജമായ അധ്യാത്മിക സാഫല്യം.
ഉറൂസ് ദിനത്തിന് മുന്നോടിയായി ഈ സന്ധ്യാനേരത്ത് നേര്‍ച്ചകള്‍ നേരാന്‍ ദര്‍ഗയുടെ പവിത്ര സ്ഥാനത്ത് കയറുന്ന ജനക്കൂട്ടത്തിന്റെ അവസാന ഘട്ടം ശ്വാസം മുട്ടിക്കുന്നതായിരുന്നു. ശരീരത്തില്‍ വരക്കുറികള്‍ ഉണ്ടാകുമെന്ന് ഉറപ്പുള്ള തിക്കിലും തിരക്കിലും മുങ്ങുന്നതിന് മുമ്പ് ഞാന്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ചു. എന്റെ തലയിലിട്ട മുണ്ടും കൈ വെള്ളയിലെ വാടിയ റോസ് ദളങ്ങളും ഉറപ്പിക്കുന്നിതിനിടയില് എന്റെ സ്നായുക്കള്‍ വലിഞ്ഞ് പൊട്ടിയത് പോലെ തോന്നി. ആ നൈവേദ്യമാം റോസാപൂ അര്‍പ്പിക്കാനാണല്ലോ ഈ സാഹസങ്ങളെല്ലാം. എന്നാല്‍ അപ്രതിരോധ്യമായ ഈ ജനബാഹുല്യം എന്നെ സ്വസ്ഥമായ, വെള്ളി നിറം കൊണ്ട് അലങ്കരിച്ച ഒരു സുരക്ഷിത അറയിലേക്ക് മാറ്റി നിര്‍ത്തി. ആ ഉല്‍ക്കടമായ അഭിലാഷം ഹനിക്കപ്പെട്ട വേളയില്‍ നയനങ്ങളില്‍ അശ്രു പൊടിഞ്ഞിരുന്നെങ്കില്‍ അത് ഈ പുണ്യകേന്ദ്രത്തിന്റെ അസാമാന്യമായ ശക്തി കൊണ്ട് മാത്രമാണ്. അതെ, അഭൌതികവും അനിര്‍വചനീയവുമായ ഒരു ശക്തി; എന്നാല്‍ തികച്ചും യാഥാര്‍ത്ഥ്യം.
അസ്തമയ സന്ധ്യ പതിയെ ഇരുളിന് വഴിമാറിയപ്പോള്‍ ഇരുവശങ്ങളിലെ അറകള്‍ക്ക് മധ്യേ ചെറിയ ജാലകങ്ങളുള്ള നടുമുറ്റത്ത് പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ ധ്യാന നിമഗ്നരായ ഹൃദയങ്ങളോടൊത്ത് ഞാനും ഇരുന്നു. മഗ്രിബിന്റെ ലഘുവായ ഒരു ഇടവേളക്ക് ശേഷം, ആവേശത്തോടെ റോസാപ്പൂവെള്ളം കുടഞ്ഞും മസാറില്‍ ഒഴുകി നടന്നും അവര്‍ വീണ്ടും സജീവമായി. ഉഷ്ണവായുവുമായി ലയിച്ച വിവിധ തരം സുഗന്ധങ്ങള്‍ അന്തരീക്ഷത്തിലൂടെ ഒഴുകി നടന്നു. ഇരുണ്ട വാനില്‍ വെള്ളി വെളിച്ചം പരത്തിയ ചന്ദ്രന് ദര്‍ഗ മുറ്റത്തെ ദൃശ്യവിസ്മയങ്ങളെ തുറിച്ച് നോക്കി. ഉത്തരേന്ത്യന്‍ മസാറുകളുടെ സവിശേഷതയായ ഖവാലിക്കുള്ള സമയം അടുത്തിരുന്നു. ബുലേഷാഹ്, സുല്‍ത്താന്‍ ബഹൂഷാഹ് ഹുസൈന്, മുഹമ്മദ് ഖാദിരി തുടങ്ങിയ സൂഫി കവികള്‍ രചിച്ച ആശയ സമൃദ്ധമായ കാവ്യസുധകളുടെ ആവിഷ്കരണമത്രേ അത്. മനുഷ്യ വികാരത്തെ ഇളക്കി മറിക്കുന്ന സുഗന്ധവും സംഗീതവും ഇഴ ചേര്‍ന്നപ്പോള്‍ മനസാന്തരങ്ങള്‍ മറുലോകം തേടി പറന്നതായി തോന്നി.
ഏതാണ്ട് അര്‍ദ്ധ രാത്രി ആയപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ ദര്‍ഗയോട് വിടചൊല്ലാനൊരുങ്ങി. സൂര്യവെളിച്ചം പോലെ പ്രഭയാര്‍ന്ന ആഘോഷപൂര്‍വ്വമായ അന്തരീക്ഷത്തില്‍ നില്ക്കുന്ന ആരും സമയത്തിന്റെ അഭിരാമ സഞ്ചാരം അറിഞ്ഞു കാണില്ല. കൊതിയൂറുന്ന പ്രാദേശിക രുചിയുള്ള വലിയ ‘കദായി’കളും സോണ്‍ ഹല്‍വകളും നാളത്തെ ഉറൂസിനെത്തുന്ന ആയിരങ്ങളെയും കാത്ത് പലഹാരക്കടകളില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തുണിക്കടകളില്‍ പുതുവസ്ത്രങ്ങളുടെ പ്രളയം. മഖ്ബറയുടെ മേല്‍ വിരിക്കുന്ന ഭംഗിയുള്ള പുതപ്പുകളില്‍ അവസാനത്തേത് ഹൈദരാബാദില്‍ നിന്നാണ്. ഇത് പോലെ ഇന്ത്യയുടെ സുല്‍ത്താന്റെ ദര്‍ഗയിലേക്ക് ചന്ദ്രക്കലയും നക്ഷത്രങ്ങളും പതിച്ചലങ്കരിച്ച പുതപ്പുകള്‍ കൊണ്ടുവരാറ് പഴയ നാട്ടു രാജ്യങ്ങളില്‍ നിന്നാണത്രെ. നീലലോഹിത നിറത്തിലും പച്ചപ്പട്ടിലും പണിതീര്‍ത്ത വളരെ വ്യാപ്തിയുള്ള ഇവ മസാറിന്റെ വീതി കുറഞ്ഞ ഗല്ലികളിലൂടെ മുപ്പതോളം ആളുകളുടെ ആരവത്തോടെ ആനയിച്ചു കൊണ്ടുവരുന്ന കാഴ്ച ബഹുരസമാണ്. ഇമ്പമാര്‍ന്നതും ശബ്ദമേറിയതുമായ താളമേളങ്ങളോടെ സ്വാഗതം ചെയ്യപ്പെടുന്ന ഇവയെ നോക്കി ആളുകള്‍ ഭവ്യതയോടെ വണങ്ങുന്നതും തുമ്പു പിടിച്ച് മുത്തുന്നതും കാണാം. അടുത്ത ദിവസം ഖാജ അവര്‍കള്‍, തന്റെ പ്രിയനാഥന്റെ വിളിക്കുത്തരം നല്കി യാത്രയായ റജബ് 6. ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ ഉറൂസ് ദിനത്തില്‍ ദര്‍ഗയുടെ നടുമുറ്റത്ത് മേളിക്കുന്നു; കാലൊന്നു മാറ്റിവെക്കാന്‍ ഇടമില്ലാത്ത വിധം. എന്റെ അടുത്തിരിക്കുന്നവരോട് സംഭാഷണത്തിന് തുനിഞ്ഞപ്പോള്‍ ഞാന്‍ ആരാണ്, എവിടെ നിന്ന് വരുന്നു തുടങ്ങിയ ചോദ്യശരങ്ങളുമായി അവരെന്നെ എതിരേറ്റു. ഓരോരുത്തരും എന്നോട് പ്രതിവചിച്ചത് ഇങ്ങനെ. “ആപ്കോ ബാബാ കാ ബുലായ ആയ, ഇസ്ലിയെ ആപ് യഹാം ഹോ” (താങ്കള്‍ക്ക് ഖാജയുടെ വിളി എത്തിയതു നിമിത്തമാണ് ഇവിടെ എത്തിയത്). അവരുടെ ഈ ഉറച്ച വാക്കുകള്‍ കേട്ടാല്‍ തോന്നും ഇവിടേക്കുള്ള ഒരു ക്ഷണക്കത്ത് ഞാന്‍ മെയില്‍ വഴി സ്വീകരിച്ചിരുന്നെന്ന്. യുക്തിവാദിയായ ഒരു അക്കാദമിക്ക് എന്ന നിലയില്‍ അത്തരം വിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ ഞാന്‍ പാടുപെട്ടു. എങ്കിലും എനിക്കതില്‍ വളരെ അത്ഭുതം തോന്നി. ഒരു പക്ഷേ അത് സത്യമാകാം.
പാക്കിസ്ഥാനില്‍ നിന്നും മറ്റു അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ഖാദിമുകള്‍ അജ്മീര്‍ ശരീഫിലെ സ്ഥിരം ഖാദിമുകളോടൊപ്പം ചേരുന്നു. ഉറൂസ് ദിനത്തില്‍ അനുവദിക്കപ്പെടുന്ന ഏക നേര്‍ച്ചയായ റോസാപ്പൂ ഇതളുകളെ മസാറിലേക്കിട്ടു കൊണ്ടാണ് ഈ ‘ഖാദിം അവരോഹണം’ നടക്കുന്നത്. പ്രൌഢിയാര്‍ന്ന ഒരു ജാഥയോടെ പ്രത്യക്ഷപ്പെടുന്ന ഇവര്‍ തങ്ങള്‍ക്കായി ഒരുക്കിയ ദര്‍ഗയുടെ മധ്യത്തിലുള്ള മന്ദിരത്തിലേക്ക് നയിക്കപ്പെടുന്ന, വിളക്കുകളാല്‍ അലങ്കരിച്ച വലിയ പൂമുഖത്തെത്തുന്നതോടെ അപ്രത്യക്ഷരാകുന്നു. ഉറൂസിന്റെ സമാപനം കുറിക്കുന്ന പ്രാര്‍ത്ഥനാ സംഗമമായ ‘ഖുല്‍’ ഇവിടെ മനുഷ്യസാഗരം തീര്‍ക്കുന്നു. നിശബ്ദതയില്‍ നിന്നാരംഭിക്കുന്ന സ്വരാഹരണത്തോടെ സജീവത പ്രാപിക്കുന്ന മന്ത്രധ്വനികള്‍ ഇടക്കിടെ ഉരുവിടുന്ന സ്വരൈക്യത്തോടെ ഉള്ള പ്രാര്‍ത്ഥനാ വചസ്സുകളാല്‍ സവിശേഷമായൊരു താളക്രമത്തോടെ ഇത് മണിക്കൂറുകളോളം നീണ്ട് നില്ക്കുന്നു. പ്രാര്‍ത്ഥന അവസാനിച്ച ഉടനെ സന്തോഷത്തോടെ ഹസ്ത ദാനം ചെയ്യുന്ന വിശ്വാസികള്‍ മിഠായി വിതരണം നടത്തുന്നു. എനിക്ക് സൂക്ഷിക്കാന്‍ മഖ്ബറയില് മുമ്പെന്നോ വിരിച്ച പവിത്രമായ പുതപ്പു കഷ്ണം ഖാദിം ഭവ്യതയോടെ നല്കി. ഞങ്ങള്‍ ദര്‍ഗയോട് വിട ചൊല്ലി.
മാഗസിനുകളും അനേകം ഗ്രന്ഥങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന റയില്‍വേ സ്റേഷനിലെ പുസ്തകശാലകള്‍ ഇന്ത്യക്കാര്‍ ട്രെയിന്‍ യാത്രയില്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന എമ്പാടും പുസ്തകങ്ങള്‍ നിരത്തുന്നു. ശൈഖ് ഖാജയുടെ സൂഫി സരണിയെ വിശകലനം ചെയ്യുന്ന ഗ്രന്ഥത്തിന്റെ മൂന്നാം എഡിഷന് കോപ്പി അവിടെ നിന്ന് ഞാന്‍ വാങ്ങി. സൂഫി മാര്‍ഗത്തിലേക്ക് ആകൃഷ്ടനാകുന്നതിനു മുമ്പ് രാഷ്ട്രമീമാംസയില്‍ ഡോക്ടറേറ്റ് നേടിയ ഹസ്റത്ത് സഹ്റുല്‍ ഹസന് ശരീബ് രചിച്ചതാണ് ആ ഗ്രന്ഥം. ഞങ്ങള്‍ സ്റേഷനില്‍ നിന്ന് പതിയെ നീങ്ങിയപ്പോള്‍ ഫ്ളൈറ്റ് മാഗസിനുകളില്‍ സാധാരണ കാണാറുള്ളത് പോലുള്ള ഒരു വലിയ ഭൂപടം കാഴ്ചയുടെ സുഗമമായ പ്രയാണത്തെ ഉടക്കി. ഖാജ അവര്‍കള്‍ ജീവിതകാലത്ത് (1135-1229 എ ഡി) സന്ദര്‍ശിച്ച സ്ഥലങ്ങളുടേതായിരുന്നു അവ. ഫലൂജ, തബ്രീസ്, ഗൈല്‍, ഹമദാന്‍, ഇസ്ഫഹാന്, ഊഷ്, ബദക്ഷന്, ബുഖാറ, സമര്‍ഖന്ത്, ബല്‍ക്ക, ഖുറാസാന്‍, സിജിസ്ഥാന്‍, മെംന, ഹെറാത്ത്, മിശ്ത്, സുബ്സവര് ഗസ്നി, മുള്‍ട്ടാന്‍….. എന്നിങ്ങനെ നീണ്ടു പോകുന്നു ആ പേരുകള്‍. ഖാജ അവര്‍കളുടെ സുദീര്‍ഘമായ യാത്രകളെ കുറിച്ച് ചിന്താ നിമഗ്നമായപ്പോള് ആ സ്ഥലനാമങ്ങള്‍ എന്റെ മനസ്സിലൂടെ കടന്ന് പോയി. എങ്ങോ മറന്ന് വെച്ച ഹൃദയ ശൂന്യതയുമായി എന്റെ ശരീരം ദില്ലിയിലേക്ക് തിരിച്ചു