മഹാനായ ശൈഖ് ജീലാനി(റ)യുടെ പന്ത്രണ്ടാം തലമുറഅയിലെ ഫത്ഹുല്ലാഹില്‍ ബഗ്ദാദി(റ) പത്താം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെത്തി. കര്‍ണാടകയിലെ കര്വാക ജില്ലയില്‍ അങ്കോല താലൂക്കില്‍ ബര്‍വാഡ എന്ന സ്ഥലത്ത് താമസമാക്കി. മംഗലാപുരത്തുനിന്നും ഇരുന്നൂറിലധികം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് അങ്കോല. സാത്വികനും പണ്ഡിതനുമായിരുന്ന അദ്ദേഹം അവിടെ നിന്ന് വിവാഹം ചെയ്തു. അതില്‍ ജനിച്ച നാല് ആണ്മക്കളില് ഇളയയാളാണ് സയ്യിദ് മൂസാ വലിയുല്ലാഹി(റ).

സയ്യിദ് മൂസാ(റ) വളരെ ചെറുപ്പത്തില്‍ തന്നെ ആത്മീയ കാര്യങ്ങളില്‍ ഉത്സാഹവും ആവേശവും കാണിച്ചു. പിതാവിന്റെ പാത പിന്തുടര്ന്ന് ജീവിച്ച അദ്ദേഹം അങ്കോലയിലെ കുലീന കുടുംബത്തില്‍ നിന്നും ഹലീമ എന്ന യുവതിയെ വിവാഹം ചെയ്തു. അല്ലലും അലട്ടലുമില്ലാതെ സന്തോഷകരമായി മുന്നോട്ട് പോയി ആ ദാമ്പത്യം. എന്നാല്‍ തങ്ങള്‍ക്കൊരു കുഞ്ഞ് ജനിക്കാത്തതില്‍ അവര്‍ ദുഃഖിതരായി. അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. മഹാന്മാരെ സമീപിച്ച് ദുആ നടത്തിച്ചു. നിരാശരാവാതെ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു. കാലങ്ങള്‍ കടന്നുപോയി.
സൗകര്യം ലഭിച്ചപ്പോള്‍ സയ്യിദ് മൂസാ അവര്‍കള്‍ വിശുദ്ധ ഹറമൈനിയിലേക്ക് പുറപ്പെട്ടു. ഹജ്ജും ഉംറയും സിയാറത്തും നിര്‍വഹിച്ച് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മഹാന്മാരെ കാണുകയും ആശിര്‍വാദം നേടുകയും ചെയ്തു. എല്ലാ പുണ്യ കേന്ദ്രങ്ങളിലും ഹജ്ജിന്റെ അമലുകളോടനുബന്ധിച്ചുമെല്ലാം കുഞ്ഞുണ്ടാകുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ചു.
മക്കയില്‍ നിന്ന് മടക്കയാത്ര ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കെ ഒരപരിചിതനുമായി സംസാരിക്കാന്‍ ഇടവന്നു. യാത്രാ ക്ഷീണമൊന്നും പ്രകടിപ്പിക്കാത്ത പ്രസന്നവദനന്‍. ആ മുഖത്ത് നല്ല ഐശ്വര്യം. ഒറ്റക്കാഴ്ചയില്‍ തന്നെ ഒരു മഹാനാണെന്ന് മനസ്സിലാവും. സയ്യിദ് മൂസ(റ) അവര്‍കളോട് കുടുംബ വിശേഷങ്ങള്‍ ചോദിച്ചു. താന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഖളിര്‍(അ)നോടാണെന്നദ്ദേഹത്തിന് മനസ്സിലായി. സ്വാലിഹായൊരു കുഞ്ഞിനായുള്ള മോഹം അദ്ദേഹത്തെ അറിയിച്ച് പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിച്ചു. ഖളിര്‍(അ) കീശയില്‍ നിന്നു രണ്ടു ധാന്യമണികളെടുത്ത് സയ്യിദവര്‍കള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു: വേഗം നാട്ടില്‍ പോവുക, ഇതില്‍ ഒരു ധാന്യമണി നിങ്ങള്‍ കഴിക്കുക, മറ്റേത് ഭാര്യക്ക് നല്‍കുക.
പിന്നെ മഹാന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: പണ്ഡിതനായൊരു പുത്രനെ അല്ലാഹു നിങ്ങള്‍ക്ക് നല്കട്ടെ. ശേഷം നിര്‍ദേശിച്ചു: ‘കുഞ്ഞു പിറന്നാല്‍ മുഹമ്മദ് ഖാസിം എന്ന് നാമകരണം ചെയ്യണം.’ ശേഷം സംസാരം അവസാനിപ്പിച്ച് പരസ്പരം സലാം ചൊല്ലി പിരിഞ്ഞു.
ഖളിര്‍(അ)മുമായുള്ള കൂടിക്കാഴ്ചയും സംസാരങ്ങളും സയ്യിദ് മൂസാ(റ) അവര്‍കള്‍ക്ക് പുതിയ പ്രതീക്ഷ നല്കി. നാട്ടിലെത്തിയ അദ്ദേഹം ഖളിര്‍(അ)ന്റെ നിര്‍ദേശം പോലെ ഒരു ധാന്യമണി കഴിക്കുകയും മറ്റൊന്ന് ഭാര്യക്ക് നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹലീമ ബീവിയില്‍ ഗര്‍ഭത്തിന്റെ അടയാളങ്ങള്‍ പ്രകടമായി. നിറഞ്ഞ സന്തോഷത്തോടെ അവര്‍ അല്ലാഹുവിനെ സ്തുതിച്ചു.
ഹിജ്റ 1039-ല്‍ ഹലീമ പ്രസവിച്ചു. പ്രവചനം പോലെ സുന്ദരനായൊരാണ്‍കുട്ടി. കുട്ടിക്ക് മുഹമ്മദ് ഖാസിം എന്ന് പേരു വിളിച്ചു. ഉപ്പാപ്പയായ മുത്ത് നബി(സ്വ)യുടെ നാമവും വിശേഷണവും ചേര്‍ത്ത മനോഹരമായ നാമം. സന്താന സൗഭാഗ്യത്തില്‍ പ്രപഞ്ചനാഥന് കൃതജ്ഞത ചെയ്ത് മാതാപിതാക്കള്‍ കുഞ്ഞിനെ താലോലിച്ചു വളര്‍ത്തി.
വൈകാതെ ഹലീമ വഫാതായി. പിന്നീട് പൂര്‍ണമായും പിതാവിന്റെ സംരക്ഷണത്തിലാണ് കുട്ടി വളര്‍ന്നത്. പണ്ഡിതനും സാത്വികനുമായ പിതാവിന്റെ പരിചരണം കുഞ്ഞിനെ വളരെയേറെ സ്വാധീനിച്ചു. ചെറുപ്രായത്തില്‍ തന്നെ ആത്മീയ കാര്യങ്ങളിലും കുടുംബത്തില്‍ നിന്ന് അനുഭവിച്ചറിഞ്ഞ നല്ല ശീലങ്ങളിലും ഉത്സാഹം കാണിച്ചു. കൂടുതല്‍ കാലം കഴിയും മുമ്പ് പിതാവ് സയ്യിദ് മൂസാ(റ)യും വഫാത്തായി.
ഗുരുവിനെ തേടിയുള്ള യാത്ര
മാതാപിതാക്കളുടെ വിയോഗം തീര്‍ത്ത അനാഥത്വം മുഹമ്മദ് ഖാസിമിനെ വേദനിപ്പിച്ചത് സ്വാഭാവികം. പക്ഷേ, മാതാപിതാക്കളില്‍ നിന്നും കുടുംബ സാഹചര്യത്തില്‍ നിന്നും ലഭിച്ച ആത്മീയമായ പരിചരണവും അനുഭവങ്ങളും കുട്ടിക്കാലത്ത് തന്നെ സയ്യിദവര്കളില് സ്വാധീനം നേടിയിരുന്നു. അനാഥത്വത്തിന്റെ വേദനകള്‍ക്കിടയിലും അവ കൂടുതല്‍ സജീവമാവുകയായിരുന്നു. സാത്വികനായ പിതാവില്‍ നിന്ന് ലഭിച്ച ആത്മീയ പരിചരണത്തിന്റെ തുടര്‍ച്ചക്കും പൂര്‍ണതയ്ക്കും വേണ്ടി ദാഹിച്ച അദ്ദേഹം ഒരു ഗുരുവിനെ കണ്ടെത്തണമെന്ന മോഹത്തോടെ നാട്ടില്‍നിന്നും യാത്രയാരംഭിച്ചു, ഏതൊരാളുടെയും ജീവിത നിയോഗത്തെ നിശ്ചയിക്കുന്നത് അല്ലാഹുവാണല്ലോ. അത് പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുന്നവനും അവന് തന്നെ.
ശൈഖ് ജീലാനി(റ)യുടെ പൈതൃകവും മാതൃകയും ഏറ്റെടുത്ത് ദൗത്യനിര്‍വഹണം നടത്തുന്നതിനുള്ള നിയോഗമാണ് മുഹമ്മദ് ഖാസിം(റ)നുണ്ടായിരുന്നത് എന്നാണ് പില്ക്കാല ചരിത്രം നമ്മോട് പറയുന്നത്. ഗുരുവിനെ തേടിയുള്ള യാത്ര ദീര്‍ഘകാലം തുടര്‍ന്നു. വ്യത്യസ്ത നാടുകളിലൂടെ ദുര്‍ഘട പാതകളും അപായകരമായ പ്രദേശങ്ങളും പ്രയാസകരമായ രംഗങ്ങളും പിന്നിട്ടു. പക്ഷേ ലക്ഷ്യത്തിലേക്കെത്താന്‍ അവയൊന്നും തടസ്സമായില്ല. അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ യാത്ര തുടര്‍ന്നു.
മക്കയിലെ ഗുരുവര്യര്‍
ആ യാത്ര വിശുദ്ധ മക്കയിലെത്തി. പുണ്യങ്ങളുടെ പൂവനിലെത്തിയപ്പോള് മനം കുളിര്‍ത്തു. വിശുദ്ധ കഅ്ബാലയം, മസ്ജിദുല്‍ ഹറാം, പുണ്യം തേടിയെത്തിയ വിശ്വാസികള്‍ എല്ലാം ചേര്‍ന്നപ്പോള്‍ മുഹമ്മദ് ഖാസിം സന്തുഷ്ടനായി. അപ്പോഴും തനിക്കു മാര്‍ഗദര്‍ശനം ചെയ്യാന്‍ അനുയോജ്യനായ ഗുരുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ശൈഖ് സയ്യിദ് മുഹമ്മദ് രിഫാഈ(റ)യുടെ അടുത്തെത്തുന്നത്. ശൈഖിനൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ താമസിച്ച് പഠനവും സേവനവും നടത്തി. വിവിധ വിജ്ഞാനങ്ങളും ആത്മീയ പരിചരണവും സ്വായത്തമാക്കി. വളരെക്കാലം ശൈഖിനൊപ്പം കഴിഞ്ഞു.
ശൈഖുമൊത്തുള്ള ജീവിതം അദ്ദേഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ദിക്റുകളും വിര്‍ദുകളും മറ്റു അനുഷ്ഠാനങ്ങളും ഇജാസത്തോടു കൂടി നിര്‍വഹിച്ചു. താരതമ്യേന ചെറിയ പ്രായക്കാ രനായിരുന്നു മുഹമ്മദ് ഖാസിം. എങ്കിലും ഗുരു അദ്ദേഹത്തെ വളരെയേറെ ഇഷ്ടപ്പെട്ടു. ഉസ്താദിന്റെ ആത്മീയ സരണിയില്‍ ബൈഅത്തോട് കൂടി പ്രവേശിക്കാനുള്ള മോഹം മുഹമ്മദ് ഖാസിമില്‍ അനുദിനം ശക്തിപ്പെട്ടുകൊണ്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു നിയന്ത്രണ പരിധി ആവശ്യമാണ്. ഗുരുവിനെ പ്രത്യക്ഷമായി പിരിഞ്ഞാലും പരിചരണം നിലനില്‍ക്കുന്നതിന് ഉടമ്പടി അനിവാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. കുടുംബ പാരമ്പര്യവും പൈതൃകവും തനിക്ക് സമ്മാനിച്ച പ്രചോദനങ്ങളാണ് ഈ ചിന്തക്ക് കാരണമായത്. ഒരുനാള്‍ തന്റെ മോഹം ഗുരുവിന്റെ മുമ്പില്‍ അവതരിപ്പിച്ചു. മഹാ ഗുരുവിന്റെ അനുമതി വരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതീക്ഷയോടെ നാളുകള്‍ തള്ളിനീക്കി. ആത്മീയ പരിചരണത്തിനുള്ള അനുവാദം കൂടി ഗുരുവില്‍ നിന്ന് കിട്ടിയിട്ട് വേണം നാട്ടിലേക്കു തിരിക്കാനെന്ന് അദ്ദേഹം ഉറപ്പിച്ചു.
ഈ സന്ദര്‍ഭത്തില്‍ ഗുരുവും ശിഷ്യനെ അനുഗ്രഹിച്ച് ആശീര്‍വദിച്ചയക്കാന്‍ ആലോചിക്കുകയായിരുന്നു. ശിഷ്യന്റെ ആവശ്യവും ഗുരുവിന്റെ ആലോചനയും ഒരു ദിശയിലായി നീങ്ങി. മഹാഗുരു ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)വില്‍ നിന്ന് അനുമതി ലഭിക്കുന്നതിനായി ശൈഖ് മുഹമ്മദ് രിഫാഈ(റ) കാത്തുനില്ക്കുകയായിരുന്നു. മുഹമ്മദ് ഖാസിമിന്റെ യോഗ്യതയില്‍ അദ്ദേഹത്തിന് ഒട്ടും സംശയമുണ്ടായിരുന്നില്ല. നല്കുന്ന പാഠങ്ങള്‍ പഠിച്ചും പകര്‍ത്തിയും അനുസരണയുള്ള ശിഷ്യനും സേവകനുമായി കഴിഞ്ഞിരുന്ന മുഹമ്മദ് ഖാസിമിനോട് പ്രത്യേക വാത്സല്യവുമായിരുന്നു. അങ്ങനെയിരിക്കെ ഗുരു കാണുംവിധം ഒരത്ഭുതം സംഭവിച്ചു.
മഹാസാത്വികരുടെ ശ്രേണിയില്‍
മുഹമ്മദ് ഖാസിം വീട്ടില്‍ നിന്ന് എന്തോ ആവശ്യത്തിനായി പുറത്തിറങ്ങി. നല്ല വെയിലുള്ള സമയമായിരുന്നു അത്. മുഹമ്മദ് ഖാസിമിന് വെയിലു കൊള്ളാതിരിക്കാന്‍ വഴിയോരത്തെ വൃക്ഷങ്ങളെല്ലാം തണല്‍ വിരിച്ചുകൊടുക്കുന്നു. ഈ കാഴ്ച ഗുരുവില്‍ ശിഷ്യനെ കുറിച്ച് കൂടുതല്‍ മതിപ്പുളവാക്കി. ശിഷ്യന് നിയോഗം നിര്‍വഹിക്കാന്‍ സമയമായി എന്നദ്ദേഹം മനസ്സിലാക്കി. ഈ ചിന്തയില്‍ കഴിയവെ ഒരു രാത്രി ശൈഖ് മുഹമ്മദ് രിഫാഈ(റ) തന്റെ ആത്മീയ സരണിയുടെ മഹാഗുരു ശൈഖ് അബ്ദുല്‍ കബീര്‍ രിഫാഈ(റ) വിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു. ശൈഖ് പറഞ്ഞു: മുഹമ്മദ് ഖാസിം എന്റെ ആത്മീയ സന്തതിയാണ്, അദ്ദേഹത്തെ നമ്മുടെ സരണിയില്‍ ചേര്‍ക്കുക, ഉന്നതമായ പദവികളിലേക്ക് ഉയര്‍ത്തുക.
അതേ തുടര്‍ന്ന് മുഹമ്മദ് ഖാസിം(റ)വിന് ആത്മീയ സരണികളിലേക്കുള്ള പ്രവേശനവും പരിചരണങ്ങള്‍ക്കുള്ള സ്വതന്ത്രാനുമതിയും നല്കുകയുണ്ടായി. പ്രശസ്തമായ ഖാദിരിയ്യ, രിഫാഇയ്യ, ചിശ്തിയ്യ, സുഹ്റവര്‍ദിയ്യ എന്നീ നാല് ത്വരീഖത്തുകളും അദ്ദേഹത്തിന് ലഭിച്ചു. താരതമ്യേന ചെറുപ്രായത്തില്‍ തന്നെ ആത്മീയതയുടെ ഉന്നത മേഖലകള്‍ പ്രാപിച്ചു.
ഗുരുവിന്റെ ആശീര്‍വാദവും അനുഗ്രഹവും ഏറ്റുവാങ്ങിയ മുഹമ്മദ് ഖാസിം ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും സാത്വിക ശ്രേഷ്ഠരുടെ ശ്രേണിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇനി നാട്ടിലേക്ക് മടങ്ങണം. പൂര്‍വ പിതാക്കളുടെ കൈത്തിരി കത്തിച്ചു പിടിക്കണം. നാട്ടിലേക്ക് തിരിക്കാനായി ജിദ്ദ തീരത്തെത്തി. പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന ഒരു പായക്കപ്പല് കണ്ടു. അതിലൊരു സീറ്റ് തരപ്പെടുത്തി. കണ്ണൂര്‍ അറക്കല്‍ ആദിരാജയുടെ കപ്പലായിരുന്നു അത്. യാനം തുറമുഖം വിട്ടു.
പായക്കപ്പലില്‍ അത്ഭുതങ്ങള്‍
പായക്കപ്പലില്‍ തനിക്ക് അനുവദിക്കപ്പെട്ട സ്ഥലവും സൗകര്യവും ഉപയോഗപ്പെടുത്തി ഖാസിം(റ) ഇബാദത്തുകളിലും ഔറാദുകളിലും മുഴുകിക്കൊണ്ടിരുന്നു. ഭക്തിയും ആത്മീയതയും ഒത്തിണങ്ങിയ ഒരു സിദ്ധന് എന്ന നിലയില്‍ മാത്രമാണ് യാത്രികരും കപ്പല്‍ ജീവനക്കാരും അദ്ദേഹത്തെ കണ്ടത്. അതിനാല്‍ തന്നെ അത്യാവശ്യം സൗകര്യങ്ങള്‍ നല്കി എന്നതില്‍ കവിഞ്ഞ് വലിയ പരിഗണനയൊന്നും അവര്‍ നല്‍കിയില്ല. മാത്രമല്ല, അംഗശുദ്ധി വരുത്താനായി ശുദ്ധജലം ഉപയോഗിക്കാനും അവര്‍ തടസ്സം പിടിച്ചു. കാറ്റിലും കോളിലും പെട്ട് കരയണയാന്‍ താമസം നേരിട്ടപ്പോള്‍ കുടിവെള്ളം ദുര്‍ലഭമായി. വുളൂഇന് വെള്ളം നല്കാതിരിക്കാന് അവരൊരു കൗശലം പ്രയോഗിച്ചു. വെള്ളം ശേഖരിക്കുന്ന കൂജ അദ്ദേഹമറിയാതെ കടലിലെറിഞ്ഞു. പക്ഷേ, അദ്ദേഹത്തിന് ആവശ്യമുള്ള സമയത്ത് കൂജ സമീപത്തു തന്നെ കാണപ്പെട്ടു. ഇത് അവരെ അത്ഭുതപ്പെടുത്തി. അവസാനം അദ്ദേഹത്തിന്റെ മഹത്ത്വം അവര്‍ക്ക് ബോധ്യപ്പെട്ടു. വെള്ളം തീര്‍ന്നപ്പോള്‍ ശുദ്ധജലത്തിനായി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. അദ്ദേഹം പ്രാര്ത്ഥിച്ചയുടന് ആവശ്യത്തിലധികം ശുദ്ധജലം ലഭിച്ച. അപമര്യാദയായി പെരുമാറിയതിന് അദ്ദേഹത്തോട് മാപ്പ് ചോദിച്ചു. അങ്ങനെ കപ്പല്‍ കണ്ണൂരില്‍ തീരം തൊട്ടു.
യാത്രയില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും അത്ഭുതങ്ങളും ജീവനക്കാരും മറ്റും സുല്‍ത്താന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹമത് കാര്യമായെടുത്തില്ല. അപരിചിത നാട്ടിലെത്തിയ മുഹമ്മദ് ഖാസിം(റ) കുറച്ചു ദിവസങ്ങള്‍ പള്ളിയിലാണ് താമസിച്ചത്. ഈ താമസം തുടരുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നില്ല. നിയോഗം പൂര്‍ത്തീകരിക്കണമെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണം. അതിന് സുല്‍ത്താന്റെ സഹായവും പിന്തുണയും കൂടാതെ പറ്റില്ല. അതിന് രാജാവിന് തന്നെക്കുറിച്ച് മനസ്സിലാക്കാന്‍ ഉപകരിക്കുന്ന എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതിനായി ഖാസിം വലിയുല്ലാഹി ഒരു മാര്‍ഗം സ്വീകരിച്ചു.
പഞ്ഞിയിലെ തീക്കനലുകള്‍
രാജാവിന് ഒരത്ഭുത സമ്മാനം അദ്ദേഹം കൊടുത്തയച്ചു. തീക്കനലുകള്‍ പഞ്ഞിയില്‍ വെച്ച് തുണി കൊണ്ട് പൊതിഞ്ഞ് പെട്ടിയിലാക്കിയാണ് കൊട്ടാരത്തിലേക്ക് കൊടുത്തയച്ചത്. കടല്‍ കടന്ന് കണ്ണൂരിലെത്തി പള്ളിയില്‍ താമസിക്കുന്ന ശൈഖിന്റെ സമ്മാനപ്പൊതി ആകാംക്ഷയോടെ തുറന്നപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. എരിയുന്ന തീക്കനലാണെങ്കിലും പഞ്ഞിയോ തുണിയോ കത്തുന്നില്ല. ഇത് കണ്ട സുല്‍ത്താന്‍ ശൈഖിന്റെ മഹത്ത്വം മനസ്സിലാക്കുകയും പള്ളിയിലെത്തി മഹാനെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.
സുല്‍ത്താന്റെ സ്നേഹപൂര്‍വമുള്ള ക്ഷണം സ്വീകരിച്ച ശൈഖവര്‍കള്‍ ആദിരാജ അനുവദിച്ച വീട്ടില്‍ താമസമാക്കി. രാജമന്ദിരത്തിനടുത്തുള്ള പാലമാടം മാളിക വീടായിരുന്നു ഇത്.
കണ്ണൂരില്‍ നിന്ന് കല്പേനിയിലെ തീ അണച്ച അത്ഭുതവും ഇതിനിടെയുണ്ടായി. നിസ്കാരവും ഭക്ഷണവും സുല്‍ത്താനും ശൈഖവര്‍കളും ഒന്നിച്ചായിരുന്നു. ഒരിക്കല്‍ വുളൂഅ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അല്പം വെള്ളമെടുത്തു മൂന്നു തവണയായി മുകളിലേക്ക് ഒഴിച്ചു. ഇത് കണ്ട് രാജാവ് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞു: ദ്വീപില്‍ ഒരു ഭവനത്തിന് തീ പിടിച്ചിട്ടുണ്ട്. അത് അണക്കുകയായിരുന്നു.
നൂറുകണക്കിന് നാഴിക അകലെയുള്ള ദ്വീപിലെ തീയണക്കാന്‍ കണ്ണൂരില്‍ നിന്ന് വെള്ളം ഒഴിക്കുന്നത് വിസ്മയകരമാണല്ലോ. രാജാവ് ആ തീയതി കുറിച്ചുവെച്ചു. അല്പ നാളുകള്‍ക്ക് ശേഷം കല്പേനിയില് നിന്നു കുറച്ചാളുകള്‍ കണ്ണൂരിലെത്തി. കച്ചവട ചരക്കുമായി വന്ന അവര്‍ പാരിതോഷികങ്ങളുമായി രാജഭവനത്തിലുമെത്തി. ദ്വീപിലെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചപ്പോള്‍, കല്പേനി ദ്വീപിലെ അറക്കല്‍ കാര്യാലയത്തില്‍ തീ പിടുത്തമുണ്ടായതും പൊടുന്നനെ തെളിഞ്ഞ ആകാശത്ത് നിന്നും മൂന്ന് മേഘത്തുണ്ടുകള്‍ എത്തി അവിടെ മാത്രം മഴപെയ്തതും തീയണഞ്ഞ് അപകടം ഒഴിവായതും അവരറിയിച്ചു. സുല്ത്വാന് പരിശോധിച്ചപ്പോള്‍ യാത്രികര്‍ പറഞ്ഞ അത്ഭുതം നടന്നതും ഇവിടെ നിന്ന് ശൈഖ് വെള്ളം കുടഞ്ഞ തീയതിയും ഒന്നായിരുന്നു. അതോടെ സുല്ത്വാന് വലിയ സന്തോഷമായി. ദ്വീപിലെ തന്റെ അധികാരകേന്ദ്രം സുരക്ഷിതമായതോടൊപ്പം നാട്ടുകാരും രക്ഷപ്പെട്ടല്ലോ. അതോടെ രാജാവിന് ഖാസിം വലിയുല്ലാഹിയോടുള്ള മതിപ്പും ആദരവും വീണ്ടും വര്‍ധിച്ചു. ഉടനെ തന്നെ ഖാസിം വലിയുല്ലാഹിയുടെ ശിഷ്യത്വം സ്വീകരിച്ചു അറക്കല്‍ ആദിരാജ സുല്‍ത്താന്‍ മുഹമ്മദ് അലി, സഹോദരി ഉമ്മു ഹാനിയും വലിയുല്ലാഹിയുമായി ഉടമ്പടി ചെയ്തു. ഈ വാര്‍ത്ത നാട്ടില്‍ പരന്നതോടെ അറിഞ്ഞവര്‍ മഹാനുഭാവനെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ വാങ്ങിക്കൊണ്ടിരുന്നു.
ദ്വീപിലേക്ക്
അറക്കല്‍ രാജഭവനത്തിനടുത്തു കഴിയുന്നത് കൊണ്ട് ദ്വീപിലെ അറക്കല്‍ രാജവംശത്തിന്റെ അധികാര പ്രദേശത്തുനിന്നെത്തുന്നവരുമായി ബന്ധപ്പെടാന്‍ വലിയ്യുല്ലാഹിക്കവസരമുണ്ടായി. ദ്വീപ് ജനതയെ ആത്മീയമായി സംസ്കരിക്കുകയും മതപരമായി സമുദ്ധരിക്കുകയും ചെയ്യേണ്ട ആവശ്യകത ആ പ്രബോധകന് കൂടുതല്‍ ബോധ്യമായി. തന്റെ ഭരണപ്രദേശം മതപരമായി മെച്ചപ്പെട്ടതാവണമെന്ന് രാജാവിനും താല്പര്യമുണ്ടായിരുന്നു. രാജാവിന്റെ കൂടി താല്പര്യം കണക്കിലെടുത്ത് ശൈഖ് കല്പേനി ദ്വീപിലേക്ക് പോകാനുറച്ചു. നാട്ടുകാരും രാജകുടുംബാംഗങ്ങളും അദ്ദേഹത്തിന് യാത്രയയപ്പ് നല്കി.
കല്‍പേനിയിലേക്ക് സുല്‍ത്വാന്റെ സന്ദേശം പോയി. ദ്വീപ് സമൂഹത്തില്‍ മതപ്രബോധനത്തിനും ആത്മീയ നേതൃത്വം നല്‍കുന്നതിനും സയ്യിദ് മുഹമ്മദ് ഖാസിം(റ) എന്ന മഹാന് വരുന്നുണ്ടെന്നും ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കണമെന്നുമായിരുന്നു ഉത്തരവ്. കല്പേനി ദ്വീപിലെ രാജപ്രതിനിധികള്‍ ദ്വീപിലെത്തിയ ശൈഖവര്‍കളെ ആദരപൂര്‍വം സ്വീകരിച്ച് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ഹുജ്റത്ത് പള്ളി എന്ന പേരില്‍ ഒരു കേന്ദ്രം പണികഴിപ്പിച്ച് സംസ്കരണ-പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മഹാന് ചുക്കാന്‍ പിടിച്ചു. ജനങ്ങളുടെ വീഴ്ചകള്‍ തിരുത്തി നേരായ മാര്‍ഗത്തിലേക്ക് നയിച്ചു. അവരില്‍ ഇലാഹീ ഭക്തിയും വിശ്വാസദാര്‍ഢ്യവും രൂഢമാക്കി.
ദ്വീപുകളിലെ പ്രബോധന സഞ്ചാരം
അല്പ കാലം കഴിഞ്ഞ് കല്പേനി പള്ളിയില്‍ പ്രതിനിധിയെ നിശ്ചയിച്ച് അദ്ദേഹം കവരത്തിയിലേക്ക് പോയി. കവരത്തിക്കാര്‍ ശൈഖവര്‍കളെ ആദരപുരസ്സരം സ്വീകരിച്ചു. ഉപദേശങ്ങള്‍ കേള്‍ക്കാനും അനുഗ്രഹങ്ങള്‍ നേടാനും ആഗ്രഹങ്ങള്‍ സഫലമാകാനും അദ്ദേഹത്തെ നിരന്തരം സമീപിച്ചുകൊണ്ടിരുന്നു. അവിടെയും ഒരു പള്ളി നിര്‍മിച്ചു
ഹുജ്റത്ത് പള്ളി എന്നാണ് ഇതും അറിയപ്പെടുന്നത്. മനോഹരമായ നിര്മിതിയായണിത്. തുടര്‍ന്ന് അഗത്തി, ആന്ത്രോത്ത്, കില്‍ത്താന്‍ തുടങ്ങിയ ദ്വീപുകളിലും പ്രബോധനാവശ്യാര്‍ത്ഥം സഞ്ചരിച്ചു. അല്പകാലത്തിനു ശേഷം കവരത്തിയില്‍ തിരിച്ചെത്തുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു.
ആന്ത്രോത്ത് ദ്വീപിലെ കുലീന തറവാട്ടില്‍ നിന്ന് ആഇശ ബീവി എന്നവരെ ശൈഖ് വിവാഹം ചെയ്യുകയുണ്ടായി. ഈ ദാമ്പത്യവല്ലരിയില്‍ ഇസ്ലാമിക സമൂഹത്തിന് വലിയ ഉപകാരം ലഭിച്ച മഹാന്മാരായ സന്തതികള്‍ പിറന്നു. ആണ്‍മക്കളെല്ലാവരും ദ്വീപുകളില്‍ ആത്മീയ നായകത്വം വഹിച്ചവരാണ്. ഇതില്‍ സയ്യിദ് അബൂ സ്വാലിഹ് എന്നവരുടെ പുത്രന് സയ്യിദ് ഖാസിമുല്‍ കവരത്തി പരപ്പനങ്ങാടിയിലെത്തിയതു മുതല്‍ ഈ പരമ്പരയിലൂടെയുള്ള ജീലാനീ സാദാത്തുക്കള്‍ കേരളത്തിനും വെളിച്ചമേകിത്തുടങ്ങി. സയ്യിദ് യൂസുഫുല്‍ ജീലാനീ വൈലത്തൂര്‍(ന.മ) അദ്ദേഹത്തിന്റെ നാലാം തലമുറയില്‍ പെട്ടവരാണ്.
കാക്കകളില്ല, പ്രസവവേദനയും
ഖാസിം വലിയുല്ലാഹിയുടെ ആത്മീയ സേവന ജീവിത വഴിയില്‍ ആവശ്യമായി വന്ന ഘട്ടങ്ങളില്‍ അനേകം അത്ഭുത സംഭവങ്ങള്‍ ഉണ്ടായതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ദ്വീപുവാസികള്‍ക്ക് മാത്രമല്ല ശൈഖവര്‍കളെ അറിഞ്ഞവലംബിക്കുന്നവര്ക്കെല്ലാം ബറകതും സഹായവും ലഭിച്ചുകൊണ്ടിരുന്നു. ഇതു സംബന്ധമായ അനുഭവ വിവരണങ്ങള്‍ ഏറെ പ്രസിദ്ധമാണ്.
കവരത്തി ദ്വീപില്‍ കാക്കകളെ കാണാനാവില്ല. അതിന്റെ കാരണം ഇതാണ്: ഒരു ദിവസം ഖാസിം വലിയ്യുല്ലാഹി(റ) നിസ്കാരത്തിനു വേണ്ടി തയ്യാറെടുക്കുമ്പോള്‍ തലപ്പാവിലേക്ക് ഒരു കാക്ക കാഷ്ഠിക്കുകയുണ്ടായി. നിസ്കാരത്തിന് താമസമുണ്ടാകും വിധത്തില്‍ നടന്ന ഇത് മഹാനവര്‍കള്‍ക്ക് മന:പ്രയാസമുണ്ടാക്കി. അപ്പോള്‍ ഈ നാട്ടില്‍ ഇനി കാക്ക ശല്യം വേണ്ട എന്ന പ്രഖ്യാപനത്തോടെയാണ് കവരത്തിയില്‍ കാക്കകളില്ലാതായത് എന്നാണ് ചരിത്രം.
ഇതിനെക്കാള്‍ അത്ഭുതകരമാണ് കവരത്തി ദ്വീപില്‍ സ്ത്രീകള്‍ക്ക് പ്രസവവേദന അനുഭവപ്പെടാറില്ല എന്നത്. പ്രസവ വേദന കൊണ്ട് പ്രയാസപ്പെടുന്ന ഒരു സ്ത്രീയുടെ കരച്ചില് കേള്‍ക്കാനിട വന്നപ്പോള്‍, ഇനി ഇവിടെ പ്രസവവേദന വേണ്ട എന്ന പ്രസ്താവനയാണ് ഇതിന് കാരണം. ശൈഖവര്‍കള്‍ നിര്‍ദേശിച്ച ചില വളാഇഫുകള്‍ പൂര്‍ത്തിയാക്കണമെന്ന് മാത്രം. നമ്മുടെ നാടുകളിലേക്ക് കവരത്തിയില്‍ നിന്ന് ശൈഖിന്റെ മഖ്ബറയില് നിന്നുള്ള ബറകത് വെള്ളം കൊണ്ടുവരികയും പ്രസവ വേദന അനുഭവിക്കുന്ന സമയത്ത് സ്ത്രീകള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ധന്യമായ ജീവിതം കൊണ്ട് സമൂഹത്തിന് അത്താണിയും ആത്മീയമായ കരുതലും കാവലുമായ മഹാന് ഹിജ്റ 1140 മുഹര്‍റം 10 ചൊവ്വാഴ്ച ളുഹ്റിനു മുമ്പായി ഇഹലോകവാസം വെടിഞ്ഞു. ആത്മീയതയും ആശ്വാസവും പകര്‍ന്ന് ഇന്നും മഹാനവര്കള് ജനമനസ്സുകളില്‍ ജീവിക്കുന്നു.